by webdesk1 on | 28-09-2024 08:38:47
കണ്ണൂര്‍: കൂത്തുപറമ്പ് പോലീസ് വെടിവയ്പിലെ സമരനായകന്‍ പുഷ്പന്‍ (53) അന്തരിച്ചു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ഉച്ചയ്ക്കു ശേഷം മൂന്നരയോടെയായിരുന്നു അന്ത്യം. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ജൂലൈ 31ന് പുഷ്പനെ തലശേരി സഹകരണ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടാകാതിരുന്നതിനാല്‍ പിന്നീട് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം.
1994 നവംബര്‍ 25 ന്, യു.ഡി.എഫ് സര്‍ക്കാരിന്റെ സ്വാശ്രയ വിദ്യാഭ്യാസ നയത്തില്‍ പ്രതിഷേധിച്ച് മന്ത്രി എം.വി. രാഘവനെതിരെ കൂത്തുപറമ്പില്‍ കരിങ്കൊടി കാട്ടിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ പോലീസ് വെടിവയ്പിലാണ് പുഷ്പനു പരുക്കേറ്റത്. നട്ടെല്ലിനു പരുക്കേറ്റ് കഴുത്തിനു താഴെ തളര്‍ന്ന് കിടപ്പിലായിരുന്നു പുഷ്പന്‍.
കൂത്തുപറമ്പ് നരവൂരിലെ റോഷന്‍, കോടിയേരിയിലെ മധു, കുണ്ടുചിറയിലെ ബാബു, അരയാക്കൂലിലെ ഷിബുലാല്‍, പാനൂരിലെ രാജീവന്‍ എന്നീ അഞ്ചു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വെടിയേറ്റു മരിച്ചു. ചൊക്ലി പുതുക്കുടി പുഷ്പനും വെടിയേറ്റു. പുഷ്പന്റെ കഴുത്തില്‍ തറച്ച വെടിയുണ്ട പിറകിലൂടെ പുറത്തെത്തിയത് സുഷുമ്‌ന നാഡിക്കു ക്ഷതമേല്‍പിച്ചായിരുന്നു. അന്നു മുതല്‍ ചലനമറ്റു കിടക്കയിലായി പുഷ്പന്‍.
മേനപ്രത്തെ പുഷ്പന്റെ വീട് സി.പ.ിഎം നേതാക്കളുടെയും പ്രവര്‍ത്തകരുടെയും രാഷ്ട്രീയ തീര്‍ഥാടന കേന്ദ്രമായി. പാര്‍ട്ടിയുടെ സംസ്ഥാന നേതൃനിരയില്‍, പുഷ്പന്റെ വീടു സന്ദര്‍ശിക്കാത്തവര്‍ ചുരുക്കമാണ്. മുഖ്യമന്ത്രിമാരടക്കം പാര്‍ട്ടി ചുമതലയിലെത്തുന്നവര്‍ പുഷ്പനെ സന്ദര്‍ശിക്കുക പതിവാണ്.
പുഷ്പന്റെ തറവാട് വീടിനു സമീപം ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി വീടുവച്ചു നല്‍കി. കോഴിക്കോട് മെഡിക്കല്‍ കോളജിലെ പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ മേല്‍ നോട്ടത്തില്‍ പാര്‍ട്ടി ചികിത്സാ സംവിധാനം ഒരുക്കി. പരിചരിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരുണ്ടായിരുന്നു. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായപ്പോള്‍ പുഷ്പന്റെ സഹോദരന്‍ പ്രകാശന് റവന്യൂ വകുപ്പില്‍ ജോലി നല്‍കി.