News International

ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഹിസ്ബുല്ലയുടെ മേധാവി ഹസന്‍ നസ്‌റുള്ള കൊല്ലപ്പെട്ടു; പുതിയ യുദ്ധമുഖം തുറന്ന് ഇസ്രായേലും ഹിസ്ബുള്ളയും; ഹിസ്ബുള്ളയുടെ തലപ്പത്ത് ഇനി ആര്?

Axenews | ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഹിസ്ബുല്ലയുടെ മേധാവി ഹസന്‍ നസ്‌റുള്ള കൊല്ലപ്പെട്ടു; പുതിയ യുദ്ധമുഖം തുറന്ന് ഇസ്രായേലും ഹിസ്ബുള്ളയും; ഹിസ്ബുള്ളയുടെ തലപ്പത്ത് ഇനി ആര്?

by webdesk1 on | 28-09-2024 08:58:39 Last Updated by webdesk1

Share: Share on WhatsApp Visits: 40


ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഹിസ്ബുല്ലയുടെ മേധാവി ഹസന്‍ നസ്‌റുള്ള കൊല്ലപ്പെട്ടു; പുതിയ യുദ്ധമുഖം തുറന്ന് ഇസ്രായേലും ഹിസ്ബുള്ളയും; ഹിസ്ബുള്ളയുടെ തലപ്പത്ത് ഇനി ആര്?


ന്യൂയോര്‍ക്ക്: ലബനനിലെ സായുധ സംഘമായ ഹിസ്ബുള്ളയുടെ മേധാവി ഹസന്‍ നസ്‌റുള്ള ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. നസ്‌റുള്ളയെ വധിച്ചതായുള്ള ഇസ്രായേല്‍ അവകാശവാദം ഹിസ്ബുള്ള ശരിവച്ചതോടെ പുതിയ തലത്തിലേക്ക് യുദ്ധമുഖം തുറന്നിരിക്കുകയാണ്. നസ്റുള്ള സഹരക്തസാക്ഷികള്‍ക്കൊപ്പം ചേര്‍ന്നെന്നും ശത്രുക്കള്‍ക്കെതിരായ പോരാട്ടം തുടരുമെന്നും ഹിസ്ബുള്ള വ്യക്തമാക്കി.  

സമൂഹ മാധ്യമമായ എക്സിലൂടെയാണ് ഇസ്രയേലി സൈന്യം കൊലപാതകവിവരം പുറംലോകത്തെ അറിയിച്ചത്. `ലോകത്തെ ഭീകരവാദവല്‍ക്കരിക്കാന്‍ ഇനി ഹസന്‍ നസറുള്ളയ്ക്ക് സാധിക്കില്ല` എന്നായിരുന്നു ഇസ്രയേല്‍ സൈന്യത്തിന്റെ ട്വീറ്റ്. ലെബനനില്‍, പ്രത്യേകിച്ച് ഷിയാ അനുയായികള്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള ആളായിരുന്നു നസറുള്ള. യുദ്ധം ചെയ്യാനോ സമാധാനം സ്ഥാപിക്കാനോ കഴിവുള്ള ഏക വ്യക്തിയായാണ് നസറുള്ളയെ കരുതുന്നത്.

വടക്കന്‍ ഇസ്രയേലിലേക്ക് റോക്കറ്റുകള്‍ വിക്ഷേപിച്ചതിന്റെ ഉത്തരവാദിത്വം ഹിസ്ബുള്ള ഏറ്റെടുത്ത് മണിക്കൂറുകള്‍ക്കുശേഷമാണ് പ്രതികാര ആക്രമണങ്ങളുടെ തരംഗമുണ്ടായത്. ഹസന്‍ നസ്‌റുള്ളയെ ലക്ഷ്യമിട്ടു തെക്കന്‍ ബെയ്‌റൂട്ടിലെ ദഹിയയില്‍ ഇന്നലെ ഇസ്രയേല്‍ കനത്ത മിസൈല്‍ ആക്രമണം നടത്തിയിരുന്നു. വന്‍സ്‌ഫോടനങ്ങളോടെ നാല് കെട്ടിടസമുച്ചയങ്ങള്‍ തകര്‍ന്നടിഞ്ഞു. ഹിസ്ബുള്ളയുടെ സെന്‍ട്രല്‍ കമാന്‍ഡ് ആസ്ഥാനം ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി.

നസ്റുള്ളയുടെ കൊലപാതകത്തിനു പിന്നാലെ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ അതിസുരക്ഷ മേഖലയിലേക്ക് മാറ്റി. കൂടാതെ, ഇറാന്‍ മൂന്നു ദിവസത്തെ ദു:ഖാചാരണവും പ്രഖ്യാപിച്ചിട്ടുണ്ട്.

നസ്റുള്ളയുടെ മരണത്തോടെ ഹിസ്ബുള്ളയെ ഇനി ആരു നയിക്കുമെന്നാണ് മുന്നിലുള്ള ചോദ്യം. നസ്‌റള്ളയുടെ കൊലപാതകം ലബനന്‍ സായുധ സംഘടനയില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളത്. നസ്‌റുള്ളയ്ക്ക് പുറമെ ഹിസ്ബുള്ള ഭരണനേതൃത്വത്തിലെ പ്രധാനികളായ പത്തോളം പേരെയും ഇസ്രയേല്‍ തുടച്ചുനീക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇനിയാരാകും ഹിസ്ബുള്ളയെ നയിക്കുക എന്നതാണ് ചോദ്യം.

നസ്‌റുള്ളയുടെ സ്ഥാനത്തേക്ക് ഹാഷിം സഫിയെദ്ദീന്‍ വരാനാണ് കൂടുതല്‍ സാധ്യതയെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ പറയുന്നു. നസ്റള്ളയുടെ ബന്ധുവും ഹിസ്ബുള്ള എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ മേധാവിയുമാണ് സഫിയെദ്ദീന്‍. ഹിസ്ബുല്ലയുടെ രാഷ്ട്രീയസാമ്പത്തിക കാര്യങ്ങളില്‍ നിര്‍ണായക പങ്കു വഹിക്കുന്നയാളാണ് സഫിയെദ്ദീന്‍. 1964ല്‍ ജനിച്ച ഇദ്ദേഹം ഇറാനുമായും അടുത്ത ബന്ധം പുലര്‍ത്തുന്നതിനാല്‍ അവര്‍ക്കും സ്വീകാര്യനാകും.

ഇറാന്‍ മതനേതാക്കളുടെ പഠനകേന്ദ്രമായ ഖോമില്‍ തന്നെയായിരുന്നു സഫിയെദ്ദീന്റെ മതപഠനവും. മാത്രമല്ല ഇറാന്റെ കൊല്ലപ്പെട്ട മുന്‍ സൈനിക മേധാവി ഖാസിം സുലൈമാനിയുടെ മകളെയാണ് സഫിയെദ്ദീന്റെ മകന്‍ റിദ വിവാഹം ചെയ്തിട്ടുള്ളത്. 2017ല്‍ യുഎസ് ഭീകരരുടെ പട്ടികയില്‍ സഫിയെദ്ദീനെയും ഉള്‍പ്പെടുത്തിയിരുന്നു. സൗദി അറേബ്യയും സഫിയെദ്ദീന് നേരത്തെ ഉപരോധമേര്‍പ്പെടുത്തിയിരുന്നു.

ഹമാസുമായുള്ള ആക്രമണം ആരംഭിച്ച 2023 ഒക്ടോബര്‍ 7 കഴിഞ്ഞ് തൊട്ടടുത്ത ദിവസം ഒക്ടോബര്‍ എട്ടിനാണ് ഇസ്രയേല്‍ ഹിസ്ബുള്ളയുമായുള്ള ഏറ്റുമുട്ടല്‍ ആരംഭിക്കുന്നത്. ലെബനനില്‍ ഹിസ്ബുള്ള പ്രവര്‍ത്തകരുടെ പേജറുകളിലും വാക്കി ടോക്കിയിലും സ്ഫോടക വസ്തുക്കള്‍ ഒളിച്ചുകടത്തി നടത്തിയ ആക്രമണത്തില്‍ ഏകദേശം 20 പേര്‍ മരിച്ചിരുന്നു. ശേഷം അറുന്നൂറിലധികം ആളുകള്‍ കൊല്ലപ്പെട്ട ആക്രമണം വീണ്ടും സംഭവിച്ചു.


Share:

Search

Popular News
Top Trending

Leave a Comment