by webdesk1 on | 29-09-2024 07:39:31 Last Updated by webdesk1
ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിയിലെ ജേതാക്കളെ നിശ്ചയിച്ചതു സംബന്ധിച്ചു തര്‍ക്കം. വള്ളംകളി ഫലത്തിനെതിരെ രണ്ടാം സ്ഥാനക്കാരായ വീയപുരം ചുണ്ടന്റെ തുഴച്ചില്‍ക്കാരായ കൈനകരി വില്ലേജ് ബോട്ട് ക്ലബ് പരാതിയുമായെത്തി. പ്രതിഷേധിച്ച തുഴച്ചില്‍ക്കാരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി.
പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടനാണു ഒന്നാമതെത്തിയത്. 0.5 മൈക്രോസെക്കന്‍ഡിന്റെ വ്യത്യാസത്തിലാണ് കാരിച്ചാല്‍ ഒന്നാമതെത്തിയത്. ഇലക്ട്രോണിക് സംവിധാനത്തിലാണു ജേതാക്കളെ നിശ്ചയിച്ചത്. കലക്ടറുടെ നേതൃത്വത്തില്‍ പരാതി പരിശോധിച്ചു കാരിച്ചാല്‍ തന്നെ വിജയിയെന്നു പ്രഖ്യാപിച്ചു.
സമാപന ചടങ്ങിനു ശേഷമാണ് കൈനകരി വില്ലേജ് ബോട്ട് ക്ലബിന്റെ നേതൃത്വത്തില്‍ നെഹ്‌റു പവിലിയനില്‍ തര്‍ക്കമുണ്ടായത്. സമ്മാന വിതരണം കഴിഞ്ഞ് വള്ളംകളി സംഘാടകരും മറ്റു ക്ലബ്ബുകളും പിരിഞ്ഞു പോയെങ്കിലും വി.ബി.സി ടീമംഗങ്ങളും ഭാരവാഹികളും നെഹ്‌റു പവലിയനില്‍ തന്നെ തുടര്‍ന്നു. പോലീസ് ബലം പ്രയോഗിച്ചാണ് ഇവരെ നീക്കം ചെയ്തത്. മര്‍ദ്ദനത്തില്‍ പരുക്കേറ്റവര്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
70-ാമത് നെഹ്റു ട്രോഫി വള്ളംകളിയില്‍ വാശിയേറിയ പോരാട്ടത്തില്‍ ഫോട്ടോഫിനിഷിലായിരുന്നു പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ കാരിച്ചാല്‍ ചുണ്ടന്‍ ജലരാജാക്കന്മാരായത്. തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും പൊന്‍ കിരീടം സ്വന്തമാക്കി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് ചരിത്രമെഴുതുകയായിരുന്നു.
വൈകിട്ട് 3.24ഓടെയാണ് ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരം ആരംഭിച്ചത്. വൈകിട്ടാണ് ജലരാജക്കന്മാരെ കണ്ടെത്താനുള്ള ഫൈനല്‍ മത്സരം നടന്നത്. അഞ്ച് ഹീറ്റ്സ് മത്സരങ്ങളിലായി 19 ചുണ്ടന്‍ വള്ളങ്ങളാണ് മാറ്റുരച്ചു. ഹീറ്റ്സ് മത്സരത്തില്‍ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഫിനിഷ് ചെയ്ത നാലു ടീമുകളാണ് ഫൈനലിന് യോഗ്യത നേടിയത്. കാരിച്ചാല്‍ (4:14:35), വിയപുരം (4:22:58), നിരണം (4:23:00), നടുഭാഗം (4:23:31) എന്നീ ചുണ്ടന്‍ വള്ളങ്ങളാണ് ഫൈനലില്‍ മത്സരിച്ചത്.
ഹീറ്റ്സ് ഒന്നില്‍ പായിപ്പാടന്‍ നമ്പര്‍ 2, ആലപ്പാടന്‍, ആയാപ്പറമ്പ്, ആനാരി എന്നീ ചുണ്ടന്‍ വള്ളങ്ങളാണ് മത്സരിച്ചു. രണ്ടാം ഹീറ്റ്സില്‍ ശ്രീവിനായകന്‍, ചമ്പക്കുളം, സെന്റ് ജോര്‍ജ്, ജവഹര്‍ തായങ്കരി എന്നീ ചുണ്ടന്‍ വള്ളങ്ങളും മത്സരിച്ചു. ഹീറ്റ്സ് മൂന്നില്‍ ചെറുതന, തലവടി, സെന്റ് പയസ് ടെന്‍ത്, പായിപ്പാടന്‍ ചുണ്ടനുകളും ഹീറ്റ്സ് നാലില്‍ നിരണം, വിയപുരം, നടുഭാഗം, കരുവാറ്റ ചുണ്ടനുകളും ഹീറ്റ്സ് അഞ്ചില്‍ വലിയ ദിവാന്‍ജി, മേല്‍പ്പാടം, കാരിച്ചാല്‍ ചുണ്ടനുകളും മത്സരിച്ചു.
വയനാട് ദുരന്തത്തെ തുടര്‍ന്ന് ആണ് മാറ്റിവെച്ച 70-ാമത് നെഹ്റു ട്രോഫി വള്ളംകളി മത്സരമാണ് ഇന്ന് നടന്നത്. ഓഗസ്റ്റ് 10ന് നടക്കേണ്ട വള്ളംകളിയാണ് ഒന്നര മാസത്തോളം വൈകി നടത്തിയത്. 19 ചുണ്ടന്‍ വള്ളങ്ങള്‍ അടക്കം 72 കളിവള്ളങ്ങളാണ് മത്സരത്തില്‍ പങ്കെടുത്തത്. രാവിലെ പതിനൊന്നു മണി മുതല്‍ ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരം നടന്നു. ഉച്ചക്കുശേഷമാണ് ചുണ്ടന്‍ വള്ളങ്ങളുടെ മത്സരങ്ങള്‍നടന്നത്.