by webdesk1 on | 29-09-2024 08:46:51
നിലമ്പൂര്‍: സി.പി.എമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായി വിമര്‍ശിച്ച പി.വി അന്‍വര്‍ എം.എല്‍.എയെ പിന്തുണച്ച് ജന്മനാട്ടില്‍ ഫ്‌ളക്‌സ് ബോര്‍ഡ്. അന്‍വറിന്റെ ഒതായിയിലെ വീടിന് മുമ്പിലാണ് ഇന്ന് രാവിലെ ഫ്‌ളക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. അന്‍വര്‍ വിപ്ലവ സൂര്യന്‍ എന്നും കൊല്ലാം പക്ഷെ തോല്‍പിക്കാനാവില്ലെന്നും ഫ്‌ലക്‌സില്‍ പറയുന്നു. ടൗണ്‍ ബോയ്‌സ് ആര്‍മിയുടെ പേരിലാണ് ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളത്.
സൂര്യന്‍ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ ഐതിഹാസിക പോരാട്ടങ്ങളിലൂടെ മലപ്പുറത്തിന്റെ മണ്ണില്‍ വീരചരിതം രചിച്ച പുത്തന്‍ തറവാട്ടിലെ, പൂര്‍വികര്‍ പകര്‍ന്നു നല്‍കിയ കലര്‍പ്പില്ലാത്ത പോരാട്ടവീര്യം സിരകളില്‍ ആവാഹിച്ച്... ഇരുള്‍ മൂടിയ കേരള രാഷ്ട്രീയ ഭൂമികയുടെ ആകാശത്തിലേക്ക്... ജനലക്ഷങ്ങള്‍ക്ക് പ്രതീക്ഷയുടെ പൊന്‍ കിരണങ്ങള്‍ സമ്മാനിച്ച് കൊണ്ട്... വിപ്ലവ സൂര്യനായി മലപ്പുറത്തിന്റെ മണ്ണില്‍ നിന്നും ജ്വലിച്ചുയര്‍ന്ന പി.വി. അന്‍വറിന് ജന്മനാടിന്റെ അഭിവാദ്യങ്ങള്‍.-എന്നാണ് ഫ്‌ളക്‌സ് ബോര്‍ഡില്‍ പറയുന്നത്.
കഴിഞ്ഞ ദിവസം അന്‍വറിനെ പിന്തുണച്ച് മലപ്പുറം ടൗണില്‍ ഫ്‌ളക്‌സ് ബോര്‍ഡ് ഉയര്‍ന്നിരുന്നു. മലപ്പുറം തുവൂരില്‍ അന്‍വറിന് അഭിവാദ്യമര്‍പ്പിച്ച് ലീഡര്‍ കെ.കരുണാകരന്‍ ഫൗണ്ടേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ പേരിലും ഫ്‌ളക്‌സ് ബോര്‍ഡ് ഉയര്‍ന്നു. പി.വി. അന്‍വറിന് അഭിവാദ്യങ്ങള്‍ എന്നാണ് ഫ്‌ളക്‌സില്‍ കുറിച്ചിട്ടുള്ളത്.
അന്‍വറിനെതിരെ സി.പി.എമ്മിന്റെ ഫ്‌ളക്‌സ് ബോര്‍ഡ് കഴിഞ്ഞ ദിവസമാണ് പ്രത്യക്ഷപ്പെട്ടത്. അന്‍വറിന്റെ നിലമ്പൂരിലെ വീടിന് മുന്നിലാണ് ഒതായി ബ്രാഞ്ച് കമ്മിറ്റിയുടെ പേരില്‍ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്. വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട, ഇത് പാര്‍ട്ടി വെറെയാണ് എന്നാണ് പിണറായി വിജയന്റെയും എം.വി ഗോവിന്ദന്റെയും ചിത്രമുള്ള ബോര്‍ഡില്‍ കുറിച്ചിരുന്നത്.
ഫ്‌ളക്‌സ് വെച്ചിരിക്കുന്നത് ഞങ്ങളുടെ സ്ഥലത്ത് തന്നെയാണെന്നും വീടിന് മുമ്പില്‍ റോഡ് വീതി കുറവായത് കൊണ്ട് വെക്കട്ടേയെന്ന് ചോദിച്ചപ്പോള്‍ അനുവദിച്ചെന്നുമായിരുന്നു അന്‍വറിന്റെ പ്രതികരണം. ഇന്ന് ബഹുജന സമ്മേളനം നിലമ്പൂരില്‍ നടത്താനിരിക്കെയാണ് ഫ്‌ളെക്‌സ് ബോര്‍ഡ് ഉയര്‍ന്നത്.