by webdesk1 on | 30-09-2024 08:04:41 Last Updated by webdesk1
ന്യൂഡല്‍ഹി: ചികിത്സിച്ച് ഭേദമാക്കാനാവാത്ത രോഗബാധിതരായി ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികള്‍ക്ക് സ്വന്തം താല്‍പര്യപ്രകാരമോ അവരുടെ ബന്ധുക്കളുടെയോ അനുമതിയോടെയുള്ള നിഷ്‌ക്രിയ ദയാവധം അനുവദിക്കുന്നതില്‍ ഡോക്ടര്‍മാര്‍ക്ക് ഉചിതമായ തീരുമാനമെടുക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍.
ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ കരട് പെരുമാറ്റച്ചട്ടങ്ങളിലാണ് ഇത്തരമൊരു വ്യവസ്ഥ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കരടിന്മേല്‍ ആരോഗ്യമേഖലയില്‍ നിന്നുള്ളവരടക്കം ഒക്ടോബര്‍ ഇരുപതിനകം അഭിപ്രായമറിയിക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു. ജീവിതത്തിലേക്ക് ഇനിയൊരിക്കലും തിരിച്ചുവരാത്ത വിധം സമീപ ഭാവിയില്‍ മരണം ഉറപ്പായ രോഗാവസ്ഥയെയാണ് മാറാരോഗമായി കരട് രേഖയില്‍ നിര്‍വചിച്ചിരിക്കുന്നത്.
72 മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷവും പുരോഗതി കാണിക്കാത്ത വിധത്തിലുള്ള മസ്തിഷ്‌കാഘാതത്തെയും ഇതിന്റെ പരിധിയിലുള്‍പ്പെടുത്തിയിട്ടുണ്ട്. അതിഗുരുതര രോഗാവസ്ഥയില്‍ ഇത്തരം ജീവന്‍രക്ഷാ സംവിധാനങ്ങള്‍ പലപ്പോഴും പ്രയോജനകരമല്ലാത്തതും രോഗികള്‍ക്ക് ബാധ്യത സൃഷ്ടിക്കുന്നതുമാണ്. അതുകൊണ്ട് തന്നെ ദയാവധം അനുയോജ്യമാണെന്നാണ് മന്ത്രാലയത്തിന്റെ നിഗമനം.
ജീവന്‍രക്ഷാ സംവിധാനം കൊണ്ട് രോഗിക്ക് പ്രയോജനവുമുണ്ടാകാതിരിക്കുകയും അത് രോഗിയുടെ അന്തസിനെ ഹനിക്കുന്ന തരത്തില്‍ വേദനയായി മാറുകയും ചെയ്താല്‍ രോഗിയുടെ താല്‍പര്യാര്‍ഥം ജീവന്‍ രക്ഷാ സംവിധാനം ഡോക്ടര്‍ക്ക് പിന്‍വലിക്കാം. ഒരാള്‍ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചാലോ, ഏറ്റവും തീവ്രമായ ചികിത്സകൊണ്ട് ഫലമില്ലാത്താവിധം രോഗാവസ്ഥ മൂര്‍ച്ഛിച്ചാലോ, ഈയൊരവസ്ഥ തിരിച്ചറിഞ്ഞ് രോഗിയോ ബന്ധുവോ സമ്മതമറിയിച്ചാലോ ദയാവധമാകാമെന്നും കരട് നിര്‍ദേശത്തില്‍ പറയുന്നു.