by webdesk1 on | 02-10-2024 07:15:14 Last Updated by webdesk1
കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് പുഴയില്‍ മുങ്ങി മരിച്ച അര്‍ജുന്റെ ലോറി ഉടമ മനാഫിനെതിരെ ഗുരുതര ആരോപണവുമായി അര്‍ജുന്റെ കുടുംബം. കുടുംബത്തിന്റെ വൈകാരികത ചൂഷണം ചെയ്യുകയാണെന്നും അസത്യങ്ങള്‍ പ്രചരിപ്പിച്ച് തന്റെ യൂട്യൂബ് ചാനലില്‍ വ്യൂവേഴ്‌സിനെ കൂട്ടാനാണ് മനാഫ് ശ്രമിച്ചതെന്നും കുടുംബം ആരോപിച്ചു.
75,000 രൂപ വരെ അര്‍ജുന് ശമ്പളമുണ്ടെന്ന് മനാഫ് പറഞ്ഞത് പച്ചക്കള്ളമാണ്. അത്രയും ശമ്പളം ഉണ്ടായിട്ടും അതൊന്നിനും തികയില്ലായിരുന്നുവെന്നും കുട്ടികള്‍ക്ക് സ്‌കൂള്‍ ഫീസ് നല്‍കാനും വീട്ടിലെ ആവശ്യങ്ങള്‍ക്കും തന്നോട് പണം കടം വാങ്ങിയിരുന്നുവെന്നും പറഞ്ഞ് അര്‍ജുനെയും കുടുംബത്തെയും സമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്താനാണ് മനാഫ് ശ്രമിച്ചത്. നാലാമത്തെ മകനായി അര്‍ജുന്റെ മകനെ വളര്‍ത്തുമെന്നു മനാഫ് പറഞ്ഞതു വേദനിപ്പിച്ചെന്നും കുടുംബം പറഞ്ഞു.
അര്‍ജുനോട് സ്‌നേഹമുണ്ടായിരുന്നെങ്കില്‍ ഈ ദിവസങ്ങളിലെ കാര്യങ്ങള്‍ യൂട്യൂബിലിട്ട് ലൈക്ക് വാങ്ങില്ലായിരുന്നു. ദിവസവും മൂന്നും നാലും വിഡിയോ ഇടുകയാണ്. എത്ര തവണ ബന്ധപ്പെട്ടിട്ടും മനാഫിന് നിര്‍ത്താനുള്ള ഭാവമുണ്ടായിരുന്നില്ല. അര്‍ജുനെ കിട്ടിക്കഴിഞ്ഞാല്‍ എല്ലാം നിര്‍ത്തുമെന്ന് പറഞ്ഞിരുന്നു, എന്നാല്‍ പ്രശസ്തിക്ക് വേണ്ടി അര്‍ജുനെ ചൂഷണം ചെയ്യുകയായിരുന്നു. ഈശ്വര്‍ മല്‍പെയും അതിന് കൂട്ടു നിന്നുവെന്നും കുടുംബം പറഞ്ഞു.
അര്‍ജുന്റെ ചിത അടങ്ങും മുന്‍പേ തന്നെ ഇങ്ങനെ ക്രൂശിക്കേണ്ടിയിരുന്നില്ല എന്നായിരുന്നു കുടുംബത്തിന്റെ ആരോപണങ്ങളോടുള്ള മനാഫിന്റെ മറുപടി. അര്‍ജുന്റെ പേരില്‍ ഫണ്ട് പിരിവ് നടത്തിയിട്ടില്ല. എന്റെ സ്വത്തും മുതലും വിറ്റിട്ടാണ് താന്‍ നില്‍ക്കുന്നത്. അര്‍ജുന്റെ കുടംബത്തെ സ്വന്തം കുടുംബമായിട്ടാണു കണ്ടത്. അവര്‍ എന്നെ തള്ളിപ്പറഞ്ഞാലും അവര്‍ എനിക്ക് എന്റെ കുടുംബമാണ്. പിരിവ് നടത്തിയെന്നതിന് തെളിവ് കൊണ്ടുവന്നാല്‍ മാനാഞ്ചിറ സ്‌ക്വയറിന്റെ നടുവില്‍ വന്നുനില്‍ക്കാം, കല്ലെറിഞ്ഞ് കൊന്നോളു.
കാര്യം ഏറ്റെടുത്ത് പൂര്‍ത്തിയാക്കി. അത് കഴിഞ്ഞു. തനിക്ക് നേരിട്ട കുറെ പ്രശ്‌നങ്ങളുണ്ട്. ആ പ്രശ്‌നങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. യൂട്യൂബ് ചാനല്‍ തുടങ്ങിയതിലെ തെറ്റ് എന്താണ്. പത്തായിരം സബ്‌സ്‌ക്രൈബേഴ്‌സാണ് ചാനലിന് ഉള്ളത്. അവര്‍ക്ക് കാര്യങ്ങള്‍ മനസിലാകാന്‍ വേണ്ടി വല്ലപ്പോഴും ലൈവ് ഇടുന്നതെന്നും മനാഫ് വിശദീകരിച്ചു.
ജൂലൈ 16നാണ് ഷിരൂരിലെ മണ്ണിടിച്ചിലില്‍ അര്‍ജുനെ കാണാതായത്. 72 ദിവസം നീണ്ട തിരച്ചിലിനൊടുവില്‍ അര്‍ജുന്റെ മൃതദേഹം കണ്ടെത്തി. അര്‍ജുന്റെ മൃതദേഹം കണ്ടെത്തുന്നതുവരെ മനാഫും ഷിരൂരില്‍ ഉണ്ടായിരുന്നു. അര്‍ജുന്റെ കുട്ടിയെ സ്വന്തം മക്കള്‍ക്കൊപ്പം വളര്‍ത്തുമെന്നും തനിക്ക് ഇനി മുതല്‍ മക്കള്‍ മൂന്നല്ല നാലാണെന്നുമാണു മനാഫ് പറഞ്ഞത്.