by webdesk1 on | 09-10-2024 11:28:52
കൊല്ലം: മുതിര്‍ന്ന നടന്‍ ടി.പി. മാധവന്‍ അന്തരിച്ചു. 88 വയസായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 600 ലേറെ സിനിമകളില്‍ അഭിനയിച്ച മാധവന്‍ അവസാന കാലത്ത് ആരും ആശ്രയമില്ലാതെ വന്നതോടെ പത്തനാപുരം ഗാന്ധിഭവനിലായിരുന്നു അഭയം തേടിയത്.
ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ഉദയസംബന്ധമായ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.
തിരുവനന്തപുരത്തെ ഒരു ലോഡ്ജ് മുറിയില്‍ ആശ്രയമില്ലാതെ കഴിയുമ്പോഴാണ് സീരിയല്‍ സംവിധായകന്‍ പ്രസാദ്, മാധവനെ ഗാന്ധിഭവനില്‍ എത്തിക്കുന്നത്. ഗാന്ധിഭവനില്‍ എത്തിയ ശേഷം ചില സീരിയലുകളിലും സിനിമകളിലും അദ്ദേഹം അഭിനയിച്ചു. പിന്നീട് മറവിരോഗം ബാധിക്കുകയായിരുന്നു.
1975-ല്‍ പുറത്തിറങ്ങിയ രാഗം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ചലച്ചിത്ര മേഖലയില്‍ എത്തുന്നത്. കളിക്കളം, നാടോടിക്കാറ്റ്, വിയറ്റ്നാം കോളനി, സന്ദേശം, ലേലം, അയാള്‍ കഥയെഴുതുകയാണ്, നരസിംഹം, പപ്പയുടെ സ്വന്തം അപ്പൂസ്, പുലിവാല്‍ കല്ല്യാണം, അനന്തഭദ്രം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. താരസംഘടനയായ അമ്മയുടെ ആദ്യകാല ജനറല്‍ സെക്രട്ടറിയായിരുന്ന ടി.പി. മാധവന്‍.