by webdesk1 on | 28-10-2024 07:24:37
മഡ്രിഡ്: ഫുട്ബാള്‍ ലോകത്ത് എക്കാലവും തീപ്പൊരി ചിതറുന്ന പോരാട്ടങ്ങളിലൊന്നാണ് എല്‍ക്ലാസികോ എന്ന ഓമപ്പേരില്‍ അറിയപ്പെടുന്ന ബാഴ്‌സലോണ-റയല്‍ മഡ്രിഡ് പോരാട്ടം. ഞായാറാഴ്ച റയലിന്റെ പറുദീസയായ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നടന്ന എല്‍ക്ലോസിക്കോയില്‍ 4-0 ത്ത് സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ ബാഴ്‌സയില്‍ നിന്ന് ഏല്‍ക്കേണ്ടിവന്ന പ്രഹരം റയല്‍ താരങ്ങളേയും ആരാധകരേയും ഉറക്കത്തില്‍ പോലും ഞെട്ടി ഉണര്‍ത്തുന്നുണ്ടാകും.
ഒപ്പത്തിനൊപ്പംനിന്ന ആദ്യപകുതിക്കുശേഷം, ലോകത്തെ വമ്പന്‍ താരനിരയെ അണിനിരത്തുന്ന റയല്‍ മഡ്രിഡിന്റെ വലക്കുള്ളിലേക്ക് മറുപടിയില്ലാത്ത നാലു ഗോളുകളാണ് ബാഴ്‌സലോണ അടിച്ചുകയറ്റിയത്. വീറും വാശിയും ആരവങ്ങളും നിറഞ്ഞ സാന്റിയാഗോ ബെര്‍ണബ്യൂവിലെ ആ രാത്രി ഡോണ്‍ കാര്‍ലോ എന്ന് ആരാധകരുടെ വിളിപ്പേരുള്ള റയലിന്റെ മാനേജര്‍ കാര്‍ലോസ് അന്‍സലോട്ടിക്ക് ഒട്ടും ശുഭകരമായിരുന്നില്ല. തന്റെ പ്ലാനുകള്‍ ഒന്നൊന്നായി പൊളിഞ്ഞു വീഴുന്ന കണ്ട അന്‍സലോട്ടി ആ അരിശം തീര്‍ത്തതാകട്ടെ എതിര്‍ടീമിന്റെ ഡഗ്ഗൗട്ടില്‍.
84-ാം മിനിറ്റില്‍ റഫീഞ്ഞ നാലാം ഗോള്‍ നേടിയശേഷം സൈഡ് ബെഞ്ചിലെ താരങ്ങളുടെ ആഘോഷമാണ് മല ഇളകി വന്നാലും കുലുങ്ങാത്ത ഡോണ്‍ കാര്‍ലോയെ പ്രകോപിപ്പിച്ചത്. ബാഴ്‌സയുടെ പകരക്കാരായ താരങ്ങള്‍ ആമോദം കൊഴുപ്പിച്ചപ്പോള്‍ റയലിന്റെ ഇറ്റാലിയന്‍ പരിശീലകന്റെ അതൃപ്തി മുഖത്ത് തെളിഞ്ഞുനിന്നു. ഫ്‌ളിക്കിനടുത്തെത്തി അദ്ദേഹത്തോട് അത് രേഖപ്പെടുത്തുകയും ചെയ്തു.
ആര്‍ത്തുല്ലസിച്ചപ്പോള്‍ റയലിന്റെ പരിചയ സമ്പന്നനായ പരിശീലകന്‍ കാര്‍ലോ അന്‍സലോട്ടിക്ക് അതത്ര ഇഷ്ടപ്പെട്ടില്ല. ബാഴ്‌സലോണ പരിശീലകന്‍ ഹാന്‍സി ഫ്‌ളിക്കിനോട് നേരിട്ടുതന്നെ തന്റെ പരിഭവം അന്‍സലോട്ടി രേഖപ്പെടുത്തി. ബാഴ്‌സലോണ താരങ്ങള്‍ ടെക്‌നിക്കല്‍ ഏരിയ കടന്ന് തങ്ങളുടെ ഭാഗത്തേക്ക് കയറിയതാണ് കാര്‍ലോയെ പ്രകോപിപ്പിച്ചത്. ഫ്‌ളിക്കിന്റെ അസിസ്റ്റന്റ് കോച്ചായ മാര്‍കസ് സോര്‍ഗ് ഈ വിധത്തില്‍ കടന്നുകയറിയത് അദ്ദേഹം ചൂണ്ടിക്കാട്ടി.
`ആ അസിസ്റ്റന്റ് കോച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാക്കി. ബെഞ്ചിലിരുന്ന് ആഘോഷിക്കുമ്പോള്‍ അയാള്‍ മാന്യത പാലിക്കണമായിരുന്നു`. എന്നാണ് അന്‍സലോട്ടി ബാഴ്‌സലോണ മാനേജര്‍ ഹാന്‍സി ഫ്‌ളിക്കിനോട് പറഞ്ഞത്. അന്‍സലോട്ടിക്കുണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമാപണ പൂര്‍വം റയല്‍ കോച്ചിന്റെ പുറത്തുതട്ടി ആശ്വസിപ്പിക്കുകയാണ് ഫ്‌ളിക് ചെയ്തത്.
എന്നാല്‍, കളിക്കാരും സോര്‍ഗും ടെക്‌നിക്കല്‍ ഏരിയയില്‍ എതിരാളികളുടെ ഭാഗത്തേക്ക് കടന്നുകയറിയെന്ന് ഉറപ്പിച്ചു പറയാനാവില്ലെന്നായിരുന്നു മത്സരശേഷമുള്ള വാര്‍ത്തസമ്മേളനത്തില്‍ ഫ്‌ളിക്കിന്റെ പ്രതികരണം. കാര്‍ലോയുമായി ഇക്കാര്യം സംസാരിച്ചെന്ന് പറഞ്ഞ ഫ്‌ളിക്ക്, നിങ്ങള്‍ ഒരു ഗോള്‍ വഴങ്ങുമ്പോള്‍ ഇത് സ്വാഭാവികമാണെന്ന് ചൂണ്ടിക്കാട്ടി.