by webdesk1 on | 03-11-2024 08:17:50
റാഞ്ചി: അധികാരത്തിലെത്തിയാല്‍ ജാര്‍ഖണ്ഡില്‍ ഏക സിവില്‍ കോഡ് (യു.സി.സി) നടപ്പാക്കുമെന്നും ഗോത്ര വര്‍ഗക്കാരെ അതില്‍നിന്ന് ഒഴിവാക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തിരഞ്ഞെടുപ്പ് പ്രകടന പത്രികയായ സങ്കല്‍പ് പത്ര പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യവസായങ്ങളും ഖനികളും മൂലം വീടും സ്ഥലവും വിട്ട് ഒഴിഞ്ഞുപോകേണ്ടി വന്നവരുടെ പുനരധിവാസത്തിനായി ഡിസ്‌പ്ലേസ്‌മെന്റ് കമ്മിഷന്‍ രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യു.സി.സി ഗോത്ര വിഭാഗങ്ങളുടെ അവകാശത്തെയും സംസ്‌കാരത്തെയും ബാധിക്കുമെന്ന വ്യാജ സിദ്ധാന്തം ഇറക്കുകയാണ് ജെ.എം.എം സര്‍ക്കാര്‍. അത് അടിസ്ഥാനരഹിതമാണ്. അധികാരത്തിലെത്തിയാല്‍ 5 ലക്ഷം തൊഴിലവസരങ്ങള്‍ ഉണ്ടാക്കും. ഇതില്‍ 2.8 ലക്ഷം തൊഴിലവസരം സര്‍ക്കാര്‍ മേഖലയില്‍ ആയിരിക്കും.
ജാര്‍ഖണ്ഡിലെ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച വിഷയത്തില്‍ സി.ബി.ഐയും പ്രത്യേക അന്വേഷണ സംഘവും അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കും. ഹിന്ദുക്കള്‍ക്കുനേരെ ആക്രമണം അതിരൂക്ഷമാണ്. പ്രീണനം വളരെയധികമാണ്. ഇന്ത്യയിലെ ഏറ്റവും അഴിമതിയുള്ള സംസ്ഥാനം ജാര്‍ഖണ്ഡാണെന്നും അമിത് ഷാ പറഞ്ഞു.