by webdesk1 on | 03-11-2024 08:32:35 Last Updated by webdesk1
തൃശൂര്‍: സാങ്കേതിക പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്റെ (കെറെയില്‍) സില്‍വര്‍ലൈന്‍ പദ്ധതിയുടെ അംഗീകാരത്തിനും തുടര്‍നടപടികള്‍ക്കും കേന്ദ്രം സന്നദ്ധമാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. റെയില്‍വേ വികസനത്തില്‍ കേന്ദ്രവും കേരളവും പരസ്പര സഹകരണത്തോടെ മുന്നോട്ടു പോകണമെന്നും അദ്ദേഹം പറഞ്ഞു.
അങ്കമാലി-എരുമേലി ശബരി റെയില്‍പാത യാഥാര്‍ഥ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബന്ധരാണ്. മഹാരാഷ്ട്ര സര്‍ക്കാരിനു നല്‍കിയ ധാരണാപത്രത്തിന്റെ മാതൃക കേരളത്തിനു നല്‍കി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എല്‍.ഡി.എഫ് സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായി അവതരിപ്പിച്ചതാണ് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ അതിവേഗ റെയില്‍ പാതയായ സില്‍വര്‍ലൈന്‍. എന്നാല്‍ പാരിസ്ഥിതിക സാമൂഹ്യ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി വ്യാപക എതിര്‍പ്പായിരുന്നു പദ്ധതിക്കെതിരെ ഉയര്‍ന്നിരുന്നത്.
പത കടന്നു പോകുന്ന സ്ഥലങ്ങളില്‍ സ്ഥലം ഉടമയുടെ അനുമതിയില്ലാതെ സര്‍വേ കല്ലുകള്‍ സ്ഥാപിച്ചതും പ്രതിഷേധക്കാരെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തിയതുമൊക്കെ സര്‍ക്കാരിനെതിരെ ജനവികാരം ആളിക്കത്താന്‍ ഇടയാക്കി.
കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് അനുകൂലമായ സമീപനം ഇല്ലാതെ വന്നതോടെ പദ്ധതിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍മാറുകയായിരുന്നു. ഇപ്പോള്‍ കേന്ദ്രമന്ത്രി നേരിട്ട് അനുകൂല നിലപാട് പ്രഖ്യാപിച്ചതോടെ കെ റെയില്‍ വീണ്ടും സജീവമാക്കുകയാണ് സര്‍ക്കാര്‍.