by webdesk1 on | 03-11-2024 08:59:54
കൊച്ചി: പാര്‍ലമെന്റിലെ ചോദ്യങ്ങള്‍ക്ക് ഹിന്ദിയില്‍ മാത്രം മറുപടി പറയുന്നതിനോടുള്ള പ്രതിഷേധ സൂചകമായി കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗിന് മലയാളത്തില്‍ കത്തയച്ച് കേരളത്തില്‍ നിന്നുള്ള രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസ്. കേരളപ്പിറവി ദിനത്തിന്റെ തൊട്ടടുത്ത ദിവസമാണ് കേരളത്തിന്റെ ഭാഷാപരമായ അവകാശം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് ജോണ്‍ ബ്രിട്ടാസിന്റെ വേറിട്ട പ്രതിഷേധം.
ഹിന്ദിയില്‍ മാത്രമുള്ള മറുപടികള്‍ മനഃപൂര്‍വ്വമാണെന്ന് ജോണ്‍ ബ്രിട്ടാസ് കത്തില്‍ ചൂണ്ടിക്കാട്ടി. അതുകൊണ്ടാണ് താന്‍ മലയാളത്തില്‍ പ്രതികരിക്കാന്‍ നിര്‍ബ്ബന്ധിതനാകുന്നത്. തനിക്കു മാത്രമല്ല തെക്കന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള ഇതര എം.പിമാരും ഇതേ അനുഭവം നേരിടുന്നുവെന്നും ജോണ്‍ ബ്രിട്ടാസ് വിശദീകരിച്ചു.
ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യങ്ങള്‍ക്കുള്ള മന്ത്രി രവ്‌നീത് സിംഗിന്റെ പ്രതികരണങ്ങളെല്ലാം ഹിന്ദിയിലായിരുന്നു. എം.പിയുടെ ജൂലായ് 22, 25 തിയതികളിലെ പ്രത്യേക പരാമര്‍ശങ്ങള്‍ക്കും ആഗസ്റ്റ് അഞ്ചിലെ ശൂന്യ വേളാ നോട്ടീസിനും മന്ത്രി ഹിന്ദിയില്‍ പ്രതികരിച്ചതാണ് ഏറ്റവും ഒടുവിലത്തെ ഉദാഹരണങ്ങള്‍. ഈ സാഹചര്യത്തിലാണ് ജോണ്‍ ബ്രിട്ടാസിന്റെ കത്ത്.
കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക വിനിമയങ്ങള്‍ക്കും പാര്‍ലമെന്ററി നടപടികള്‍ക്കും ഇംഗ്ലീഷ് കൂടി ഉപയോഗിക്കാം. ഹിന്ദി ഔദ്യോഗികഭാഷയല്ലാത്ത സംസ്ഥാനങ്ങളുമായുള്ള വിനിമയങ്ങളില്‍ ഇംഗ്ലീഷ് തന്നെ ഉപയോഗിക്കേണ്ടതാണ് എന്നും ഇതേ നിയമം അനുശാസിക്കുന്നുണ്ട്. ഹിന്ദിയില്‍മാത്രം മറുപടി, ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളില്‍നിന്നുള്ള എം.പിമാര്‍ക്ക് പാര്‍ലമെന്ററി നടപടികളിലുള്ള പങ്കാളിത്തം കുറയ്ക്കുമെന്നും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.