by webdesk1 on | 03-11-2024 09:39:03
ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും മോശം നിലവാരമുള്ള വായു ഡല്‍ഹിയിലേതെന്ന് സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്. ഞായറാഴ്ച പുറത്തുവിട്ട വിവരങ്ങളനുസരിച്ച് വായു ഗുണനിലവാര സൂചികയില്‍ 382-ാം സ്ഥാനത്താണ് ഡല്‍ഹി. സ്ഥിതിഗതികള്‍ ലഘൂകരിക്കാനുള്ള ശ്രമങ്ങള്‍ക്കിടയിലും മലിനീകരണ തോത് കുതിച്ചുയരുന്നതില്‍ ആശങ്കയിലാണ് രാജ്യം.
അയല്‍സംസ്ഥാനങ്ങളില്‍ കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നതിന്റെ ഫലമായുണ്ടാവുന്ന വായുമലിനീകരണം ഗണ്യമായി കുറഞ്ഞിട്ടും ഡല്‍ഹിയിലെ വായുവിന്റെ നിലവാരം മോശമായി തുടരുന്നുവെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. വൈക്കോല്‍ ഉള്‍പ്പടെയുള്ള കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നതിലൂടെയുണ്ടാവുന്ന മലിനീകരണം ശനിയാഴ്ച 15 ശതമാനം മാത്രമായിരുന്നു. വെള്ളിയാഴ്ചത്തേക്കാള്‍ കുറവുമാണിത്. എന്നിട്ടും വായുനിലവാരം മോശമായി തുടരുന്നത് മറ്റ് ഘടകങ്ങളും ഡല്‍ഹിയുടെ വായുവിന്റെ നിലവാരത്തെ കാര്യമായി സ്വാധീനിക്കുന്നുണ്ടെന്നാണ് സൂചിപ്പിക്കുന്നത്.
വാഹനങ്ങളില്‍നിന്ന് പുറന്തള്ളപ്പെടുന്ന പുക, വ്യാവസായിക പ്രവര്‍ത്തനങ്ങള്‍, നിര്‍മാണ മേഖലയില്‍നിന്ന് പുറപ്പെടുന്ന പൊടി എന്നിവയെല്ലാം ഡല്‍ഹിയിലെ വായുമലിനീകരണത്തില്‍ മുഖ്യപങ്കുവഹിക്കുന്നു. ശൈത്യകാലം അടുക്കുന്തോറും താപനിലയിലുണ്ടാവുന്ന താഴ്ചയും കാറ്റിന്റെ ഗതിമാറ്റവും സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാക്കുകയാണ്.
സൂചികയില്‍ 400-ന് മുകളിലെന്ന് അടയാളപ്പെടുത്തുന്ന വായു നിലവാരമുള്ള പ്രദേശങ്ങളെ കടുത്ത പ്രശ്‌ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തുന്നത്. രാജ്യതലസ്ഥാനം അധികം വൈകാതെ ഈ നിലവാരത്തിലെത്തുമെന്നാണ് ആശങ്ക.