by webdesk1 on | 04-11-2024 06:35:38
ബ്രാംപ്ടണില്‍: ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ കൂടുതല്‍ വഷളായി വരുന്നതിനിടെ കാനഡയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ ഖലിസ്ഥാന്‍ വാദികളുടെ ആക്രമണം. കാനഡയിലെ ബ്രാംപ്ടണില്‍ ഹിന്ദു ക്ഷേത്ര പരിസരത്ത് അതിക്രമിച്ച് കയറിയായിരുന്നു ഒരു സംഘം സിഖ് വംശജര്‍ ആക്രമണം നടത്തിയത്.
ഖാലിസ്ഥാന്‍ പതാകകളുമായി എത്തിയ സിഖ് വംശജരാണ് ഹിന്ദുമഹാസഭാ മന്ദിറില്‍ മുന്നില്‍ പ്രതിഷേധം നടത്തിയത്. സംഭവത്തില്‍ അപലപിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രംഗത്തെത്തി.
ക്ഷേത്രത്തിന് നേരെ നടന്ന ആക്രമണം ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്തതാണ്. ഓരോ കാനഡക്കാരനും അവരുടെ വിശ്വാസം സ്വതന്ത്രമായും സുരക്ഷിതമായും ആചരിക്കാന്‍ അവകാശമുണ്ടെന്നും ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു.
ഇതിനിടെ ആക്രമണത്തില്‍ ആശങ്ക ഉണ്ടെന്ന് ട്രൂഡോ സര്‍ക്കാരിലെ കേന്ദ്ര മന്ത്രിയായ അനിത ആനന്ദ് പ്രതികരിച്ചു. ഹിന്ദുക്കള്‍ ഉള്‍പ്പെടെ എല്ലാ മത വിഭാഗങ്ങള്‍ക്കും ആക്രമണങ്ങളില്ലാതെ അവരുടെ മതം ആചരിക്കാന്‍ അവകാശമുണ്ടെന്ന് അനിത ആനന്ദ് എക്സില്‍ കുറിച്ചു.
കനേഡിയന്‍ എംപിമാര്‍ ഉള്‍പ്പെടെ ഓണ്‍ലൈനില്‍ വ്യാപകമായി ഷെയര്‍ ചെയ്ത സംഭവത്തിന്റെ വീഡിയോകളില്‍ ക്ഷേത്രത്തിന് പുറത്ത് ഒരു കൂട്ടം ആളുകള്‍ വടികള്‍ വീശി ഭക്തരെ ആക്രമിക്കുന്നത് കാണാം. ഖാലിസ്ഥാന്‍ അനുകൂല ഗ്രൂപ്പുകളുമായി ബന്ധമുള്ള കൊടികളുമായാണ് ആക്രമികള്‍ എത്തിയത്.
സംഭവത്തില്‍ കുട്ടികളും സ്ത്രീകളും ആക്രമിക്കപ്പെട്ടതായി സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ച കമ്മ്യൂണിറ്റി സംഘടനയായ ഹിന്ദു കനേഡിയന്‍ ഫൗണ്ടേഷന്‍ പറഞ്ഞു.
ആക്രമണം നടക്കുന്നതിന് മുമ്പ് 1984ലെ സിഖ് വിരുദ്ധ കലാപത്തെ അനുസ്മരിച്ച് ഒരു സംഘം ഖാലിസ്ഥാന്‍ അനുകൂലികള്‍ പ്രകടനം നടത്തുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സറേയിലെ ലക്ഷ്മിനാരായണ മന്ദിറിലും സമാനമായ ഒരു കലാപം ഉണ്ടായതായി ഹിന്ദു ഫോറം കാനഡയിലെ റാവു യെന്‍ഡമുറി പറഞ്ഞു. ട്രൂഡോയുടെ സഹായിയും സിഖ് എംപിയുമായ ജഗ്മീത് സിംഗും അക്രമത്തെ അപലപിച്ചു.