by webdesk1 on | 04-11-2024 06:52:40
വാഷിങ്ടണ്‍: അമേരിക്കയുടെ പുതിയ ഭരണസാരഥിയെ കണ്ടെത്തുന്നതിനുള്ള തിരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കും. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി കമലാ ഹാരിസും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഡൊണാള്‍ഡ് ട്രംപും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഇരുപക്ഷത്തിനും സാധ്യത കല്‍പിക്കുന്ന അഭിപ്രായ സര്‍വേകള്‍ പലതുണ്ടെന്നതിനാല്‍ ചാഞ്ചാടുന്ന ഏഴ് സംസ്ഥാനങ്ങളിലെ ഇലക്ടറല്‍ കോളജ് വോട്ടുകളാകും ഫലം നിര്‍ണയിക്കുക.
ജനകീയവോട്ടിനെക്കാള്‍ ഇലക്ടറല്‍ കോളേജ് വോട്ടിനാണ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രധാന്യം. 538 അംഗ ഇലക്ടറല്‍ കോളേജില്‍ 270 ആണ് കേവലഭൂരിപക്ഷം. ഈ മാന്ത്രികസംഖ്യ ഉറപ്പാക്കാന്‍ നിര്‍ണായക സംസ്ഥാനങ്ങളില്‍ ശക്തമായ അവസാനവട്ട പ്രചാരണത്തിലാണ് ഇരുവരും. ഒരു പാര്‍ട്ടിയുടെയും പരമ്പരാഗത കോട്ടയല്ലാത്ത ഏഴു സംസ്ഥാനങ്ങളാണ് ഇത്തവണയും തിരഞ്ഞെടുപ്പിന്റെ ഭാഗധേയം നിര്‍ണയിക്കുക. ഇതുവരെ ഏഴുകോടിയിലേറെപ്പേര്‍ മുന്‍കൂര്‍ വോട്ട് രേഖപ്പെടുത്തി.
ന്യൂയോര്‍ക്ക് ടൈംസ്-സീന സര്‍വേയില്‍ അരിസോണ, ജോര്‍ജിയ, മിഷിഗണ്‍ എന്നിവിടങ്ങളില്‍ ട്രംപും നോര്‍ത്ത് കരോലൈന, നെവാദ, വിസ്‌കോണ്‍സന്‍ എന്നിവിടങ്ങളില്‍ കമലയും മുന്നില്‍ നില്‍ക്കുന്നു. മൊത്തം വോട്ടര്‍മാരില്‍ 49 ശതമാനത്തിന്റെ പിന്തുണയുമായി കമല മുന്നിലാണെന്ന് ഫോര്‍ബ്‌സ് സര്‍വേ പറയുന്നു. ട്രംപിനെ 48 ശതമാനവും തുണക്കുന്നു.
എക്കണോമിസ്റ്റ്-യുഗോവ് സര്‍വേയില്‍ കമല അതേ ശതമാനം നിലനിര്‍ത്തുമ്പോള്‍ ട്രംപിനൊപ്പം 47 ശതമാനം പേരേയുള്ളൂ. വിവിധ വാഴ്‌സിറ്റികള്‍ ചേര്‍ന്ന് കോപറേറ്റീവ് ഇലക്ഷന്‍ സ്റ്റഡി എന്ന പേരിലെ സര്‍വേയില്‍ കമലക്ക് 51 ശതമാനത്തിന്റെ പിന്തുണയുണ്ട്. ട്രംപിന് 47 ശതമാനത്തിന്റെയും. റോയിട്ടേഴ്‌സ് സര്‍വേയില്‍ 44ഉം 43ഉമാണ് ശതമാനക്കണക്കുകള്‍.
മോര്‍ണിങ് കണ്‍സള്‍ട്ട് സ്ഥാപനം നടത്തിയ അഭിപ്രായ സര്‍വേയിലും മുന്നില്‍ കമലതന്നെ. 50 ശതമാനം പേര്‍ അവരെ തുണക്കുമ്പോള്‍ 47 ആണ് ട്രംപിനൊപ്പം. എ.ബി.സി-ഇപ്‌സോസ് പോളില്‍ ഇത് 51ഉം 47ഉമാണ്. ഇത്രയും സര്‍വേകള്‍ കമലക്ക് മേല്‍ക്കൈ പറയുമ്പോള്‍ ഇരുവരും തുല്യമാണെന്ന് പറയുന്ന സര്‍വേകളുമുണ്ട്. സി.എന്‍.എന്‍-എസ്.എസ്.ആര്‍.എസ് നടത്തിയത് ഉദാഹരണം. എന്നാല്‍, സി.എന്‍.ബി.സി കഴിഞ്ഞ ദിവസം പുറത്തുവിട്ട സര്‍വേയില്‍ ട്രംപാണ് മുന്നില്‍.