by webdesk1 on | 04-11-2024 07:17:02
തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന് കേന്ദ്ര ജി.എസ്.ടി വകുപ്പിന്റെ നോട്ടീസ്. 1.57 കോടി രൂപ നികുതി കുടിശിക അടക്കണമെന്നാണ് ആവശ്യപ്പെട്ടത്. കഴിഞ്ഞ ഏഴ് വര്‍ഷത്തെ നികുതി കുടിശികയാണ് ഇത്. ജി.എസ്.ടിയില്‍ ഇളവുണ്ടെന്ന ഭരണസമിതിയുടെ വിശദീകരണം തള്ളിയാണ് നോട്ടീസ്.
ക്ഷേത്രത്തിന് ലഭിക്കുന്ന വിവിധ വാടക വരുമാനം, ഭക്തര്‍ക്ക് ധരിക്കാന്‍ നല്‍കുന്ന വസ്ത്രങ്ങളില്‍ നിന്നുള്ള തുക, ചിത്രങ്ങളും ശില്‍പ്പങ്ങളും വില്‍ക്കുന്നതില്‍ നിന്നും എഴുനള്ളിപ്പിനായി ആനയെ വാടകയ്ക്ക് നല്‍കുന്നതില്‍ നിന്നുള്ള വരുമാനം തുടങ്ങി ആകെ വരുമാനത്തില്‍ നിന്നും ജി.എസ്.ടി അടയ്ക്കുന്നില്ലെന്നാണ് കേന്ദ്ര ജി.എസ്.ടി വകുപ്പ് പറയുന്നത്.
നികുതി അടയ്ക്കുന്നില്ലെന്ന വിവരത്തെ തുടര്‍ന്ന് മതിലകം ഓഫീസില്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍ ക്ഷേത്രത്തിന് പല ഇളവുകള്‍ ഉണ്ടെന്നും ഈ കാലയളവില്‍ നികുതി ചുമത്താനുള്ള വരുമാനം 16 ലക്ഷം മാത്രണമെന്നാണ് ക്ഷേത്രം വിശദീകരണം നല്‍കിയത്. മൂന്ന് ലക്ഷം ജി.എസ്.ടി അടച്ചതായും മറുപടി നല്‍കി. ഈ മറുപടി തള്ളിയാണ് കഴിഞ്ഞ മാസം വീണ്ടും നോട്ടീസ് നല്‍കിയത്.
1.57 കോടി രൂപ നികുതി അടയ്ക്കണമെന്നാണ് നോട്ടീസ്. 2017 മുതലുള്ള ഏഴ് വര്‍ഷത്തെ കുടിശികയാണിത്. തുക അടച്ചില്ലെങ്കില്‍ നൂറ് ശതമാനം വരെ പിഴയും 18 ശതമാനം പിഴപ്പലിശയും അടയ്ക്കണമെന്നും നോട്ടീസില്‍ പറയുന്നു. ഭരണസമിതി അടയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്ന കുടിശികയില്‍ 77 ലക്ഷം വീതം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ലഭിക്കേണ്ട ജിഎസ്ടി വിഹിതമാണ്. ഇതുകൂടാതെ മൂന്ന് ലക്ഷത്തോളം സംസ്ഥാനത്തിന് ലഭിക്കേണ്ടിയിരുന്ന പ്രളയ സെസാണ്.