News Kerala

ബി.ജെ.പിയിലെ ആഭ്യന്തര കലാപം പാലക്കാട് തിരിച്ചടിയാകുമോ? കൃഷ്ണകുമാറിന്റെ ജയ സാധ്യതയില്‍ സംശയം പ്രകടിപ്പിച്ച് സന്ദീപ് വാര്യര്‍; ബി.ജെ.പി പ്രവര്‍ത്തകനായി തുടരാന്‍ ആഗ്രഹമെന്നും സന്ദീപ്

Axenews | ബി.ജെ.പിയിലെ ആഭ്യന്തര കലാപം പാലക്കാട് തിരിച്ചടിയാകുമോ? കൃഷ്ണകുമാറിന്റെ ജയ സാധ്യതയില്‍ സംശയം പ്രകടിപ്പിച്ച് സന്ദീപ് വാര്യര്‍; ബി.ജെ.പി പ്രവര്‍ത്തകനായി തുടരാന്‍ ആഗ്രഹമെന്നും സന്ദീപ്

by webdesk1 on | 04-11-2024 09:15:30 Last Updated by webdesk1

Share: Share on WhatsApp Visits: 34


ബി.ജെ.പിയിലെ ആഭ്യന്തര കലാപം പാലക്കാട് തിരിച്ചടിയാകുമോ? കൃഷ്ണകുമാറിന്റെ ജയ സാധ്യതയില്‍ സംശയം പ്രകടിപ്പിച്ച് സന്ദീപ് വാര്യര്‍; ബി.ജെ.പി പ്രവര്‍ത്തകനായി തുടരാന്‍ ആഗ്രഹമെന്നും സന്ദീപ്


പാലക്കാട്: ചാനല്‍ ചര്‍ച്ചകളിലും മറ്റും ബി.ജെ.പിക്കുവേണ്ടി ശക്തമായി വാദപ്രതിവാദങ്ങള്‍ ഉന്നയിച്ച് പാര്‍ട്ടിയെ പ്രതിസന്ധി ഘട്ടങ്ങളില്‍ സംരക്ഷിച്ച് നിര്‍ത്തിയ ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍ ഇപ്പോള്‍ സംഘടനയെ കൊണ്ടെത്തിച്ചിരിക്കുന്നത് ആപത്ക്കരമായ സ്ഥിതിയിലാണ്. നിര്‍ണായകമായ ഉപതിരഞ്ഞെടുപ്പിന്റെ പ്രചരണഘട്ടത്തില്‍ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചുകൊണ്ട് പാര്‍ട്ടിയെ വെട്ടിലാക്കിയതോടൊപ്പം പാലക്കാട്ടെ വിജയ സാധ്യതയ്ക്കു കൂടിയാണ് മങ്ങലേല്‍പ്പിച്ചിരിക്കുന്നത്.

പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനോ ശോഭാ സുരേന്ദ്രനോ മത്സരിച്ചാല്‍ പാലക്കാട് പാര്‍ട്ടിക്ക് വിജയിക്കാനാകുമെന്ന് സന്ദീപ് പറഞ്ഞതിലൂടെ, പാലക്കാട്ടെ ബി.ജെ.പി സ്ഥാനാര്‍ഥി സി.കൃഷ്ണകുമാര്‍ പരാജയപ്പെട്ടേക്കുമെന്ന് പറയാതെ പറയുകയാണ് പാലക്കാട്ട് കാരന്‍കൂടിയായ സന്ദീപ്. ബി.ജെ.പിയില്‍ ജനാധിപത്യ വിരുദ്ധ നടപടികളാണുണ്ടാകുന്നതെന്നും പാര്‍ട്ടിയില്‍ ഇനി പ്രതീക്ഷയില്ലെന്നും കൂടി പറഞ്ഞു വയ്ക്കുന്നതോടെ പാര്‍ട്ടിയെ അപ്പാടെ വെട്ടിലാകുകയുമായിരുന്നു അദ്ദേഹം.

പാര്‍ട്ടിയില്‍ നിന്ന് അവഗണനയും അപമാനവും നേരിടുന്ന നിരവധി സന്ദീപ് വാര്യര്‍മാര്‍ പാലക്കാടുണ്ടെന്നും അത്തരക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള യാതൊരു ഇടപെടലും നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നായിരുന്നു നേതൃത്വത്തിനെതിരെയുള്ള സന്ദീപിന്റെ ആരോപണം. ഇപ്പോഴും ബി.ജെ.പി പ്രവര്‍ത്തകനാണ്. അങ്ങനെ തുടരാനാണ് ആഗ്രഹം. നടപടി നേരിടാന്‍ മാത്രം യോഗ്യതയുള്ള നേതാവല്ല താന്‍. പാലക്കാട് പ്രചാരണത്തിന് പോകില്ലെന്നും സി.പി.എമ്മുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

പാലക്കാട് പ്രചാരണത്തില്‍ സജീവമാകണമെന്ന് സംസ്ഥാന അധ്യക്ഷന്‍ രണ്ട് തവണ വിളിച്ചു പറഞ്ഞു. അപ്പോള്‍ തന്നെ തന്റെ പരാതികള്‍ അദ്ദേഹത്തെ അറിയിച്ചതാണ്. എന്നാല്‍ പരിഹാരം ഉണ്ടായില്ല. പാലക്കാട് ജില്ലയില്‍ തനിക്ക് നിരന്തരമായ അവഗണനയും അധിക്ഷേപവും അപമാനവും നേരിടേണ്ടിവന്നു. അത്തരമൊരു സാഹചര്യത്തില്‍ ആരാണ് ഇതിന് പിന്നിലെന്ന് സമാന്യ യുക്തിയുള്ളവര്‍ക്ക് ബോധ്യമാകുമെന്നും സി.കൃഷ്ണകുമാറിന്റെ പേര് പരാമര്‍ശിക്കാതെ സന്ദീപ് വാര്യര്‍ പറഞ്ഞു.

അതേസമയം നേതൃത്വത്തോട് ഇടഞ്ഞു നില്‍ക്കുന്ന സന്ദീപിനെ അനുനയിപ്പിക്കാന്‍ ആര്‍.എസ്.എസ് വിശേഷ് സമ്പര്‍ക് പ്രമുഖ് എ.ജയകുമാര്‍, ബി.ജെ.പി നേതാവ് പി.ആര്‍. ശിവശങ്കര്‍ തുടങ്ങിയവര്‍ സന്ദീപിന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. അടച്ചിട്ട മുറിയിലായിരുന്നു ചര്‍ച്ച. പാര്‍ട്ടി വിടരുതെന്ന് ആവശ്യപ്പെടാനാണ് നേതാക്കളെത്തിയത്.

എന്‍.ഡി.എ കണ്‍വെന്‍ഷന്‍ വേദിയില്‍ സീറ്റ് കിട്ടാത്തതല്ല സന്ദീപിന്റെ യഥാര്‍ത്ഥ പ്രശ്‌നം. ആഗ്രഹിച്ചിരുന്ന പാലക്കാട് സീറ്റ് നല്‍കാത്തത് സന്ദീപിനെ കൂടുതല്‍ ചൊടിപ്പിച്ചു. നേരത്തെ ചില പരാതികളുടെ പേരില്‍ സന്ദീപിനെ പാര്‍ട്ടി വക്താവ് സ്ഥാനത്ത് നിന്നടക്കം ചുമതലകളില്‍ നിന്ന് മാറ്റിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് സുരേന്ദ്രന്‍ തന്നെയാണ് സന്ദീപിനെ തിരികെ നേതൃ നിരയിലേക്ക് എത്തിക്കാന്‍ മുന്‍കൈയ്യെടുത്തത്. എന്നാല്‍ സന്ദീപിനെതിരെ അച്ചടക്ക നടപടി വേണമെന്ന് കൃഷ്ണദാസ് പക്ഷം ആവശ്യപ്പെടുന്നു.


Share:

Search

Popular News
Top Trending

Leave a Comment