by webdesk1 on | 04-11-2024 09:35:34
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ യുദ്ധവിമാനം തകര്‍ന്നുവീണു. ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 29 ഫൈറ്റര്‍ വിമാനമാണ് തകര്‍ന്നു വീണത്. വിമാനം വീഴുന്നതിനു തൊട്ടുമുന്‍പ് പുറത്തേക്കു ചാടിയതിനാല്‍ പൈലറ്റും ഒപ്പം ഉണ്ടായിരുന്ന ആളും സുരക്ഷിതമായി രക്ഷപെട്ടു. അപകടം മുന്നില്‍ കണ്ട് പൈലറ്റുമാര്‍ സുരക്ഷിതമായി വിമാനത്തില്‍ നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു.
ആഗ്രയ്ക്കടുത്ത് കരഗോല്‍ എന്ന ഗ്രാമത്തില്‍ പാടത്താണ് വിമാനം തകര്‍ന്നുവീണത്. പിന്നാലെ തീപിടിച്ച വിമാനം കത്തിയമര്‍ന്നു. വിവരമറിഞ്ഞ് നാട്ടുകാരും പോലീസും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തി. അപകട കാരണമെന്തെന്നു വ്യക്തമല്ല. പഞ്ചാബിലെ അദംപൂറില്‍ നിന്ന് വിമാനം ആഗ്രയിലേക്ക് പോവുകയായിരുന്നു എന്നാണ് വിവരം. സാങ്കേതിക തകരാറാണ് അപകടത്തിന്റെ കാരണമെന്നാണ് പ്രാഥമിക സൂചന. സംഭവത്തില്‍ പോലീസും അന്വേഷണം നടത്തും.
സോവിയറ്റ് റഷ്യയില്‍ നിര്‍മിച്ച മിഗ്29 വിമാനങ്ങള്‍ 1987 ലാണ് ഇന്ത്യന്‍ സേനയുടെ ഭാഗമായത്. ആധുനികവല്‍ക്കരിച്ച മിഗ്29 യു.പി.ജി വിമാനമാണ് അപകടത്തില്‍പ്പെട്ടത് എന്നാണു റിപ്പോര്‍ട്ട്. 2 മാസത്തിനിടെ രണ്ടാമത്തെ സമാന സംഭവമാണിത്. സാങ്കേതികപ്രശ്‌നത്തെ തുടര്‍ന്നു സെപ്റ്റംബറില്‍ മിഗ്29 വിമാനം രാജസ്ഥാനില്‍ തകര്‍ന്നിരുന്നു. അപകടസമയത്തു രക്ഷപ്പെടാന്‍ പൈലറ്റിനെ സഹായിക്കുന്ന ലോകത്തിലെതന്നെ മികച്ച ഇജക്ഷന്‍ സീറ്റ് ആണു മിഗ്29ല്‍ ഉള്ളതെന്നാണു വിലയിരുത്തല്‍.