by webdesk1 on | 05-11-2024 06:17:10
വാഷിങ്ടണ്‍: ലോകം ഉറ്റുനോക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്. ഇന്ത്യന്‍ സമയം രാവിലെ 10.30 ന് തിരഞ്ഞെടുപ്പിന് നാന്ദി കുറിക്കും. ന്യൂഹാംഷയറിലെ ചെറുപട്ടണമായ ഡിക്‌സ്വില്‍ നോച്ചിലെ ആറു രജിസ്റ്റേഡ് വോട്ടര്‍മാര്‍ വോട്ടുചെയ്യുന്നതോടെ തിരഞ്ഞെടുപ്പ് പ്രക്രിയ ഔദ്യോഗമായി തുടങ്ങും. അപ്പോള്‍ അവിടെ സമയം ചൊവ്വാഴ്ച അര്‍ധരാത്രി കഴിഞ്ഞിട്ടേയുണ്ടാകൂ. എല്ലാ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ആദ്യം വോട്ട് ചെയ്യുന്നത് അവിടത്തുകാരാണ്. ഇന്ത്യന്‍സമയം ബുധനാഴ്ച ഉച്ചയോടെ അലാസ്‌കയിലാകും വോട്ടെടുപ്പിന്റെ പര്യവസാനം.
സംസ്ഥാനങ്ങള്‍ക്കനുസരിച്ച് പോളിങ് സമയം വ്യത്യാസപ്പെട്ടിരിക്കും. മിക്കയിടത്തും പ്രാദേശികസമയം രാവിലെ ആറിനും എട്ടിനുമിടയില്‍ (ഇന്ത്യന്‍ സമയം വൈകീട്ട് 4.30-6.30) ആരംഭിക്കുന്ന വോട്ടെടുപ്പ്, രാത്രി ഏഴിനും ഒമ്പതിനുമിടയില്‍ (ഇന്ത്യന്‍ സമയം ബുധനാഴ്ച രാവിലെ 5.30-7.30) അവസാനിക്കും. ചില സംസ്ഥാനങ്ങളിലെ ഫലപ്രഖ്യാപനം ചൊവ്വാഴ്ച രാത്രിയോടെ ഉണ്ടായേക്കും. തപാല്‍ വോട്ടുകള്‍ എണ്ണിത്തീരാത്ത ഇടങ്ങളിലേത് വൈകും.
രാജ്യത്തുടനീളമുള്ള വോട്ടര്‍മാര്‍, ഇലക്ടറല്‍ കോളേജിലേക്കുള്ള ഇലക്ടര്‍മാര്‍ക്ക് വോട്ടുചെയ്താണ് അടുത്ത പ്രസിഡന്റിനെ പരോക്ഷമായി തിരഞ്ഞെടുക്കുന്നത്. ഇലക്ടറല്‍ കോളേജില്‍, പ്രസിഡന്റിനെ കണ്ടെത്താനുള്ള വോട്ടുരേഖപ്പെടുത്തുക ഈ ഇലക്ടര്‍മാരാണ്. ഇത്തവണത്തെ 538 ഇലക്ടറല്‍ വോട്ടുകളില്‍ 270 ആണ് ജയിക്കാന്‍ വേണ്ട ഭൂരിപക്ഷം.
മൊത്തത്തില്‍ 93 ഇലക്ടറല്‍ വോട്ടുകളുള്ള അരിസോണ, ജോര്‍ജിയ, നെവാഡ, മിഷിഗന്‍, നോര്‍ത്ത് കരോലൈന, വിസ്‌കോണ്‍സിന്‍, പെന്‍സില്‍വേനിയ എന്നീ സ്വിങ് സ്റ്റേറ്റുകളിലേക്കാണ് ലോകം ഉറ്റുനോക്കുന്നത്. ആര്‍ക്കും കൃത്യമായ ഭൂരിപക്ഷമില്ലാത്തെ സംസ്ഥാനങ്ങളാണിവ. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമലാ ഹാരിസും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപും ഏറെ ശ്രദ്ധ കേന്ദ്രീകരിച്ച ഇടങ്ങള്‍ കൂടിയാണ് ഈ സംസ്ഥാനങ്ങള്‍.
പെന്‍സില്‍വാനിയയിലേക്കാണ് ലോകത്തിന്റെ ശ്രദ്ധ കൂടുതലായി പതിയുന്നത്. 19 ഇലക്ടറല്‍ വോട്ടുകളാണ് ഈ സംസ്ഥാനത്തിനുള്ളത്. 2020ലെ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകളുടെ വിജയത്തിന് ഈ സംസ്ഥാനത്തു നിന്നുള്ള വോട്ടുകള്‍ നിര്‍ണായകമായിരുന്നു. പൊതുവെ ഡെമോക്രാറ്റുകള്‍ക്ക് ശക്തിയുള്ള കേന്ദ്രമാണെങ്കിലും, 2016ല്‍ ട്രംപിനെ പെന്‍സില്‍വാനിയയിലെ വോട്ടര്‍മാര്‍ പിന്തുണച്ചു എന്നത് ഡെമോക്രാറ്റുകളില്‍ ആശങ്ക ഉണര്‍ത്തുന്ന കാര്യമാണ്. ഇക്കാരണങ്ങളാല്‍ രണ്ടുകൂട്ടരും ഈ സംസ്ഥാനത്ത് പ്രത്യേകമായി കേന്ദ്രീകരിച്ച് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.
കഴിഞ്ഞ മുക്കാല്‍ നൂറ്റാണ്ടിനിടയില്‍ പെന്‍സില്‍വാനിയയുടെ പിന്തുണയില്ലാത്ത ഒരു ഡെമോക്രാറ്റിനു പോലും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ സാധിച്ചില്ല. ബൈഡന്റെ ഭരണകാലത്തിനിടയില്‍ പെന്‍സില്‍വാനിയയില്‍ വിലക്കയറ്റം വലിയ തോതിലുണ്ടായി. ജീവിതച്ചെലവ് വല്ലാതെ കൂടി. ഇതെല്ലാം വോട്ടിങ്ങില്‍ പ്രതിഫലിക്കുമോ എന്ന ആശങ്കയിലാണ് ഡെമോക്രാറ്റുകള്‍. ഇന്ത്യക്കാര്‍ ഏറെയുള്ള സംസ്ഥാനം കൂടിയാണിത്.
അരിസോണ, നെവേദ, നോര്‍ത്ത് കരോലീന വിസ്‌കോന്‍സിന്‍, ജോര്‍ജിയ, മിഷിഗണ്‍, പെന്‍സില്‍വാനിയ എന്നി സ്വിങ് സ്റ്റേറ്റുകളാണ് അമേരിക്ക ആര് ഭരിക്കണമെന്ന് തീരുമാനിക്കുക. 93 ഇലക്ടറല്‍ വോട്ടുകളാണ് ഇവര്‍ക്കുള്ളത്. ട്രംപ് വളരെ ശക്തമായ പ്രചാരണങ്ങളാണ് പെന്‍സില്‍വാനിയയില്‍ നടത്തിവരുന്നത്. നിയമവിരുദ്ധ കുടിയേറ്റം, തൊഴില്‍നഷ്ടങ്ങള്‍, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളെല്ലാം അദ്ദേഹം ഉയര്‍ത്തി.
538 ഇലക്ടറല്‍ വോട്ടുകളില്‍ ജയിക്കാന്‍ 270 എണ്ണം ആവശ്യമാണ്. ഇലക്ടറല്‍ കോളജിലെ ഇലക്ടര്‍മാര്‍ക്കാണ് വോട്ടര്‍മാര്‍ വോട്ട് ചെയ്യുക. ജനകീയ വോട്ടുകള്‍ നിശ്ചയിക്കുന്നത് ഈ ഇലക്ടര്‍മാരെയാണ്. ഇവര്‍ ചേര്‍ന്ന് വോട്ടിട്ട് പ്രസിഡന്റിനെ കണ്ടെത്തുന്നു. വോട്ടിങ് ശതമാനം ഇത്തവണ കാര്യമായി ഉയരാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. രാജ്യവ്യാപകമായി 1.76 ലക്ഷം പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. 7.75 ലക്ഷം ഉദ്യോഗസ്ഥരെയും വിന്യസിച്ചു.
യുഎസ്സിന്റെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ തിരഞ്ഞെടുപ്പു കൂടിയാണിത്. മൊത്തം ചെലവ് 1590 കോടി ഡോളറോളം വരുമെന്നാണ് കണക്കാക്കുന്നത്. കമല ഹാരിസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി 139 കോടി രൂപയാണ് സമാഹരിച്ചത്. ട്രംപിന്റെ തിരഞ്ഞെടുപ്പു ഫണ്ടിലെത്തിയത് 109 കോടി ഡോളറാണ്.