by webdesk1 on | 05-11-2024 09:59:42
തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ രണ്ടാമതും അധികാരത്തില്‍ വന്ന ശേഷം സി.പി.എമ്മിനോട് മാത്രമല്ല ഇടത് മുന്നണിയോടു പോലും ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടതായി വിലയിരുത്തല്‍. കഴിഞ്ഞ 10 വര്‍ഷത്തിനിടെ എല്‍.ഡി.എഫിന് കേരളത്തില്‍ 7 ശതമാനം വോട്ട് നഷ്ടപ്പെട്ടുവെന്നു സി.പി.എം കേന്ദ്രകമ്മിറ്റിയില്‍ അവതരിപ്പിച്ച കരട് രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ബി.ജെ.പിയും ആര്‍എസ്എസും കേരളത്തില്‍ ശക്തി പ്രാപിക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്.
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 40.42 ശതമാനം വോട്ട് വിഹിതമാണ് എല്‍.ഡി.എഫിന് ഉണ്ടായിരുന്നത്. 2024 തിരഞ്ഞെടുപ്പില്‍ അത് 33.35 ശതമാനമായി കുറഞ്ഞു. അതേസമയം ആര്‍.എസ്.എസും ബി.ജെ.പിയും മുന്നേറ്റം നടത്തുന്നുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അതു പ്രകടമായിരുന്നു. ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും നേരിടാന്‍ ഡി.എം.കെ പോലെയുള്ള പ്രാദേശിക കക്ഷികളുമായി രാഷ്ട്രീയ അടവുനയം ഊര്‍ജിതമാക്കണമെന്നും സി.പി.എം ചൂണ്ടിക്കാട്ടി.
കേരളത്തില്‍ ഉള്‍പ്പെടെ മധ്യവര്‍ഗ വിഭാഗത്തെയും അടിസ്ഥാന വര്‍ഗത്തെയും പാര്‍ട്ടിയുമായി കൂടുതല്‍ അടുപ്പിക്കാനുള്ള നടപടികള്‍ ശക്തിപ്പെടുത്താനാണ് പാര്‍ട്ടിയുടെ നീക്കം. തൊഴിലാളികളെയും കര്‍ഷകരെയും ആകര്‍ഷിക്കുന്നതിലൂടെ മാത്രമേ ഇതു സാധ്യമാകൂ. അത്തരക്കാരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി കൂടുതല്‍ ചെലവഴിക്കുന്ന തരത്തില്‍ സര്‍ക്കാര്‍ മുന്‍ഗണന നിശ്ചയിക്കണമെന്നും പാര്‍ട്ടി നിര്‍ദേശിച്ചു.
ആരാധനാലയങ്ങളെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നത് നേരിടാനും വിശ്വാസികളുടെ തെറ്റിദ്ധാരണ നീക്കാനും ശ്രമിക്കണമെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. മതവിഭാഗീയതയ്ക്കും തീവ്രവാദത്തിനും എതിരെ വിശ്വാസികളെ ഒരുമിപ്പിക്കാനുള്ള നടപടികളാവും സ്വീകരിക്കുക. കേരളത്തിലെ മധ്യവര്‍ഗ പൊതുസമൂഹത്തിന്റെ ജീവിതരീതിയിലുണ്ടായ വ്യതിയാനം പഠിക്കാനും തീരുമാനിച്ചു.
23-ാം പാര്‍ട്ടി കോണ്‍ഗ്രസ് സ്വീകരിച്ച രാഷ്ട്രീയ അടവ് ലൈന്‍ ശരിയായിരുന്നുവെങ്കിലും നടപ്പാക്കുന്നതില്‍ വീഴ്ച പറ്റിയെന്നും കരട് രാഷ്ട്രീയ റിപ്പോര്‍ട്ട് വിലയിരുത്തി. അടിസ്ഥാന വര്‍ഗത്തിന്റെ വിഷയങ്ങള്‍ ഏറ്റെടുക്കുന്നതില്‍ പാര്‍ട്ടിക്കു ജാഗ്രതക്കുറവുണ്ടായി. പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങള്‍ക്കു കൂടുതല്‍ പ്രധാന്യം കല്‍പ്പിക്കപ്പെട്ടതു രാഷ്ട്രീയ അടവ് നയത്തിനു തിരിച്ചടിയാണ്. തെലങ്കാന ഉള്‍പ്പെടെ വളരെ കുറച്ചു സംസ്ഥാനങ്ങളില്‍ മാത്രമാണു പ്രാദേശിക പ്രശ്‌നങ്ങള്‍ക്കു വേണ്ടിയുള്ള സമരങ്ങള്‍ സംഘടിപ്പിക്കാന്‍ കഴിഞ്ഞതെന്നും പാര്‍ട്ടി വിലയിരുത്തുന്നു.