by webdesk1 on | 05-11-2024 10:17:47
കൊച്ചി: ആന എഴുന്നള്ളിപ്പിനും പരിപാലത്തിനും പുതിയ ചട്ടവുമായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. കേരള നാട്ടാന പരിപാലന നിയമത്തിന്റെ ഭേദഗതിയിലുള്ള കരട് തയാറാക്കി വരുന്ന സാഹചര്യത്തില്‍ ആനകളുടെ കാര്യത്തില്‍ ഉള്‍പ്പെടുത്തേണ്ട പ്രധാന കാര്യങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.
മതപരമായ ചടങ്ങുകള്‍ക്കു മാത്രമേ ആനകളെ ഉപയോഗിക്കാവൂ എന്നും സ്വകാര്യ ചടങ്ങുകള്‍, ഉദ്ഘാടനങ്ങള്‍ എന്നിവയില്‍ ആനകളെ ഉപയോഗിക്കരുത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓരോ എഴുന്നള്ളിപ്പിന് ശേഷം ആനകള്‍ക്ക് 24 മണിക്കൂര്‍ നിര്‍ബന്ധിത വിശ്രമം വേണം. ഒരു ദിവസം 100 കിലോമീറ്ററിലധികം ആനകളെ വാഹനത്തിലോ 30 കിലോമീറ്ററിലധികം നടത്തിക്കൊണ്ടോ പോകരുത്.
ആനയ്ക്ക് ആരോഗ്യമുണ്ടെന്നു യാത്ര തുടങ്ങുന്നതിനു 12 മണിക്കൂറിനുള്ളില്‍ ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം. രാവിലെ 11നും വൈകിട്ട് 4നും ഇടയില്‍ ആനകളെ വാഹനങ്ങളില്‍ കൊണ്ടുപോകരുത്. രാത്രി 10നും പുലര്‍ച്ചെ 4നും ഇടയിലുള്ള യാത്രയും ഒഴിവാക്കണം.
65 വയസ് കഴിഞ്ഞ ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കരുത്. അസുഖം ബാധിച്ചതോ തളര്‍ന്നതോ പരുക്കേറ്റതോ അംഗലവൈകല്യം വന്നതോ മദമിളകിയതോ ആയ ആനകളെ എഴുന്നള്ളിക്കാന്‍ അനുമതി നല്‍കരുത്. 5 ആനകളില്‍ കൂടുതല്‍ എഴുന്നള്ളിക്കുന്ന സ്ഥലത്താണെങ്കില്‍ 24 മണിക്കൂറെങ്കിലും മുന്‍പ് ആനകളെ സ്ഥലത്ത് എത്തിച്ച് മെഡിക്കല്‍ പരിശോധന അടക്കമുള്ളവ നടത്തുകയും വേണം.
എഴുന്നള്ളിപ്പുകള്‍ക്കു നിര്‍ത്തുമ്പോള്‍ ആനകള്‍ തമ്മില്‍ 3 മീറ്ററെങ്കിലും അകലം പാലിക്കണം. ജനങ്ങളെ ആനകള്‍ക്കു സമീപത്തുനിന്നു 10 മീറ്റര്‍ എങ്കിലും അകലത്തില്‍ നിര്‍ത്തണം. എട്ടു മീറ്ററില്‍ കുറവുള്ള പൊതുവഴികളില്‍ കൂടി പ്രദക്ഷിണവും എഴുന്നള്ളിപ്പും അനുവദിക്കരുത്. വെടിക്കെട്ട് നടക്കുന്നുണ്ടെങ്കില്‍ അതിന് 100 മീറ്ററെങ്കിലും അകലെ മാത്രമേ ആനകളെ നിര്‍ത്താവൂ.
ഏതെങ്കിലും രോഗത്തിനു ചികിത്സയിലിരിക്കുന്ന ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കരുത്. ഏതെങ്കിലും കണ്ണിനു കാഴ്ചക്കുറവുണ്ടെങ്കിലും എഴുന്നള്ളിക്കരുത്. ജില്ലാ കമ്മിറ്റി എഴുന്നള്ളിപ്പിന് അനുമതി നല്‍കുന്നതിനു മുന്‍പ് ആനയ്ക്ക് ആരോഗ്യമുണ്ടെന്നു മൃഗഡോക്ടര്‍ സാക്ഷ്യപ്പെടുത്തണം.
തലപ്പൊക്ക മത്സരം, വണങ്ങല്‍, പുഷ്പവൃഷ്ടി എന്നിവ പാടില്ല. ആനകളോടു ക്രൂരത കാട്ടുന്നുണ്ടോ എന്ന് അറിയിക്കുന്നതിന് ആരാധനാലയങ്ങളില്‍ ടോള്‍ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം. ആനകളെ കൊണ്ടുപോകുന്ന ഓരോ സ്ഥലത്തും ജോലി റജിസ്റ്റര്‍, യാത്രാ റജിസ്റ്റര്‍, ഭക്ഷണ റജിസ്റ്റര്‍ എന്നിവ ഒപ്പമുണ്ടാവുകയും അതതു സമയങ്ങളില്‍ തന്നെ അവ രേഖപ്പെടുത്തുകയും വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.