by webdesk1 on | 05-11-2024 10:32:10
വാഷിങ്ടണ്‍: മുന്‍പെങ്ങുമില്ലാത്ത വിധം വീറും വാശിയും നിറഞ്ഞ ഇത്തവണത്തെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസവും ആവേശത്തിന് കുറവില്ലായിരുന്നു. ന്യൂഹാംപ്‌ഷെയറിലെ ഡിക്‌സന്‍ വില്ലയില്‍ ആദ്യ വോട്ട് രേഖപ്പെടുത്തിയത് മുതല്‍ ശക്തമായ പോളിങാണ് ഏറെക്കുറെ എല്ലാ സംസ്ഥാനങ്ങളിലും.
പ്രാദേശിക സമയം പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് വോട്ടെടുപ്പിലേക്ക് അമേരിക്ക കടന്നത്. കണക്ടിക്കട്ട്, കെന്റക്കി, ന്യൂയോര്‍ക്ക്, ഇന്ത്യാന, മെയ്ന്‍, ന്യൂജഴ്‌സി സംസ്ഥാനങ്ങളും വോട്ടെടുപ്പിലേക്ക് കടന്നു. വോട്ടെടുപ്പില്‍ നിര്‍ണായകമാകുന്ന സ്വിങ് സ്‌റ്റേറ്റുകളിലും പോളിങ് ആരംഭിച്ചിട്ടുണ്ട്.
ബുധനാഴ്ച രാവിലെ ഇന്ത്യന്‍ സമയം രാവിലെ പതിനൊന്നര വരെയാണ് വോട്ടെടുപ്പ്. ബുധനാഴ്ച വൈകിട്ടോടെ വ്യക്തമായ ഫലസൂചന പുറത്തുവരുമെന്നാണ് കരുതുന്നത്. എന്നാല്‍, ഇരുസ്ഥാനാര്‍ഥികളും ഒപ്പത്തിനൊപ്പം പോരാട്ടമാണെങ്കില്‍ അമേരിക്കയുടെ അടുത്ത പ്രസിഡന്റ് ആരെന്ന് അറിയാന്‍ വൈകും.
അതേസമയം യുഎസ് പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നും ഇത്തവ വോട്ടുണ്ട്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കഴിയുന്ന സുനിത വില്യംസ്, ബുച്ച് വില്‍മോര്‍, നിക്ക് ഹേഗ്, ഡോണ്‍ പെറ്റിറ്റ് എന്നിവരാണ് വോട്ട് ചെയ്യുന്നത്.
കമല ഹാരിസും ഡോണള്‍ഡ് ട്രംപും മത്സരരംഗത്ത് ഒപ്പത്തിനൊപ്പമാണെങ്കിലും അവസാനഘട്ട സര്‍വേ ഫലങ്ങളില്‍ കമല മുന്നിട്ടു നില്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇക്കുറി വനിതാ വോട്ടുകളും കമലക്ക് അനുകൂലമാണെന്ന് സര്‍വേകള്‍ പറയുന്നു. 2016 ല്‍ ഹിലരി ക്ലിന്റണെതിരെ മത്സരിച്ചപ്പോള്‍ 53 ശതമാനം വനിത വോട്ടുകള്‍ നേടിയ ട്രംപിന് ഇക്കുറി 40 ശതമാനം വോട്ടേ ലഭിക്കൂവെന്നാണ് സൂചന.