by webdesk1 on | 06-11-2024 02:43:54 Last Updated by webdesk1
വാഷിങ്ടണ്‍: അമേരിക്കയുടെ 47-ാം പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടു. വിസ്‌കോണ്‍സില്‍ ലീഡ് ചെയ്യുന്ന സീറ്റുകള്‍കൂടി ചേര്‍ത്താണ് വിജയിക്കാനാവശ്യമായ 270 ഇലക്ടറല്‍ കോളേജ് വോട്ടുകള്‍ എന്ന മാജിക് നമ്പര്‍ ട്രംപ് കടന്നത്. തുടര്‍ച്ചയായി അല്ലാതെ രണ്ടുതവണ പ്രസിഡന്റാവുന്ന രണ്ടാമത്തെയാളാണ് ട്രംപ്.
538-ല്‍ 267 ഇലക്ടറല്‍ കോളേജ് വോട്ടുകള്‍ ട്രംപ് നേടിയിരിക്കുന്നത്. വിസ്‌കോണ്‍സില്‍ ലീഡ് ചെയ്യുന്ന 10 സീറ്റുകള്‍കൂടി ചേര്‍ത്താണ് ട്രംപ് 277 എന്ന അക്കത്തിലെത്തുന്നത്. ഇലക്ടറല്‍ കോളേജിന് പുറമേ പോപ്പുലര്‍ വോട്ടുകളും ട്രംപ് നേടി. 2016 ല്‍ ഇലക്ടറല്‍ കോളേജ് വോട്ടിന്റെ ബലത്തിലാണ് ട്രംപ് അമേരിക്കയുടെ പ്രസിഡന്റായത്. നാലുവര്‍ഷം പൂര്‍ത്തിയാക്കി 2020 തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ ട്രംപ് ജോ ബൈഡനോട് പരാജയപ്പെട്ടിരുന്നു.
226 വോട്ടുകള്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കമലാ ഹാരിസിന് ലഭിച്ചു. യു എസിന്റെ പ്രസിഡന്റ് പദത്തിലെത്താന്‍ 270 വോട്ടുകളാണ് വേണ്ടത്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 23 സംസ്ഥാനങ്ങള്‍ ട്രംപിനൊപ്പമായിരുന്നു. 11 സംസ്ഥാനങ്ങള്‍ മാത്രമേ കമലയ്ക്കൊപ്പം നിലകൊണ്ടുള്ളു. പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ നിര്‍ണായകമായി സ്വാധീനിക്കുന്ന സ്വിങ് സീറ്റുകളില്‍ പെന്‍സില്‍വാനിയ, അരിസോണ, ജോര്‍ജിയ, മിഷിഗണ്‍, നെവാദ, നോര്‍ത്ത് കരലിന, വിസ്‌കോന്‍സിന്‍ സംസ്ഥാനങ്ങളിലും ട്രംപ് തന്നെയാണ് ലീഡ് ചെയ്യുന്നത്.
പ്രസിഡന്റ് പദം ഉറപ്പിച്ചതിന് പിന്നാലെ ട്രംപ് തന്റെ നിലപാട് വ്യക്തമാക്കി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു. അമേരിക്ക അതിര്‍ത്തികള്‍ പൂര്‍ണമായും അടയ്ക്കാന്‍ പോകുകയാണെന്നാണ് ആദ്യ പ്രസംഗത്തില്‍ ട്രംപ് പ്രഖ്യാപിച്ചത്. ആളുകള്‍ ഇങ്ങോട്ട് വരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, പക്ഷേ അവര്‍ നിയമപരമായി വേണം വരാന്‍. വിജയം നേടാന്‍ സഹായിച്ച ലക്ഷക്കണക്കിന് അമേരിക്കക്കാര്‍ക്ക് നന്ദി പറയുന്നതായും ട്രംപ് പറഞ്ഞു.
2016 ന് പുറമെ 2024 ലും പ്രസിഡന്റ് സ്ഥാനത്തേക്ക് ട്രംപ് എത്തുന്നതോടെ തുടര്‍ച്ചയായല്ലാതെ രണ്ടു തവണ പ്രസിഡന്റാകുന്ന രണ്ടാമനായി ട്രംപ് മാറി. 127 വര്‍ഷത്തിന് ശേഷമാണ് ആ ചരിത്രം തിരുത്തപ്പെടുന്നത്. ഇതിന് മുമ്പ് മുന്‍പ് ഗ്രോവന്‍ ക്ലീന്‍ ലന്‍ഡായിരുന്നു ഈ റെക്കോര്‍ഡിന് ഉടമ. 1951 ല്‍ ആണ് പ്രസിഡന്റ് പദവി രണ്ട് ടേം ആയി നിജപ്പെടുത്തിയത്.