News Kerala

കൊല്ലം കളക്ടറേറ്റ് ബോംബ് സ്‌ഫോടന കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം; ശിക്ഷിച്ചത് തീവ്രവാദ സംഘടനയായ ബേസ് മൂവ്‌മെന്റിന്റെ പ്രവര്‍ത്തകരെ

Axenews | കൊല്ലം കളക്ടറേറ്റ് ബോംബ് സ്‌ഫോടന കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം; ശിക്ഷിച്ചത് തീവ്രവാദ സംഘടനയായ ബേസ് മൂവ്‌മെന്റിന്റെ പ്രവര്‍ത്തകരെ

by webdesk1 on | 07-11-2024 02:19:46

Share: Share on WhatsApp Visits: 29


കൊല്ലം കളക്ടറേറ്റ് ബോംബ് സ്‌ഫോടന കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം; ശിക്ഷിച്ചത് തീവ്രവാദ സംഘടനയായ ബേസ് മൂവ്‌മെന്റിന്റെ പ്രവര്‍ത്തകരെ


കൊല്ലം: കൊല്ലം കളക്ടറേറ്റ് ബോംബ് സ്‌ഫോടനക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കൊല്ലം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. തീവ്രവാദ സംഘടനയായ ബേസ് മൂവ്‌മെന്റിന്റെ പ്രവര്‍ത്തകരായ മധുര ഇസ്മയില്‍പുരം സ്വദേശി അബ്ബാസ് അലി (31), മധുര കെ.പുതുര്‍ സ്വദേശി ഷംസൂണ്‍ കരീം രാജ (33), മധുര പള്ളിവാസല്‍ സ്വദേശി ദാവൂദ് സുലൈമാന്‍ (27) എന്നിവര്‍ക്കാണു ശിക്ഷ വിധിച്ചത്.

ഇവര്‍ കുറ്റക്കാരാണെന്നു കഴിഞ്ഞദിവസം കൊല്ലം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ജി.ഗോപകുമാര്‍ കണ്ടെത്തിയിരുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്ന പ്രതികളെ കോടതിയില്‍ നേരിട്ടു ഹാജരാക്കിയ ശേഷമാണ് വിധി കേള്‍പ്പിച്ചത്. നാലാം പ്രതി ഷംസുദ്ദീനെ(28) തെളിവുകളുടെ അഭാവത്തില്‍ വെറുതേവിട്ടിരുന്നു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകാനുള്ളതിനാല്‍ ഇയാള്‍ ജയില്‍ മോചിതനായിട്ടില്ല.

2016 ജൂണ്‍ 15-ന് കൊല്ലം കളക്ടറേറ്റ് വളപ്പിലെ മുന്‍സിഫ് കോടതിക്കു സമീപത്തായിരുന്നു ബോംബ് സ്ഫോടനം. മധുര കീഴവേളിയില്‍ ഒന്നാം പ്രതി നടത്തിവന്നിരുന്ന ദാറുള്‍ ഇലം ഗ്രന്ഥശാലയില്‍വച്ച് ബേസ്മൂവ്മെന്റ് എന്ന ഭീകരവാദ സംഘടനയ്ക്ക് രൂപംനല്‍കി ബോംബ് സ്ഫോടനം നടത്തിയതെന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്. 2004 ജൂണ് 15-ന് ഗുജറാത്തില്‍ ഇസ്രത്ത് ജഹാനെയും മറ്റ് മൂന്നുപേരെയും കൊലപ്പെടുത്തിയതിന്റെ പ്രതികാരമായാണ് സ്ഫോടനം ആസൂത്രണം ചെയ്തത്.

ജൂണ് 15-ന് രാവിലെ പത്തുമണിയോടെ കളക്ടറേറ്റിനുള്ളില്‍ കാര്‍ ഷെഡ്ഡില്‍ നിര്‍ത്തിയിട്ടിരുന്ന തൊഴില്‍വകുപ്പിന്റെ ജീപ്പിനു സമീപമാണ് ബോംബ് സ്ഥാപിച്ചത്. 10.45-ന് ബോംബ് പൊട്ടിത്തെറിച്ചു. ഇതിലെ ചീള് തെറിച്ച് മുന്‍സിഫ് കോടതി വരാന്തയില്‍ നിന്ന കുണ്ടറ സ്വദേശി നീരൊഴുക്കില്‍ സാബുവിന്റെ മുഖത്ത് പരിക്കേറ്റിരുന്നു.

2023 ഏപ്രില്‍ 13-ന് അന്നത്തെ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി ആയിരുന്ന എം.ബി. സ്നേഹലതയാണ് കുറ്റപത്രം വായിച്ചത്. ആകെ 63 സാക്ഷികളെ പ്രോസിക്യൂഷന്‍ ഭാഗത്ത് വിസ്തരിച്ചു. 110 രേഖകള്‍, 26 തൊണ്ടിമുതലുകള്‍ എന്നിവ ഹാജരാക്കി. തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ജി. ഗോപകുമാറിന്റെ മുന്‍പില്‍ ദിവസങ്ങള്‍ നീണ്ടുനിന്ന വാദം നടന്നു. പ്രോസിക്യൂഷനു വേണ്ടി ഗവണ്മെന്റ് പ്ലീഡര്‍ സേതുനാഥും പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകന്‍ കുറ്റിച്ചല്‍ ഷാനവാസും ഹാജരായി.


Share:

Search

Popular News
Top Trending

Leave a Comment