by webdesk1 on | 07-11-2024 02:33:27
മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാനെതിരെ വീണ്ടും വധഭീഷണി. റായ്പുരില്‍ നിന്നാണ് 50 ലക്ഷം രൂപ ആവശ്യപ്പെട്ടുകൊണ്ട് ബാന്ദ്ര പോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ കോളെത്തിയത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ സുരക്ഷ പോലീസ് ശക്തമാക്കി.
സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫൈസാന്‍ എന്ന വ്യക്തിയാണ് ഭീഷണി സന്ദേശത്തിന് പിന്നിലെന്നാണ് പോലീസ് നിഗമനം. ഇയാളുടെ ലൊക്കേഷന്‍ കണ്ടെത്തിയിട്ടുണ്ട്.
ഒക്ടോബറിലും ഷാരൂഖിനെതിരെ സമാനമായ ഭീഷണിസന്ദേശമെത്തിയിരുന്നു. തുടര്‍ന്ന്, വൈ പ്ലസ് കാറ്റഗറി സുരക്ഷയും പോലീസ് അദ്ദേഹത്തിന് ഏര്‍പ്പാടാക്കിയിരുന്നു. സായുധരായ ആറു ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിനോടൊപ്പമുണ്ടെന്ന് അധികൃതര്‍ ഉറപ്പുവരുത്തി. നേരത്തെ, ആയുധമേന്തിയ രണ്ട് ഉദ്യോഗസ്ഥരായിരുന്നു താരത്തിന് ഒപ്പമുണ്ടായിരുന്നത്.
സല്‍മാന്‍ ഖാനെതിരെ ലക്ഷ്യം വെച്ച് നിരന്തരം ഭീഷണിസന്ദേശങ്ങള്‍ വരുന്നതിനിടെയാണ് ഇപ്പോള്‍ ഷാരൂഖിനേയും ചിലര്‍ ലക്ഷ്യമിടുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് സല്‍മാന്റെ ജീവന്‍ സംരക്ഷിക്കണമെങ്കില്‍ അഞ്ച് കോടി രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് സന്ദേശമെത്തിയിരുന്നു. ലോറന്‍സ് ബിഷ്ണോയി സംഘത്തിന്റേത് എന്ന് അവകാശപ്പെട്ടാണ് മുംബൈ പോലീസ് ട്രാഫിക് കണ്‍ട്രോള്‍ റൂമിന്റെ വാട്ടസ്ആപ്പ് നമ്പറിലേക്ക് സന്ദേശമെത്തിയത്.