News International

ആക്രമണം നടത്തിയാല്‍ ബന്ധുക്കളെ വരെ നാടുകടത്തും: പാലസ്തീനികളെ ലക്ഷ്യമിട്ട് നിയമം പാസാക്കി ഇസ്രയേല്‍

Axenews | ആക്രമണം നടത്തിയാല്‍ ബന്ധുക്കളെ വരെ നാടുകടത്തും: പാലസ്തീനികളെ ലക്ഷ്യമിട്ട് നിയമം പാസാക്കി ഇസ്രയേല്‍

by webdesk1 on | 08-11-2024 07:22:50

Share: Share on WhatsApp Visits: 26


ആക്രമണം നടത്തിയാല്‍ ബന്ധുക്കളെ വരെ നാടുകടത്തും: പാലസ്തീനികളെ ലക്ഷ്യമിട്ട് നിയമം പാസാക്കി ഇസ്രയേല്‍


ജറുസലേം: ഇസ്രായേലില്‍ ആക്രമണം നടത്തുന്ന പാലസ്തീന്‍കാരുടെ ബന്ധുക്കളെ നാട് കടത്തുന്ന നിയമം പാസാക്കി ഇസ്രയേല്‍ പാര്‍ലമെന്റ്. 20 വര്‍ഷം വരെ നാടുകടത്താന്‍ ആഭ്യന്തര മന്ത്രാലയത്തിന് അധികാരം നല്‍കുന്നതാണ് നിയമം. സാഹചര്യത്തിന് അനുസരിച്ച് ഗാസയിലേക്കോ മറ്റു സ്ഥലങ്ങളിലേക്കോ ആകും നാടുകടത്തുക.

മാതാപിതാക്കള്‍, സഹോദരങ്ങള്‍, മക്കള്‍, ഇണകള്‍ എന്നിവരെയെല്ലാം ഈ നിയമപ്രകാരം നാടുകടത്താന്‍ സാധിക്കും. ഭീകരവാദത്തിന് പിന്തുണ, സ്തുതി, പ്രോത്സാഹനം എന്നിവ നല്‍കിയെന്ന കുറ്റം ചുമത്തിയാകും നടപടി.

ആക്രമണം മുന്‍കൂട്ടി അറിഞ്ഞിട്ടും അത് തടയാന്‍ നടപടി സ്വീകരിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയും ആളുകളെ നാടുകടത്താന്‍ സാധിക്കും. ഭരണ കക്ഷിയായ ലിക്കുഡ് പാര്‍ട്ടിയുടെ ഹനോച്ച് മില്‍വിഡ്സികിയാണ് ബില്ല് അവതരിപ്പിച്ചത്. 61 എംപിമാര്‍ ഇതിനെ പിന്തുണച്ചപ്പോള്‍ 41 പേര്‍ എതിര്‍ത്തു.

ഇസ്രയേലിലുള്ള പാലസ്തീന്‍ പൗരന്‍മാരെ ഏഴ് വര്‍ഷം മുതല്‍ 15 വര്‍ഷം വരെ നാടുകടത്താം. മറ്റുള്ളവരെ 10 മുതല്‍ 20 വര്‍ഷം വരെയാകും നാടുകടത്തുക. നാടുകടത്തല്‍ നടപ്പാക്കാന്‍ പോലീസിനും അധികാരമുണ്ടാകും. നിയമത്തെ ആഭ്യന്തര രഹസ്യാന്വേഷണ ഏജന്‍സിയായ ഷിന്‍ബെറ്റും പിന്തുണച്ച് രംഗത്തു വന്നു. പ്രതിരോധത്തിനുള്ള ഫലപ്രദമായ മാര്‍ഗമെന്നാണ് ഷിന്‍ബെറ്റിന്റെ അഭിപ്രായം.

എന്നാല്‍ ഈ നിയമ നിര്‍മാണം നിയമപരമായ വെല്ലുവിളികള്‍ നേരിടാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നിയമം ഇസ്രയേല്‍ സുപ്രീം കോടതിയില്‍ എത്തിയാല്‍ നേരത്തേയുള്ള വിധികളുടെ അടിസ്ഥാനത്തില്‍ അസാധുവാക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഇസ്രായേലി നിയമ വിദഗ്ധനായ എറാന്‍ ഷമീര്‍ ബോറര്‍ പറഞ്ഞു.

ഇസ്രയേലിലെ അറബ് ഇസ്രയേലികള്‍ എന്നറിയപ്പെടുന്ന പാലസ്തീന്‍ പൗരന്‍മാരെയാണ് ഈ നിയമം ബാധിക്കുക. ഇസ്രയേല്‍ ജനസംഖ്യയുടെ 20 ശതമാനം വരും ഇവര്‍. തീവ്രവാദ കുറ്റങ്ങള്‍ക്ക് പിടിയിലാകുന്ന 12 വയസിന് മുകളിലുള്ള കുട്ടികളെ ശിക്ഷിക്കാന്‍ കഴിയുന്ന അഞ്ച് വര്‍ഷത്തെ താല്‍ക്കാലിക ഉത്തരവിനും പാര്‍ലമെന്റ് അനുമതി നല്‍കി.


Share:

Search

Popular News
Top Trending

Leave a Comment