by webdesk1 on | 08-11-2024 07:30:47
ന്യൂഡല്‍ഹി: കാനഡയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. തീവ്രവാദികള്‍ക്ക് കാനഡ രാഷ്ട്രീയ ഇടം നല്‍കുകയാണെന്നും യാതൊരു അടിസ്ഥാനവുമില്ലാതെ ഇന്ത്യക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയാണന്നും അദേഹം കുറ്റപ്പെടുത്തി.
ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ മേല്‍ നിരീക്ഷണമേര്‍പ്പെടുത്തിയത് അംഗീകരിക്കാന്‍ കഴിയില്ല. ബ്രാംപ്ടണിലെ ഹിന്ദുസഭ ക്ഷേത്രത്തില്‍ ഖാലിസ്ഥാന്‍ വിഘടന വാദികള്‍ നടത്തിയ ആക്രമണത്തെക്കുറിച്ചുള്ള പ്രതികരണത്തിലാണ് രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്.
ഖാലിസ്ഥാന്‍ വിഘടന വാദികള്‍ക്ക് പിന്തുണ നല്‍കുകയും ഭീകരവാദിയായി പ്രഖ്യാപിച്ച ഹര്‍ദീപ് സിങ് നിജ്ജാര്‍ വധത്തിന് പിന്നില്‍ ഇന്ത്യയാണെന്ന് ആരോപിക്കുകയും ചെയ്തതിനെ തുടര്‍ന്ന് കാനഡുമായുള്ള നയതന്ത്ര ബന്ധം കൂടുതല്‍ വഷളായ സാഹചര്യത്തിലാണ് ജയശങ്കറിന്റെ പ്രസ്താവന.
ഞായറാഴ്ചയാണ് ഖലിസ്ഥാന്‍ വിഘടന വാദികളായ പ്രതിഷേധക്കാര്‍ ബ്രാംപ്ടണിലെ ഹിന്ദുസഭ ക്ഷേത്രത്തില്‍ ആക്രമണം നടത്തിയത്. ഹിന്ദു മഹാസഭ മന്ദിറിന് നേരേയാണ് കഴിഞ്ഞ ദിവസം ഖലിസ്ഥാന്‍ പതാകകളും വടികളുമായി എത്തിയ സംഘം ആക്രമണം അഴിച്ചുവിട്ടത്.
വിശ്വാസികളെ ആക്രമിക്കുന്നതിനിടെ അക്രമികളെ കനേഡിയന്‍ പോലീസ് ഇടപെട്ട് നീക്കിയെങ്കിലും ഏതാനും പേര്‍ ആക്രമണത്തിനിരയായി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ആക്രമണത്തെ ഇന്ത്യ അപലപിച്ചു. തീവ്രവാദികളും വിഘടനവാദ സംഘങ്ങളും നടത്തിയ ഈ ആക്രമണത്തെ ശക്തമായി അപലപിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അക്രമികളെ നിയമത്തിനു മുന്നിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.