by webdesk1 on | 08-11-2024 09:18:19
കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ അതീവ ദു:ഖമുണ്ടെന്ന് പി.പി. ദിവ്യ. കേസില്‍ ജാമ്യം ലഭിച്ച ശേഷം ജയിലില്‍ നിന്ന് പുറത്തിറങ്ങവേ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന അവര്‍. അഭിഭാഷകനും പാര്‍ട്ടി നേതാക്കളുമാണ് ദിവ്യയെ കണ്ണൂര്‍ വനിതാ ജയിലില്‍ നിന്ന് സ്വീകരിച്ചത്. പതിനൊന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ദിവ്യ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.
വര്‍ഷങ്ങളായി പൊതുജനങ്ങളോടൊപ്പം നില്‍ക്കുന്നയാളാണ് താന്‍. സദുദ്ദേശപരമായിട്ട് മാത്രമാണ് സംസാരിച്ചത്. നിയമത്തില്‍ വിശ്വസിക്കുന്നു. മരണത്തില്‍ കൃത്യമായ അന്വേഷണം നടക്കണം. തന്റെ നിരപരാധിത്വം തെളിയിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും നവീന്റെ കുടുംബത്തോടൊപ്പമാണ് താനെന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു.
കര്‍ശന ഉപാധികളോടെയാണ് ദിവ്യക്ക് കോടതി ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചയും 10 മണിക്കും 11 മണിക്കും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ ഹാജരാക്കണമെന്നാണ് പ്രധാന ഉപാധി. കണ്ണൂര്‍ ജില്ലയ്ക്ക് പുറത്തു പോകാന്‍ പാടില്ല, സാക്ഷികളെ സ്വാധീനിക്കാന്‍ പാടില്ലെന്നും കോടതി ഉത്തരവിട്ടു.
രണ്ട് പേരുടെ ആള്‍ജാമ്യത്തിലാണ് ദിവ്യയ്ക്ക് ജാമ്യം നല്‍കിയിരിക്കുന്നത്. എന്നാല്‍ ജാമ്യം ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്നായിരുന്നു നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ പ്രതികരണം. കുടുംബം ഹൈക്കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന.