by webdesk1 on | 09-11-2024 07:56:10
പാലക്കാട്: പാലക്കാട്ടെ ട്രോളി വിവാദത്തില്‍ സി.പി.എം നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന സി.പി.ഐ നേതാവ് സി.ദിവാകരന്‍. ട്രോളി ബാഗ് ആരോപണമുന്നയിച്ചവര്‍ ഇരുട്ടില്‍ ആണ്. കള്ളപ്പണ ആരോപണം ഉന്നയിച്ചവര്‍ക്ക് ഒരു തെളിവും നല്‍കാനാകുന്നില്ല. ട്രോളി ബാഗ് വിവാദം ഒരു ബില്‍ഡ് അപ്പ് സ്റ്റോറി ആണെന്നും അതില്‍ പോലീസിനും പങ്കുള്ളതായി സംശയിക്കുന്നുവെന്നും ദിവാകരന്‍ പറഞ്ഞു.
പണം കൊണ്ടുവന്ന് പോയി, വന്നു എന്നൊക്കെ പറയുന്നു. വസ്തുത തെളിയിക്കണം. ആരോപിച്ചവര്‍ തെളിവുകള്‍ നല്‍കിയിട്ടില്ല. അവര്‍ക്ക് തെളിവ് നല്‍കാന്‍ കഴിയുന്നില്ല. ജനങ്ങളുടെ ശ്രദ്ധ തിരിഞ്ഞുപോവാന്‍ ഇതെല്ലാം കാരണമാവുമെന്നും സി.ദിവാകരന്‍ പറഞ്ഞു.
വയനാട് തെരഞ്ഞെടുപ്പ് സെലിബ്രിറ്റി മണ്ഡലമായി മാറുന്നു. ജനാധിപത്യത്തില്‍ അത് ദോഷം ചെയ്യും. സെലിബ്രിറ്റിയെ കേന്ദ്രമന്ത്രിയാക്കിയതിന് അനുഭവിക്കുകയാണ്. സെലിബ്രിറ്റികളല്ല ആവശ്യം, സംശുദ്ധമായ രാഷ്ട്രീയ പശ്ചാത്തലമാണ് ആവശ്യം. മുകേഷിനെ എംഎല്‍എ ആക്കിയതിനും അനുഭവിക്കുന്നുണ്ടല്ലോ. അത് ഇടതുപക്ഷമായാലും ആരായാലും പാടില്ല എന്നും ദിവാകരന്‍ കൂട്ടിച്ചേര്‍ത്തു.