News Kerala

വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം; അവസാനവട്ട വോട്ട് പിടുത്തത്തിന് നേതാക്കള്‍ ഇന്ന് കളത്തില്‍

Axenews | വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം; അവസാനവട്ട വോട്ട് പിടുത്തത്തിന് നേതാക്കള്‍ ഇന്ന് കളത്തില്‍

by webdesk1 on | 11-11-2024 07:27:16

Share: Share on WhatsApp Visits: 25


വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം; അവസാനവട്ട വോട്ട് പിടുത്തത്തിന് നേതാക്കള്‍ ഇന്ന് കളത്തില്‍


തിരുവനന്തപുരം: ആവേശം നിറഞ്ഞ 28 ദിവസത്തെ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒടുവില്‍ രണ്ട് മണ്ഡലങ്ങളിലെ കൊട്ടിക്കലാശം ഇന്ന്. വയനാട്ടിലും ചേലക്കരയിലുമാണ് ഇന്ന് പരസ്യ പ്രചരണം അവസാനിക്കുന്നത്. വോട്ട് പിടിക്കാന്‍ പരമാവധി നേതാക്കള്‍ ഇന്ന് കളത്തിലിറങ്ങും. പാലക്കാട് ഇന്ന് യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും ട്രാക്ടര്‍ മാര്‍ച്ചുകളും നടക്കും.

വയനാട്ടിലെ കൊട്ടിക്കലാശ ആവേശത്തിലേക്ക് ഇന്ന് രാഹുല്‍ ഗാന്ധിയും എത്തും. പ്രിയങ്കയ്ക്ക് ഒപ്പം രാവിലെ ബത്തേരിയിലും വൈകിട്ട് തിരുവമ്പാടിയിലും കൊട്ടിക്കലാശത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. രണ്ടിടത്തും ഇരുവരും ഒന്നിച്ച് റോഡ് ഷോയ്‌ക്കെത്തും.

എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരി കല്‍പ്പറ്റയിലെ കൊട്ടിക്കലാശത്തില്‍ പങ്കെടുക്കും. എന്‍.ഡി.എ സ്ഥാനാര്‍ഥി നവ്യ ഹരിദാസ് കല്‍പ്പറ്റയിലും മാനന്തവാടിയിലും ബത്തേരിയിലും റോഡ്‌ഷോകളില്‍ പങ്കെടുക്കും. സുല്‍ത്താന്‍ ബത്തേരിയിലാണ് എന്‍.ഡി.എയുടെ കൊട്ടിക്കലാശം. ഒരു മാസത്തോളം നീണ്ട വീറും വാശിയും നിറഞ്ഞ ചേലക്കരയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ഇന്ന് കൊട്ടിക്കലാശമാകുന്നത്.

മണ്ഡലത്തിന്റെ ചരിത്രത്തില്‍ ഇന്നേവരെ കാണാത്ത കാടിളക്കിയ പ്രചാരണത്തിനാണ് പരിസമാപ്തിയാകുന്നത്.  ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി ,വിവാദങ്ങളില്‍ കരുതലോടെ പ്രതികരിച്ചുമായിരുന്നു സിറ്റിംഗ് സീറ്റ് നിലനിര്‍ത്താനുള്ള ഇടതുമുന്നണി പ്രചാരണം. ഭരണ വിരുദ്ധ വികാരത്തിലൂന്നി, നേതാക്കള്‍ മുഴുവന്‍ സമയവും ബൂത്ത് തലം വരെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുമായിരുന്നു യു.ഡി.എഫ് ക്യാമ്പ് നീങ്ങിയത്.

ബി.ജെ.പിയും പ്രചാരണത്തില്‍ ഇരുമുന്നണികള്‍ക്കും ഒപ്പത്തിനൊപ്പം പിടിച്ചു. വൈകിട്ട് ചേലക്കര ടൗണിലാണ് മൂന്ന് സ്ഥാനാര്‍ത്ഥികളും പങ്കെടുത്തുള്ള കൊട്ടിക്കലാശം. രമ്യ ഹരിദാസിനൊപ്പം കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനും, യു.ആര്‍. പ്രദീപിനായി പാലക്കാട്ടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സരിനും കൊട്ടിക്കലാശത്തില്‍ അണിനിരക്കും.

പാലക്കാട്ട് ഉപതെരഞ്ഞെടുപ്പില്‍ കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തികൊണ്ടാണ് യു.ഡി.എഫും എന്‍.ഡി.എയും ഇന്ന് ട്രാക്ടര്‍ മാര്‍ച്ചുകള്‍ നടത്തുന്നത്. രാവിലെ 7.30ന് യു.ഡി.എഫ് നേതൃത്വത്തില്‍ കണ്ണാടിയില്‍ നിന്ന് ആരംഭിക്കുന്ന കര്‍ഷകരക്ഷാ ട്രാക്ടര്‍ മാര്‍ച്ച് കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും.

രാവിലെ 10.30ന് ബി.ജെ.പിയുടെ നേതൃത്വത്തിലും കര്‍ഷക വിഷയങ്ങള്‍ ഉന്നയിച്ചുള്ള ട്രാക്ടര്‍ മാര്‍ച്ച് നടത്തുന്നുണ്ട്. കണ്ണാടി പാത്തിക്കലില്‍ നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് നടന്‍ കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്യും.സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ സമാപന സമ്മേളനത്തിലും പങ്കാളിയാകും.



Share:

Search

Popular News
Top Trending

Leave a Comment