by webdesk1 on | 12-11-2024 07:10:34 Last Updated by webdesk1
മാനന്തവാടി: പതിറ്റാണ്ടുകള്‍ക്കുമുന്‍പ് പണംകൊടുത്ത് ആധാരംചെയ്തു സ്വന്തമാക്കിയ ഭൂമിയില്‍നിന്നു കുടിയിറങ്ങേണ്ടിവരുമോ എന്ന ആശങ്കയിലാണ് കേരളത്തിലങ്ങോളമിങ്ങോളമുള്ള തീരദേശവാസികള്‍ ഉള്‍പ്പടെയുള്ള ജനങ്ങള്‍. തീരദേശമേഖലയായ മുനമ്പത്ത് വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട പ്രശ്‌നം കത്തിപ്പടരുന്നതിനിടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തില്‍ അഞ്ചുപേര്‍ക്ക് വഖഫ് ബോര്‍ഡ് നോട്ടീസ് അയച്ചിരിക്കുകയാണ്.
മാനന്തവാടി അസംബ്ലി നിയോജക മണ്ഡലത്തിലുള്‍പ്പെടുന്ന തലപ്പുഴ വി.പി. ഹൗസില്‍ വി.പി. സലിം, ഫൈസി ഹൗസില്‍ സി.വി. ഹംസ ഫൈസി, അറഫ ഹൗസില്‍ ജമാല്‍, കൂത്തുപറമ്പ് നിര്‍മലഗിരി മാങ്ങാട്ടിടം ഉക്കാടന്‍ റഹ്മത്ത്, തലപ്പുഴ പുതിയിടം ആലക്കണ്ടി രവി എന്നിവര്‍ക്കാണ് വഖഫ് ബോര്‍ഡ് നോട്ടീസ് അയച്ചത്. ഇതില്‍ രവി, റഹ്മത്ത് എന്നിവരുടെ പേരില്‍ സ്ഥലം മാത്രമാണുള്ളത്. മറ്റുള്ള മൂന്നുപേര്‍ വര്‍ഷങ്ങളായി ഇവിടെ വീടുവെച്ചു താമസിക്കുന്നവരാണ്.
വഖഫിന്റെ ഭൂമി അന്യാധീനപ്പെട്ടതുമായി ബന്ധപ്പെട്ട് തലപ്പുഴ ഹിദായത്തുല്‍ ഇസ്ലാം ജമാഅത്ത് പള്ളിക്കമ്മിറ്റി ഭാരവാഹികള്‍ വഖഫ് ബോര്‍ഡിനു നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബോര്‍ഡ് അഞ്ചുപേര്‍ക്ക് നോട്ടീസ് അയച്ചത്. സ്ഥലവുമായി ബന്ധപ്പെട്ട് എന്തെങ്കിലും രേഖകള്‍ ഹാജരാക്കാനുണ്ടെങ്കില്‍ 16-നകം വഖഫ് ബോര്‍ഡിനെ അറിയിക്കണമെന്നാണ് നോട്ടീസിലുള്ളത്. അഞ്ചുപേര്‍ക്ക് മാത്രമാണ് നിലവില്‍ നോട്ടീസ് ലഭിച്ചിട്ടുള്ളതെങ്കിലും ഭാവിയില്‍ നോട്ടീസ് വരുമോ എന്ന ആശങ്കയിലാണ് സമീപത്തുള്ള പലരും.