by webdesk1 on | 12-11-2024 07:52:07
കല്‍പ്പറ്റ: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോകസഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും ഇന്ന് നിശബ്ദ പ്രചാരണം. ഇന്നലെ കൊട്ടിക്കലാശത്തോടെ ഈ മണ്ഡലങ്ങളിലെ ശബ്ദപ്രചാരണം അവസാനിച്ചു. ബുധനാഴ്ചയാണ് രണ്ട് മണ്ഡലങ്ങളിലും വോട്ടെടുപ്പ്. ബഹളങ്ങളില്ലാതെ പരമാവധി വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ടുറപ്പിക്കാനുള്ള നീക്കത്തിലാണ് സ്ഥാനാര്‍ത്ഥികള്‍.
ബൂത്ത് തലത്തിലുള്ള സ്‌ക്വാഡ് വര്‍ക്കുകള്‍ ഇന്നും തുടരും. പൗരപ്രമുഖരുമായുള്ള കൂടിക്കാഴ്ചകളാണ് സ്ഥാനാര്‍ഥികളുടെ പ്രധാന പരിപാടി. പ്രിയങ്ക ഗാന്ധി വയനാട്ടില്‍ മറ്റന്നാള്‍ വരെ തുടരും. പ്രചാരണം അവസാനിച്ചപ്പോള്‍ എല്‍.ഡി.എഫും യു.ഡി.എഫും ഉറച്ച വിജയ പ്രതീക്ഷയിലാണ്.
പോളിംഗ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതല്‍ വിവിധ ഇടങ്ങളില്‍ തുടങ്ങും. ഉച്ചയോടെ വിതരണം പൂര്‍ത്തിയാകും. ചെറുതുരുത്തി സ്‌കൂളില്‍ നിന്നാണ് വോട്ടിംഗ് യന്ത്രങ്ങള്‍ അടക്കം വിതരണം ചെയ്യുക. 180 ബൂത്തുകളിലേക്കുള്ള ഇ.വി.എം മൂന്ന് സ്‌ട്രോങ്ങ് റൂമുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്. വിവിപാറ്റ് മെഷീനുകളുടെ തകരാറുകള്‍ മുന്നില്‍ കണ്ട് 180 ബൂത്തുകള്‍ക്കായി ആകെ 236 മെഷീനുകള്‍ സജ്ജമാക്കിയിട്ടുണ്ട്.