by webdesk1 on | 12-11-2024 08:01:38
ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധി സ്വത്ത് വിവരങ്ങള്‍ മറച്ചുവച്ചുവെന്ന പരാതിയില്‍ കോടതിയെ സമീപിക്കുമെന്ന സൂചന നല്‍കി ബി.ജെ.പി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി. വഖഫ് വിഷയത്തില്‍ കോണ്‍ഗ്രസ് മൗനം പാലിക്കുകയാണെന്നും പ്രിയങ്ക മുസ്ലീം വിഭാഗത്തിന്റെ വോട്ട് കിട്ടാന്‍ വേണ്ടിയാണ് വയനാട് തെരഞ്ഞെടുത്തതെന്നും പ്രദീപ് ഭണ്ഡാരി പറഞ്ഞു.
പ്രിയങ്ക പ്രകടന പത്രികയില്‍ സ്വത്ത് വിവരം മറച്ചുവെച്ചതില്‍ പാര്‍ട്ടി തീരുമാനമെടുക്കും. കോടതിയില്‍ പോകുന്ന കാര്യം തള്ളിക്കളയാന്‍ പറ്റില്ല. വഖഫ് വിഷയത്തിലടക്കം കോണ്‍ഗ്രസ് കേരളത്തില്‍ മൗനം പാലിക്കുകയാണ്. ഭരണഘടന ഒരു കേസില്‍ സ്വയം വിധി പറയാന്‍ ആരെയും അനുവദിക്കുന്നില്ല. 2013ലെ വഖഫ് നിയമത്തിലൂടെ കോണ്‍ഗ്രസ് വോട്ട് ബാങ്കിനായാണ് എല്ലാ ചെയ്തത്. ഇന്ത്യ രണ്ട് നിയമത്തിലൂടെ പോകില്ല ഭാരതീയ ന്യായ സംഹിതയിലൂടെ മാത്രമേ സഞ്ചരിക്കൂവെന്നും പ്രദീപ് ഭണ്ഡാരി വിശദീകരിച്ചു.
ഇന്ത്യ സഖ്യം പൂര്‍ണമായി തകര്‍ന്നതിന്റെ തെളിവാണ് പ്രിയങ്കയുടെ വയനാട്ടിലെ മത്സരം. വര്‍ഗീയ രാഷ്ട്രീയം കളിക്കുന്നവരും ഭരണഘടന വിരുദ്ധരും തമ്മിലാണ് മത്സരം. ബി.ജെ.പി ഭരണഘടനയില്‍ വിശ്വസിക്കുന്നു. പ്രിയങ്ക ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയോടെയാണ് മത്സരിക്കുന്നത്. പ്രചാരണത്തില്‍ കൂടുതല്‍ മുസ്ലീം ലീഗിന്റെ പതാകയാണ് കാണുന്നത്. കോണ്‍ഗ്രസിന്റെ പതാകയും ദേശീയ പതാകയും കുറവാണ്. പ്രിയങ്ക മുസ്ലീങ്ങളുടെ മാത്രം നേതാവായി മാറിയെന്നും അദ്ദേഹം പ്രതികരിച്ചു.