by webdesk1 on | 12-11-2024 12:39:56
തൃശൂര്‍: വഖഫ് ഭൂമി തിരിച്ചുപിടിക്കലുമായി ബന്ധപ്പെട്ട് തൃശൂര്‍ ജില്ലയിലെ ചാവക്കാട് 37 കുടുംബങ്ങള്‍ക്ക് വഖഫ് ബോര്‍ഡ് നോട്ടീസ് നല്‍കി. ചാവക്കാട്, ഗുരുവായൂര്‍, ഒരുമനയൂര്‍ താലൂക്കുകളിലെ പത്തേക്കര്‍ സ്ഥലം തിരിച്ചുപിടിക്കാനാണ് നോട്ടീസ് നല്‍കിയത്. തങ്ങള്‍ 50 കൊല്ലത്തിലേറെയായി ജീവിക്കുന്ന മണ്ണ് വിട്ടുകൊടുക്കില്ലെന്ന് നോട്ടീസ് കിട്ടിയ കുടുംബങ്ങള്‍ വ്യക്തമാക്കി. ഈ കുടുംബങ്ങള്‍ക്ക് പിന്തുണയുമായി ബി.ജെ.പിയും രംഗത്തെത്തി.
മുനമ്പത്തിന് പിന്നാലെ വയനാട് ലോക്‌സഭാ മണ്ഡലത്തിലെ മുസ്ലിം കുടുംബങ്ങള്‍ക്ക് അടക്കം അഞ്ചു കുടുംബങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ തൃശൂരിലെ 37 കുടുംബങ്ങള്‍ക്കും നോട്ടീസ് നല്‍കിയത്്.
മാനന്തവാടി അസംബ്ലി നിയോജക മണ്ഡലത്തിലുള്‍പ്പെടുന്ന തലപ്പുഴ വി.പി. ഹൗസില്‍ വി.പി. സലിം, ഫൈസി ഹൗസില്‍ സി.വി. ഹംസ ഫൈസി, അറഫ ഹൗസില്‍ ജമാല്‍, കൂത്തുപറമ്പ് നിര്‍മലഗിരി മാങ്ങാട്ടിടം ഉക്കാടന്‍ റഹ്മത്ത്, തലപ്പുഴ പുതിയിടം ആലക്കണ്ടി രവി എന്നിവര്‍ക്കാണ് വഖഫ് ബോര്‍ഡ് നോട്ടീസ് അയച്ചത്.
വഖഫിന്റെ ഭൂമി അന്യാധീനപ്പെട്ടതുമായി ബന്ധപ്പെട്ട് തലപ്പുഴ ഹിദായത്തുല്‍ ഇസ്ലാം ജമാഅത്ത് പള്ളിക്കമ്മിറ്റി ഭാരവാഹികള്‍ വഖഫ് ബോര്‍ഡിനു നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബോര്‍ഡ് അഞ്ചുപേര്‍ക്ക് നോട്ടീസ് അയച്ചത്. സ്ഥലവുമായി ബന്ധപ്പെട്ട് എന്തെങ്കിലും രേഖകള്‍ ഹാജരാക്കാനുണ്ടെങ്കില്‍ 16-നകം വഖഫ് ബോര്‍ഡിനെ അറിയിക്കണമെന്നാണ് നോട്ടീസിലുള്ളത്. അഞ്ചുപേര്‍ക്ക് മാത്രമാണ് നിലവില്‍ നോട്ടീസ് ലഭിച്ചിട്ടുള്ളതെങ്കിലും ഭാവിയില്‍ നോട്ടീസ് വരുമോ എന്ന ആശങ്കയിലാണ് സമീപത്തുള്ള പലരും.