by webdesk1 on | 12-11-2024 01:09:25
ന്യൂഡല്‍ഹി: എക്സാലോജിക്-സി.എം.ആര്‍.എല്‍ ഇടപാട് സംബന്ധിച്ച അന്വേഷണ പുരോഗതി സത്യവാങ്മൂലമായി നല്‍കാന്‍ എസ്.എഫ്.ഐ.ഒയ്ക്ക് 10 ദിവസം അനുവദിച്ചു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി.എം.ആര്‍.എല്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ഡല്‍ഹി ഹൈക്കോടതിയുടെ ഇടപെടല്‍. ഹര്‍ജി പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി ഡിസംബര്‍ നാലിലേക്ക് മാറ്റി.
അതേസമയം, ഹര്‍ജിയില്‍ തീരുമാനം ഉടന്‍ ഉണ്ടാകണമെന്ന് സി.എം.ആര്‍.എല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. കേസില്‍ തീര്‍പ്പ് ഉണ്ടാകുന്നത് വരെ അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ എസ്.എഫ്.ഐ.ഒയെ അനുവദിക്കരുതെന്ന് സി.എം.ആര്‍.എല്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.
അന്വേഷണവുമായി മുന്നോട്ട് പോകാന്‍ എസ്.എഫ്.ഐ.ഒക്ക് ഡല്‍ഹി ഹൈക്കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സി.എം.ആര്‍.എല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെയും വീണ വിജയന്‍ ഉള്‍പ്പടെ ഇടപാടുമായി ബന്ധപ്പെട്ട പലരുടെയും മൊഴി എസ്.എഫ്.ഐ.ഒ ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയിരുന്നു. ഹര്‍ജി ഇന്ന് പരിഗണനയ്ക്ക് എടുത്തപ്പോഴാണ് ഇക്കാര്യത്തില്‍ തീരുമാനം വൈകരുതെന്ന് സി.എം.ആര്‍.എല്‍. കോടതിയില്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ 10 ദിവസത്തെ സമയം കൂടി വേണമെന്ന് എസ്.എഫ്.ഐ.ഒക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിസ്റ്റര്‍ ജനറല്‍ ചേതന്‍ ശര്‍മ്മ കോടതിയില്‍ ആവശ്യപ്പെട്ടു. മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യുന്നതിനെ എതിര്‍ക്കുന്നില്ലെങ്കിലും കേസില്‍ അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യുന്നതില്‍ നിന്ന് എസ്.എഫ്.ഐ.ഒയെ വിലക്കിയിട്ടുണ്ടെന്ന് സി.എം.ആര്‍.എല്‍. ഹൈക്കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ പത്ത് ദിവസത്തെ സമയം കോടതി എസ്.എഫ്.ഐ.ഒക്ക് അനുവദിച്ചത്. ഇരുഭാഗത്തോടും വാദം എഴുതി നല്‍കാനും ഹൈക്കോടതി നിര്‍ദേശിച്ചു.
ഡല്‍ഹി ഹൈക്കോടതിയില്‍ ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് ആണ് സി.എം.ആര്‍.എല്‍ന്റെ ഹര്‍ജി നേരത്തെ പരിഗണിച്ചിരുന്നത്. ഇന്ന് ഹര്‍ജി ലിസ്റ്റ് ചെയ്തിരുന്നത് ജസ്റ്റിസ് ചന്ദ്ര ധാരി സിംഗിന്റെ ബെഞ്ചിന് മുമ്പാകെയാണ്. കേസിലെ പരാതിക്കാരനായ അഭിഭാഷകന്‍ ഷോണ്‍ ജോര്‍ജും ഇന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ ഹാജരായി. കേരള ഹൈക്കോടതിയില്‍ ഉള്‍പ്പടെ ഈ ഇടപാടുമായി ബന്ധപ്പെട്ട് നാല് ഹര്‍ജികള്‍ ഉണ്ടായിരുന്നുവെന്നും അതില്‍ മൂന്നെണ്ണത്തില്‍ തീര്‍പ്പായെന്നും ഷോണ്‍ ജോര്‍ജിന്റെ അഭിഭാഷകന്‍ ഷിനു ജെ. പിള്ള കോടതിയില്‍ ചൂണ്ടിക്കാട്ടി.