News Kerala

വോട്ടെടുപ്പ് ദിനത്തില്‍ വെടിപൊട്ടിച്ച് ഇ.പി ജയരാജന്റെ ആത്മകഥ: ബി.ജെ.പി കൂടിക്കാഴ്ച വിവാദമാക്കിയത് ശോഭാ സുരേന്ദ്രനാണെന്ന് ആത്മകഥയില്‍

Axenews | വോട്ടെടുപ്പ് ദിനത്തില്‍ വെടിപൊട്ടിച്ച് ഇ.പി ജയരാജന്റെ ആത്മകഥ: ബി.ജെ.പി കൂടിക്കാഴ്ച വിവാദമാക്കിയത് ശോഭാ സുരേന്ദ്രനാണെന്ന് ആത്മകഥയില്‍

by webdesk1 on | 13-11-2024 08:44:32

Share: Share on WhatsApp Visits: 24


വോട്ടെടുപ്പ് ദിനത്തില്‍ വെടിപൊട്ടിച്ച് ഇ.പി ജയരാജന്റെ ആത്മകഥ: ബി.ജെ.പി കൂടിക്കാഴ്ച വിവാദമാക്കിയത് ശോഭാ സുരേന്ദ്രനാണെന്ന് ആത്മകഥയില്‍


തിരുവനന്തപുരം: ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് പോളിംഗ് ദിനത്തില്‍ മുതിര്‍ന്ന നേതാവും സി.പി.എം കേന്ദ്രകമ്മറ്റി അംഗവുമായ ഇ.പി. ജയരാജന്റെ ആത്മകഥ വിവാദത്തില്‍. ബി.ജെ.പി നേതാവ് പ്രകാശ്  ജാവ്‌ദേക്കര്‍ കൂടിക്കാഴ്ച്ച, വിവാദം ആക്കിയതിന് പിന്നില്‍ ശോഭാ സുരേന്ദ്രന്റെ ഗൂഢാലോചനയാണെന്ന് കത്തിപ്പടരാന്‍ കട്ടന്‍ ചായയും പരിപ്പ് വടയും എന്ന പേരില്‍ പ്രസിദ്ധീകരിക്കുന്ന ആത്മകഥയില്‍ പറയുന്നു.

എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും തന്നെ മാറ്റിയതില്‍ പ്രയാസമുണ്ടെന്നും പാര്‍ട്ടി എന്നെ മനസ്സിലാക്കിയില്ലെന്നുമടക്കം തുറന്നടിക്കുന്ന ആത്മകഥയിലെ ഭാഗങ്ങള്‍ പുറത്ത് വന്നതോടെ ഇത് തന്നെ ആത്മകഥയല്ലെന്ന് പറഞ്ഞ് ജയരാജന്‍ കൈയ്യൊഴിഞ്ഞു.

പാലക്കാടെ സ്ഥാനാര്‍ത്ഥി പി.സരിന്‍ അവസരവാദിയാണെന്നും പുസ്തകത്തില്‍ വിമര്‍ശനമുണ്ട്. എന്നാല്‍ ആത്മകഥ താന്‍ എഴുതി തീര്‍ന്നിട്ടില്ലെന്നും ഡിസി ബുക്‌സിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഇ.പി. ജയരാജന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

ബിജെപി നേതാവ് പ്രകാശ് ജാവേദ്ക്കറുമായുളള കൂടിക്കാഴ്ചയില്‍ എന്റെ നിലപാട് കേന്ദ്ര കമ്മിറ്റിയില്‍ വിശദീകരിച്ചു. കൂടിക്കാഴ്ച വ്യക്തിപരമായിരുന്നു. ഒന്നര വര്‍ഷത്തിന് ശേഷം അത് വിവാദമാക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ബി.ജെ.പി നേതാവായ ശോഭ സുരേന്ദ്രന്‍ പറഞ്ഞത് പച്ച കള്ളം. അവരെ കണ്ടത് ഒരു തവണ മാത്രമാണ്. അതും പൊതു സ്ഥലത്ത് വെച്ചായിരുന്നു കണ്ടതെന്നും പാര്‍ട്ടി തന്നെ മനസ്സിലാക്കിയില്ലെന്നും ഇപി തുറന്നടിക്കുന്നു.

സ്വതന്ത്രര്‍ പാര്‍ട്ടിക്ക് എപ്പഴും വയ്യാവേലിയാണ്. ഇ.എം.എസ് തന്നെ ഇക്കാര്യം പറഞ്ഞിരുന്നു. പി.വി. അന്‍വറിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടിയാണ് സരിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ഇ.പി വിമര്‍ശിച്ചത്. ദേശാഭിമാനി ബോണ്ട് വിവാദവും പുസ്തകത്തില്‍ പരാമര്‍ശിക്കുന്നു. വിവാദ വ്യവസായി സാന്റിയാഗോ മാര്‍ട്ടിനുമായി ഞാന്‍ ഒരു ചര്‍ച്ചയും നടത്തിയില്ല. ചര്‍ച്ച ചെയ്തത് മാര്‍ക്കറ്റിംഗ് മേധാവി വേണുഗോപാലായിരുന്നു.

സെക്രട്ടറിയേറ്റ് തീരുമാനം അനുസരിച്ചാണ് ബോണ്ടായി രണ്ട് കോടി മുന്‍കൂര്‍ വാങ്ങിയത്. പക്ഷേ പ്രശ്‌നം വഷളാക്കിയത് അന്ന് പാര്‍ട്ടിക്കുളളില്‍ നിലനിവന്ന വിഭാഗീയതയാണ്. വി.എസ്. അച്യുതാനന്ദന്‍ ഇത് ആയുധമാക്കി. താന്‍ മരിക്കും വരെ സി.പി.എം ആയിരിക്കുമെന്നും പാര്‍ട്ടി വിടുമെന്ന് സ്വപ്നം കണ്ടാല്‍ ഞാന്‍ മരിച്ചുവെന്നര്‍ത്ഥമെന്നും ഇ.പി പുസ്തകത്തില്‍ പരാമര്‍ശിക്കുന്നു.

എന്നാല്‍ പുസ്തകത്തിലെ വെളിപ്പെടുത്തലെന്ന നിലയില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ജയരാജന്‍ തള്ളി. തികച്ചും അടിസ്ഥാന രഹിതമാണ്. പുസ്തകം താന്‍ എഴുതി തീര്‍ന്നിട്ടില്ല. ഡി.സി ബുക്‌സും മാതൃഭൂമിയും പ്രസിദ്ധീകരിക്കാന്‍ താത്പര്യം അറിയിച്ചിരുന്നു. താനതിന്റെ അനുമതി ആര്‍ക്കും കൊടുത്തിട്ടില്ല. ബോധപൂര്‍വം ഉണ്ടാക്കിയ കഥയാണ്.

ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ കാര്യം എങ്ങനെയാണ് ആത്മകഥയില്‍ എഴുതുക? താന്‍ എഴുതാത്ത കാര്യം തന്റേത് എന്ന് പറഞ്ഞ് കൊടുക്കുകയാണ്. താന്‍ ഒരാള്‍ക്കും ഒന്നും കൈമാറിയിട്ടില്ല. താനെഴുതിയതിലൊന്നും ഇക്കാര്യങ്ങളില്ല. താന്‍ എഴുതിയിട്ട് ടൈപ്പ് ചെയ്യാന്‍ കൊടുക്കുകയായിരുന്നു. ആ പുസ്തകത്തിന്റെ ആദ്യ ഭാഗം എങ്ങനെ പുറത്തുവന്നുവെന്ന് അറിയില്ല. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ജയരാജന്‍ പറഞ്ഞു.


Share:

Search

Popular News
Top Trending

Leave a Comment