by webdesk1 on | 13-11-2024 10:02:03
മോസ്‌കോ: രാജ്യത്തെ ജനന നിരക്കില്‍ വന്‍ ഇടിവുണ്ടായതോടെ പുതിയ നിര്‍ദേശങ്ങളുമായി റഷ്യന്‍ സര്‍ക്കാര്‍. തിരക്കാണെങ്കിലും പങ്കാളിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ സമയം കണ്ടെത്തണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍ കഴിഞ്ഞ ദിവസം പറഞ്ഞതിന് പിന്നാലെ സെക്സ് മന്ത്രാലയം സ്ഥാപിക്കാനുള്ള നീക്കവും ആരംഭിച്ചിരിക്കുകയാണ് റഷ്യ.
രാജ്യത്തെ ജനസംഖ്യ വര്‍ധിപ്പിക്കാന്‍ പ്രത്യേക പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടതുണ്ടെന്ന് ഫാമിലി പ്രൊട്ടക്ഷന്‍ സമിതി വക്താവ് നീന ഒസ്താനിയയെ ഉദ്ധരിച്ച് റഷ്യന്‍ മാധ്യമമായ ആര്‍ഐഎയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
രാത്രി പത്തിനും പുലര്‍ച്ചെ രണ്ട് മണിക്കുമിടയില്‍ ഇന്റര്‍നെറ്റ് ഓഫ് ചെയ്ത് പങ്കാളികള്‍ക്ക് പരസ്പരം സ്വകാര്യ നിമിഷങ്ങളുണ്ടാക്കാനുള്ള സാഹചര്യമുണ്ടാക്കുക, മക്കളുള്ള വീട്ടമ്മമാര്‍ക്ക് ശമ്പളം നല്‍കുക, ആദ്യ ഡേറ്റിങ്ങിന് 5000 റൂബിള്‍ വരെ ധനസഹായം നല്‍കുക, വിവാഹദിനം രാത്രി പ്രമുഖ ഹോട്ടലുകളില്‍ ചിലവഴിക്കാന്‍ സാമ്പത്തിക സഹായം ഉറപ്പാക്കുക തുടങ്ങിയ വിവിധ നിര്‍ദേശങ്ങളാണ് സര്‍ക്കാരിന് ലഭിച്ചത്.
വിവിധ മേഖലകളെ അടിസ്ഥാനപ്പെടുത്തി പുതുതായി കുഞ്ഞുണ്ടാകുന്ന ദമ്പതികള്‍ക്ക് പണം നല്‍കാനും നിര്‍ദേശമുണ്ട്. ഖബറോവ്‌സ്‌ക് മേഖലയില്‍ 18നും 23നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ കുഞ്ഞിന് ജന്മം നല്‍കിയാല്‍ പുതിയ പദ്ധതിപ്രകാരം 900 യൂറോ വരെ (ഏകദേശം 97,311 രൂപ) സാമ്പത്തികസഹായം ലഭിക്കും. എന്നാല്‍ ചെല്‍യാബിന്‍സ്‌കില്‍ മേഖലയില്‍ ഇത് 8500 യൂറോ വരെയാണ് (ഏകദേശം 9.19ലക്ഷം രൂപ) സഹായം നല്‍കുന്നത്.
വിഷയത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെങ്കിലും ഇവയെല്ലാം സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഇത്തരം നിര്‍ദേശങ്ങള്‍ പരിശോധിച്ച് അവ സെക്സ് മന്ത്രാലയത്തിന് കീഴില്‍ നടപ്പാക്കണമെന്നാണ് ആവശ്യം. യുക്രയ്ന്‍ യുദ്ധം ആരംഭിച്ചത് മുതല്‍ നിരവധി പേര്‍ക്കാണ് റഷ്യയില്‍ ജീവന്‍ നഷ്ടമായത്. അതിനാനുപാതികമായി ജനനനിരക്ക് ഉയരുന്നില്ലെന്നാണ് സര്‍ക്കാരിന്റെ കണ്ടെത്തല്‍.