by webdesk1 on | 14-11-2024 08:02:23 Last Updated by webdesk1
ന്യൂഡല്‍ഹി: വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. നിലവിലെ മാനദണ്ഡങ്ങള്‍ അതിന് അനുവദിക്കുന്നില്ലെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് പ്രതികരിച്ചു. 2024-2025 സാമ്പത്തിക വര്‍ഷത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തിന് 388 കോടി നല്‍കിയെന്നും നിത്യാനന്ദ റായ് പറഞ്ഞു.
ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനത്തിന് 388 കോടി രൂപ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ അനുവദിച്ചിട്ടുണ്ട്. ഇതില്‍ 291 കോടി കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ടില്‍ നിന്നുള്ളതാണ്. ഇതില്‍ ആദ്യ ഗഡുവായ 145 കോടി രൂപ ഓഗസ്റ്റ് 31 ന് സംസ്ഥാനത്തിന് നല്‍കി.
2024 ഏപ്രില്‍ ഒന്നിലെ കണക്ക് പ്രകാരം സംസ്ഥാനത്തിന്റെ എസ്.ഡി.ആര്‍.എഫ് ഫണ്ടില്‍ 394 കോടി രൂപ ബാലന്‍സ് ഉണ്ട്. ദുരന്തം നേരിടാനാവശ്യമായ തുക സംസ്ഥാനത്തിന്റെ പക്കല്‍ ഇപ്പോള്‍ തന്നെയുണ്ടെന്നും വയനാട്ടിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ തുക വിനിയോഗിക്കാമല്ലോയെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ കേരളത്തിന്റെ സ്‌പെഷല്‍ ഓഫീസറായി പ്രവര്‍ത്തിക്കുന്ന മുന്‍ കേന്ദ്രമന്ത്രി പ്രഫ. കെ.വി. തോമസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്‍കിയ കത്തിനുള്ള മറുപടിയായാണ് കേന്ദ്ര സഹമന്ത്രി നിത്യാനന്ദ റായ് വിശദീകരണം നല്‍കിയത്.
ദുരന്തവുമായി ബന്ധപ്പെട്ട പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണ്. എസ്.ഡി.ആര്‍.എഫ് ചട്ടം പ്രകാരം നോട്ടിഫൈ ചെയ്ത 12 ദുരന്തങ്ങളില്‍ ഒന്നാണ് മിന്നല്‍ പ്രളയമെന്നും സംസ്ഥാനമാണ് ഇതിനാവശ്യമായ എല്ലാ സാമ്പത്തിക സഹായവും നല്‍കേണ്ടതെന്നും കത്തിലുണ്ട്.