by webdesk1 on | 14-11-2024 08:28:15
ഷാര്‍ജ: ഇ.പി. ജയരാജന്റെ ആത്മകഥ വിവാദത്തില്‍ ഡിസി ബുക്‌സിന്റെ ഭാഗത്ത് നിന്നുള്ള ആദ്യ പ്രതികരണത്തില്‍ ജയരാജനെ തള്ളാതെയും വിവാദങ്ങളില്‍ കൈയൊഴിഞ്ഞും മാനേജ്‌മെന്റ്. പുസ്തകവുമായി ബന്ധപ്പെട്ട വിവാദത്തില്‍ നേരത്തെ നിലപാട് വ്യക്തമാക്കിയതാണെന്നും ഡിസി ബുക്‌സ് ഫെസിലിറ്റേറ്റര്‍ മാത്രമാണെന്നും രവി ഡിസി പറഞ്ഞു. പുസ്തക വിവാദവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് ചോദ്യങ്ങളോട് ഷാര്‍ജ ബുക്ക് ഫെസ്റ്റിവലില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇ.പി. ജയരാജന്റെ പുസ്തകവുമായി ബന്ധപ്പെട്ടുള്ള ഡിസി ബുക്‌സിന്റെ നിലപാട് നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞതാണ്. അതില്‍ കൂടുതലൊന്നും പറയാനില്ല. പൊതുരംഗത്ത് നില്‍ക്കുന്നവരെ ബഹുമാനിക്കുന്നുണ്ടെന്നും കൂടുതല്‍ പ്രതികരിക്കാനില്ലെന്നും രവി ഡിസി പറഞ്ഞു.
ഇപി ജയരാജന്റെ വാദങ്ങള്‍ തള്ളാതെയായിരുന്നു രവി ഡിസി നിലപാട് വ്യക്തമാക്കിയത്. വിവാദത്തില്‍ ഡിസി ബുക്‌സിനെതിരെ ഇ.പി. ജയരാജന്‍ വക്കീല്‍ നോട്ടീസ് അയച്ചിട്ടും അതിനെതിരെ പ്രതികരിക്കാനോ മറ്റു തെളിവുകള്‍ പുറത്തുവിടാനോ ഡിസി ബുക്‌സ് തയ്യാറായിട്ടില്ല.
ഇപിയുമായി വിഷയത്തില്‍ ഏറ്റുമുട്ടലിനില്ലെന്ന സൂചനയാണ് ഇതിലൂടെ നല്‍കുന്നത്. മാധ്യമങ്ങളില്‍ വന്ന പി.ഡി.എഫ് പകര്‍പ്പ് തന്റെ ആത്മകഥയല്ലെന്നും ഡിസി ബുക്‌സ് അത് പുറത്തുവിട്ടതാണെന്നുമുള്ള ഗുരുതര ആക്ഷേപം ഇ.പി. ജയരാജന്‍ ഉന്നയിച്ചിട്ടും ഇക്കാര്യം തള്ളിപ്പറയാന്‍ ഡിസി രവി തയ്യാറായിട്ടില്ല.