by webdesk1 on | 14-11-2024 08:43:31
കൊച്ചി: സംസ്ഥാനത്ത് ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് വിശദമായ മാര്‍ഗനിര്‍ദേശങ്ങളുമായി ഹൈക്കോടതി. മതപരിപാടികളിലും ഉത്സവങ്ങളിലും മറ്റു പരിപാടികളിലും ആനകളെ എഴുന്നള്ളിക്കുന്നതിലാണ് ഹൈക്കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ ഉത്തരവിറക്കിയത്.
ആനയുടെ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള എല്ലാ രേഖകളും സംഘാടകര്‍ ഉറപ്പാക്കണമെന്നും തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ ആനകളെ ഏഴുന്നള്ളത്തിന് നിര്‍ത്തരുതെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് എ.ഗോപിനാഥ് എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.
എഴുന്നള്ളിപ്പില്‍ പാലിക്കേണ്ട മറ്റു പ്രധാന മാര്‍ഗനിര്‍ദേശങ്ങള്‍:-
* ആനയും തീവെട്ടിപോലുള്ള ഉപകരണങ്ങളും തമ്മില്‍ അഞ്ച് മീറ്റര്‍ ദൂര പരിധിയുണ്ടായിരിക്കണം
* ജനങ്ങളും ആനയും തമ്മില്‍ എട്ടു മീറ്റര്‍ ദൂര പരിധി ഉറപ്പാക്കണം
* ആനകള്‍ നില്‍ക്കുന്ന സ്ഥലത്ത് ബാരിക്കേഡ് സംവിധാനമുണ്ടാകണം
* മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്ത എഴുന്നള്ളത്തുകള്‍ക്ക് ജില്ലാതല സമിതി അനുമതി നല്‍കരുത്
* തുടര്‍ച്ചയായി മൂന്ന് മണിക്കൂറില്‍ കൂടുതല്‍ ആനയെ എഴുന്നള്ളത്തില്‍ നിര്‍ത്തരുത്
* ദിവസം 30 കി.മീ കൂടുതല്‍ ആനകളെ നടത്തിയ്ക്കരുത്
* രാത്രി 10 മുതല്‍ രാവിലെ 4 മണി വരെ ആനയെ യാത്ര ചെയ്യിക്കരുത്
* രാത്രിയില്‍ ആനയ്ക്ക് ശരിയായ വിശ്രമ സ്ഥലം സംഘാടകര്‍ ഉറപ്പു വരുത്തണം
* ദിവസം 125 കി.മീ കൂടുതല്‍ ആനയെ യാത്ര ചെയ്യിക്കരുത്
* പിടികൂടിയ ആനകളെ ഉപയോഗിക്കുമ്പോള്‍ ബന്ധപ്പെട്ട ജില്ലാ സമിതിയുടെ അനുമതി വാങ്ങണം
* എഴുന്നള്ളിപ്പിനായി ഒരു മാസം മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം
* ദിവസം ആറ് മണിക്കൂറില്‍ കൂടുതല്‍ വാഹനത്തില്‍ ആനയെ കൊണ്ടുപോകരുത്
* ആനയെ കൊണ്ടു പോകുന്ന വാഹനത്തിന്റെ വേഗത 25 കി.മീറ്ററില്‍ താഴെയാകണം
* ആനയുടെ യാത്രയ്ക്കായി ഉപയോഗിക്കുന്ന വാഹനത്തിന് വേഗപ്പൂട്ട് നിര്‍ബന്ധം
* രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ ആനകളെ പൊതുനിരത്തിലൂടെ എഴുന്നള്ളിക്കരുത്
* വെടിക്കെട്ട് സ്ഥലവും ആനയും തമ്മില്‍ 100 മീറ്റര്‍ ദൂര പരിധി വേണം