by webdesk1 on | 15-11-2024 12:19:57
ന്യൂഡല്‍ഹി: വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യതലസ്ഥാനത്തെ കൂടുതല്‍ കര്‍ശന നിയന്ത്രങ്ങള്‍ നാളെ മുതല്‍ നിലവില്‍ വരും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ നിര്‍ത്തി വയ്ക്കുന്ന രീതിയിലേക്കാണ് സാഹചര്യം മാറുന്നത്. അത്യാവശ്യമല്ലാത്ത ഖനന പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല. നോണ്‍-ഇലക്ട്രിക്, നോണ്‍-സിഎന്‍ജി, നോണ്‍-ബിഎസ്-6 ഡീസല്‍ അന്തര്‍സംസ്ഥാന ബസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
ഇതിന് പുറമേ നാളെ രാവിലെ 8 മണി മുതല്‍ ബിഎസ്-3 പെട്രോള്‍, ബിഎസ്-4 ഡീസല്‍ ഫോര്‍ വീലറുകള്‍ ഓടുന്നതിന് നിരോധനം ഏര്‍പ്പെടുത്തുകയും വാണിജ്യ വാഹനങ്ങള്‍ ദേശീയ തലസ്ഥാനത്ത് പ്രവേശിക്കുന്നത് നിരോധിക്കുകയും ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇത് വഴി മലിനീകരണം വലിയ തോതില്‍ കുറയ്ക്കാമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
നിലവില്‍ ഈ നിയന്ത്രണങ്ങള്‍ക്ക് പുറമേ റോഡുകളില്‍ എപ്പോഴും സ്പ്രിങ്ക്‌ലര്‍ ഉപയോഗിച്ച് വെള്ളം എത്തിക്കാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഗതാഗതം ഉച്ചസ്ഥായിയില്‍ ആവുന്ന സമയത്തിന് മുന്‍പ് തന്നെ ഇത് പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം. ഇതിനൊപ്പം കാറുകള്‍ പൂര്‍ണമായും ഉപേക്ഷിച്ച് ഈ ദിവസങ്ങളില്‍ പരമാവധി പൊതുഗതാഗത സംവിധാനത്തെ ഉപയോഗപ്പെടുത്താനാണ് ജനങ്ങളോട് അധികൃതര്‍ നിര്‍ദ്ദേശിക്കുന്നത്.
ഈ ആഴ്ച തുടങ്ങിയതിന് ശേഷം ഇവിടുത്തെ വായു ഗുണനിലവാരം മോശം സാഹചര്യത്തിലാണ്. ഇതിന് പിന്നാലെയാണ് കൂടുതല്‍ കടുത്ത നടപടികളിലേക്ക് കടക്കാന്‍ കമ്മീഷന്‍ ഫോര്‍ എയര്‍ ക്വളിറ്റി മാനേജ്മെന്റ് തീരുമാനിച്ചിരിക്കുന്നത്. ഇത് അനുസരിച്ച് ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍ 3 ഗണത്തില്‍ പെടുന്ന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.
ഡല്‍ഹിയിലെ എക്യുഐ അഥവാ വായുഗുണനിലവാര സൂചിക ഇന്ന് രാവിലെ 428 പോയിന്റില്‍ എത്തിയിരുന്നു. ഇത് ജനങ്ങളില്‍ ആരോഗ്യ പ്രശ്നം ഉണ്ടാക്കാനുള്ള സാധ്യതയാണ് വിദഗ്ധര്‍ മുന്നോട്ട് വയ്ക്കുന്നത്. ആകെയുള്ള 39 നിരീക്ഷണ സ്റ്റേഷനുകളില്‍ 32 ഇടത്തും 400 പോയിന്റിന് മുകളിലായിരുന്നു വായു ഗുണനിലവാരം എന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം.