by webdesk1 on | 15-11-2024 01:25:39
ടെല്‍ അവീവ്: സിറിയന്‍ തലസ്ഥാന നഗരമായ ദമാസ്‌കസിനെ ലക്ഷ്യമിട്ട് ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 16 പേര്‍ക്ക് പരിക്കേറ്റു. സൈനിക കേന്ദ്രങ്ങളും ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പിന്റെ ആസ്ഥാനവും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രായേല്‍ അറിയിച്ചു.
എന്നാല്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയിലാണ് ആക്രമണം ഉണ്ടായതെന്നാണ് സിറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സിറിയന്‍ തലസ്ഥാന നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള മസ്സെഹ്, ഖുദ്സയ എന്നീ മേഖലകളുടെ പ്രാന്തപ്രദേശങ്ങളിലാണ് ഈ ആക്രമണം ഉണ്ടായതെന്നാണ് സിറിയന്‍ സൈന്യത്തെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സിറിയയിലെ ഇറാനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ക്കെതിരെ ഇസ്രായേല്‍ ആക്രമണം നടത്തി വരുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 7ന് പലസ്തീന്‍ തീവ്രവാദ ഗ്രൂപ്പായ ഹമാസ് ഇസ്രായേലിലേക്ക് ആക്രമണം അഴിച്ചു വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സിറിയയില്‍ ഉള്‍പ്പെടെ ഇസ്രായേല്‍ കൂടുതല്‍ കനത്ത രീതിയില്‍ ആക്രമണം നടത്തുന്നത്.
ലെബനനിലെ ഹിസ്ബുള്ള സായുധ സംഘത്തിന്റെ ചില കമാന്‍ഡര്‍മാരും സിറിയ ആസ്ഥാനമായുള്ള ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡുകളും മസ്സെഹിലാണ് തമ്പടിച്ചിരിക്കുന്നതെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു. ഇവിടുത്തെ വലിയ കെട്ടിടങ്ങളും സൗകര്യവുമാണ് കൂടുതല്‍ നേതാക്കളെയും കമാന്‍ഡര്‍മാരെയും പാര്‍പ്പിക്കാന്‍ സഹായിക്കുന്നത്. ഇവിടെയാണ് ഇപ്പോള്‍ ഇസ്രായേല്‍ ലക്ഷ്യമിട്ടിരിക്കുന്നത്.