by webdesk1 on | 15-11-2024 09:14:32
കൊളംബോ: പാർലമെന്റ് തിരഞ്ഞെടുപ്പിൽ ശ്രീലങ്കയിൽ വീണ്ടും ഇടത് തേരോട്ടം. പ്രസിഡന്റ് അനുര കുമാര ഡിസനായക നയിക്കുന്ന എൻ.പി.പി ആകെയുള്ള 225 സീറ്റിൽ 159 സീറ്റും നേടി ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റം കാഴ്ചവെച്ചു.
2019 ൽ എൻ.പി.പിക്ക് ആകെ മൂന്ന് സീറ്റുകൾ മാത്രമായിരുന്നു പാർലമെന്റ് ലഭിച്ചത്. ഇക്കുറി തമിഴ് സ്വാധീന മേഖലകളടക്കം മിക്ക ജില്ലകളും എൻ.പി.പി തൂത്തുവാരി.
എൽ.ടി.ടി ശക്തി കേന്ദ്രമായിരുന്ന ജാഫ്ന, വണ്ണി തുടങ്ങി തമിഴർക്ക് സ്വാധീനമുള്ള രണ്ട് ജില്ലകളിലെ അഞ്ച് സീറ്റുകളാണ് എൻ.പി.പി പിടിച്ചെടുത്തത്.
അതേസമയം സിംഹള മേഖല കൂടാതെ വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷണൽ പാർട്ടിയുടെയും രാജ്പക്സെയുടേയും ശക്തി കേന്ദ്രങ്ങളായ കൊളംബോ, നുവാര ഏലിയ, ഹമ്പൻതോട്ട തുടങ്ങിയ മേഖലകളിലെല്ലാം മികച്ച വിജയം നേടാൻ എൻ.പി.പിക്ക് കഴിഞ്ഞു . എൻ.പി.പിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായ ഡോ.ഹരിണി അമര സൂര്യ കൊളൊമ്പോയിൽ ഉജ്ജ്വല വിജയമാണ് നേടിയത്.
എന്നാൽ കിഴക്കൻ ബട്ടിക്കലോവ മേഖല പിടിക്കാൻ എൻ.പി.പിക്ക് സാധിച്ചില്ല. ഇവിടെ ഇളങ്കൈ തമിഴ് അരസു കച്ചി (ഐ.ടി.എ.കെ)യാണ് വിജയിച്ചത്. അതേസമയം തമിഴ് നാഷണൽ അലയൻസ് (ടി.എൻ.എ) നേതാവ് ആർ സംപന്തൻ്റെ സ്വന്തം ജില്ലയായ ട്രിങ്കോമാലിയിൽ രണ്ട് സീറ്റുകൾ നേടാൻ എൻ പി പിക്ക് സാധിച്ചു.
പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയുടെ സമാഗി ജന ബലവേഗയക്ക് 40 സീറ്റുകളിലാണ് ആകെ നേടാൻ കഴിഞ്ഞത്.