by webdesk1 on | 17-11-2024 07:14:15 Last Updated by webdesk1
ഇംഫാല്‍: മണിപ്പുരില്‍ സംഘര്‍ഷം വ്യാപിക്കുന്ന സാഹചര്യത്തില്‍ അടിയന്തര യോഗം വിളിച്ചു ആഭ്യന്തരമന്ത്രി അമിത്ഷാ. മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ റദ്ദാക്കി അമിത് ഷാ ഡല്‍ഹിയിലേക്ക് മടങ്ങി. മണിപ്പുര്‍ മുഖ്യമന്ത്രി എന്‍.ബിരേന്‍ സിങ്ങിന്റെ വസതിയിലേക്ക് പ്രതിഷേധക്കാര്‍ ഇരച്ചു കയറുകയും എംഎല്‍എമാരുടെ വസതിയടക്കം ആക്രമിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കേന്ദ്ര ഇടപെടല്‍.
സി.ആര്‍.പി.എഫ് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സംസ്ഥാനത്ത് എത്തുമെന്നാണ് വിവരം. 24 മണിക്കൂറിനകം സായുധ സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് മെയ്‌തെയ് ഗ്രാമ സംരക്ഷണ സമിതി അന്ത്യശാസനം നല്‍കിയിട്ടുണ്ട്.
കാണാതായ മറ്റൊരു സ്ത്രീയുടെ മൃതദേഹം കൂടി കണ്ടെത്തിയതിന് പിന്നാലെയാണ് ജിരിബാം മേഖലയില്‍ സംഘര്‍ഷം കൂടുതല്‍ ശക്തമായത്. ഞായറാഴ്ച രാവിലെയാണ് ബരാക് പുഴയില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. കാണാതായ മറ്റ് മൂന്ന് സ്ത്രീകളുടെ മൃതദേഹവും ഇതേ നദിയില്‍ നിന്നാണ് ലഭിച്ചത്. മേഖലയില്‍ സംഘര്‍ഷം രൂക്ഷമായതോെട ജിരിബാം, ഫെര്‍സാള്‍ ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിരോധിച്ചിട്ടുണ്ട്.
ജിരിബാമില്‍ നിന്നും തട്ടിക്കൊണ്ടുപോയ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള ആറു പേരും കൊല്ലപ്പെട്ടന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് മണിപ്പുരിലെ സ്ഥിതി വീണ്ടും വഷളായത്. തിങ്കളാഴ്ച സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ആയുധധാരികളായ 10 കുക്കി പുരുഷന്മാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ അക്രമത്തെ തുടര്‍ന്ന് ആറ് കുടുംബാംഗങ്ങളെ കാണാതായിരുന്നു. കഴിഞ്ഞയാഴ്ച സംസ്ഥാനത്തെ ജിരിബാം ജില്ലയില്‍ കുക്കി ആദിവാസി വിഭാഗത്തില്‍പ്പെട്ട 31 കാരിയെ ജീവനോടെ ചുട്ടുകൊന്നിരുന്നു. പിന്നാലെയായിരുന്നു മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ വസതികള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്.