by webdesk1 on | 17-11-2024 07:37:30
തിരുവനന്തപുരം: പമ്പ ഹില്‍ടോപ്പില്‍ നിന്ന് സന്നിധാനത്തേക്ക് പ്രഖ്യാപിച്ച റോപ്പ് വേ പദ്ധതിക്ക് നിര്‍ണായ ചുവടുവയ്പ്പു. ശബരിമല റോപ്‌വേക്ക് വനഭൂമിക്ക് പകരം റവന്യു ഭൂമി അനുവദിച്ച് ഉത്തരവിറക്കിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ആറ് മാസത്തിനകം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.
കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെ മാര്‍ഗനിര്‍ദേശപ്രകാരം ഒരു വനഭൂമി വിട്ടുനല്‍കണമെങ്കില്‍ അതിന് പരിഹാരവനവത്ക്കരണത്തിനായി തുല്യമായ ഭൂമി വനംവകുപ്പിന്റെ പേരില്‍ പോക്കുവരവ് ചെയ്ത് നല്‍കണം. ഇതിന്റെ തുടര്‍നടപടികള്‍ അടിയന്തരമായി സ്വീകരിക്കാന്‍ കൊല്ലം ജില്ലാ കളക്ടര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
പമ്പ ഹില്‍ടോപ്പില്‍നിന്ന് സന്നിധാനം പോലീസ് ബാരക്കിനടുത്തേക്ക് 250 കോടി ചെലവില്‍ നിര്‍മിക്കുന്ന റോപ്‌വേക്ക് ഈ തീര്‍ഥാടനകാലത്തുതന്നെ തറക്കല്ലിടുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അവശ്യസാധനങ്ങളും അത്യാഹിതത്തില്‍ പെടുന്നവരെയും എത്തിക്കുന്നതിനാണ് റോപ് വേ നിര്‍മിക്കുന്നത്.
2.7 കിലോമീറ്ററാണ് നീളം. 10 മിനിറ്റില്‍ പമ്പയില്‍നിന്ന് സന്നിധാനത്തെത്താം. പുതുക്കിയ രൂപരേഖയില്‍ തൂണുകളുടെ എണ്ണം ഏഴില്‍നിന്ന് അഞ്ചായും മുറിക്കേണ്ട മരങ്ങളുടെ എണ്ണം 300ല്‍നിന്ന് 80 ആയി കുറഞ്ഞതായും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് നേരത്തെ വ്യക്തമാക്കിയിരുന്നു.