by webdesk1 on | 19-11-2024 01:14:45
കൊച്ചി: എന്‍.ഡി.എ സംസ്ഥാന കണ്‍വീനര്‍ കൂടിയായ ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി പ്രചാരണം സമാപിക്കുന്നതിന് തൊട്ടു മുന്‍പ് പാലക്കാട് സി.പി.എം നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് സ്വാമി ഭദ്രാനന്ദ്. തുഷാര്‍ സി.പി.എം നേതാക്കളെ കണ്ടത് ബി.ജെ.പിയെ പിന്നില്‍ നിന്ന് കുത്താനാണെന്ന് സ്വാമി ഭദ്രാനന്ദ് ആരോപിച്ചു.
പലപ്പോഴും ഒറ്റുകാരന്റെ റോള്‍ ആണ് തുഷാര്‍ വെള്ളാപ്പള്ളിയുടേത്. കെ.സുരേന്ദ്രനെതിരെ ആരോപണങ്ങള്‍ വന്നപ്പോഴും ഒടുവില്‍ സന്ദീപ് വാര്യര്‍ ബി.ജെ.പിക്കും സുരേന്ദ്രനുമെതിരെ വിമര്‍ശനം ഉന്നയിച്ചപ്പോഴും തുഷാര്‍ വെള്ളാപ്പള്ളി അതൊക്കെ ആസ്വദിക്കുകയായിരുന്നു.
എന്‍.ഡി.എ കണ്‍വീനര്‍ എന്ന നിലയില്‍ ബി.ജെ.പിയെ സംരക്ഷിക്കാന്‍ ചുമതലയുള്ള തുഷാര്‍ വെള്ളാപ്പള്ളിയുടെ മൗനം സംശയമുണര്‍ത്തുന്നതാണ്. പാലക്കാട് കൊട്ടിക്കലാശത്തിന് തൊട്ടുമുന്‍പ് സി.പി.എം നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയത് എന്തിനെന്ന് തുഷാര്‍ വ്യക്തമാക്കണം. പരസ്യമായി ഒപ്പം നിന്ന് രഹസ്യമായി തുഷാര്‍ ബി.ജെ.പിയെ ചതിക്കുകയാണ്.
കേരളത്തിലെ ആയിരകയക്ണക്കിന് വരുന്ന സ്ത്രീകളെ അയല്‍ക്കൂട്ട ഇടപാടിലൂടെ സാമ്പത്തിക തട്ടിപ്പ് നടത്തിയത് പോലീസ് ഹൈക്കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടും സംസ്ഥാന ആഭ്യന്തര വകുപ്പ് അറിഞ്ഞ ഭാവം നടിക്കുന്നില്ലന്നും ഭദ്രാനന്ദ പറഞ്ഞു. വെള്ളാപ്പള്ളി നടേശനും തുഷാറിനും നെറികേടുകള്‍ മാത്രമാണ് കാണിക്കുന്നത്. രണ്ടുപേരും ചേര്‍ന്ന് എസ്.എന്‍.ഡി.പി യോഗത്തെ തകര്‍ക്കുകയാണ്. ശ്രീനാരായണ ഗുരുദേവനോട് മുഖ്യമന്ത്രിക്ക് കാണിക്കാവുന്ന ഏറ്റവും വലിയ നീതിയും ആദരവും വെള്ളാപ്പള്ളി നടേശനും തുഷാറിനും എതിരായി നടപടിയെടുക്കുക എന്നതാണെന്നും ഭദ്രാനന്ദ പറഞ്ഞു.
കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ പാണക്കാട് പോയത് രാഷ്ട്രീയ സുന്നത്ത് നടത്താനാണോയെന്ന് സന്ദീപ് വ്യക്തമാക്കണമെന്നും ഭദ്രാനന്ദ ആക്ഷേപിച്ചു. കേരളത്തിലെ സന്യാസിമാര്‍ക്കും ക്രൈസ്തവ പുരോഹിതന്മാര്‍ക്കും ഇല്ലാത്ത എന്ത് പ്രത്യേകതയാണ് പാണക്കാട് തങ്ങള്‍ക്കുള്ളതെന്ന് കോണ്‍ഗ്രസ് പറയണം. കോണ്‍ഗ്രസ് ആകണമെങ്കില്‍ പാണക്കാട് പോയി അനുഗ്രഹം വാങ്ങണമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.
രാജ്യം കണ്ട ഏറ്റവും വലിയ ഭൂമി കുംഭകോണമാണ് വഖഫ് ഭൂമിയിടപാടുകള്‍. രാഷ്ട്രീയ ലക്ഷ്യം വച്ചാണ് ലീഗ് സമവായ നീക്കം നടത്തുന്നത്. വഖഫ് ഭൂമി കൈവശമിരിക്കുകയും വേണം എന്നാല്‍ സമാധാന ശ്രമങ്ങള്‍ നടത്തുന്നുവെന്ന് ബോധ്യപ്പെടുത്തുകയും വേണം എന്നതാണ് ലീഗ് നിലപാട്. കോണ്‍ഗ്രസ് ആകട്ടെ രണ്ടു വള്ളത്തില്‍ കാല്‍ ചവുട്ടി നില്‍ക്കുകയാണ്.
ദേവസ്വം ഭൂമിയായാലും വഖഫ് ഭൂമിയായാലും ജനങ്ങള്‍ക്ക് ഉപകാരപ്പെടണം. മനുഷ്യനാണ് ഭൂമി വേണ്ടത്, ദൈവങ്ങള്‍ക്കല്ല. മതങ്ങളെയല്ല, മനുഷ്യത്വത്തെയാണ് പ്രോത്സാഹിപ്പിക്കേണ്ടത്. ഇന്ത്യയില്‍ ജീവിക്കുമ്പോള്‍ ഇന്ത്യന്‍ ഭരണഘടനെയാണ് അനുസരിക്കേണ്ടത്, പിന്തുടരേണ്ടത്. വാവരുടെ പ്രതിനിധി നാളെ ശബരിമല വഖഫ് ഭൂമിയാണെന്ന് അവകാശമുന്നയിച്ചാല്‍ എന്ത് ചെയ്യും. വഖഫ് വിഷയം ഇപ്പോള്‍ വിവാദമാക്കിയതിന് പിന്നില്‍ നിരോധിത മതസംഘടനയാണ് ഇതില്‍ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കണമെന്നും സ്വാമി ഭദ്രാനന്ദ ആവശ്യപ്പെട്ടു.