News Kerala

അട്ടമറിച്ച് രാഹുല്‍: ബി.ജെ.പി കോട്ടയില്‍ അപ്രതീക്ഷിത തിരിച്ചടി: ചേലക്കരയിലും വയനാടിലും മാറ്റമില്ലാതെ ട്രന്‍ഡ്

Axenews | അട്ടമറിച്ച് രാഹുല്‍: ബി.ജെ.പി കോട്ടയില്‍ അപ്രതീക്ഷിത തിരിച്ചടി: ചേലക്കരയിലും വയനാടിലും മാറ്റമില്ലാതെ ട്രന്‍ഡ്

by webdesk1 on | 23-11-2024 07:13:12 Last Updated by webdesk1

Share: Share on WhatsApp Visits: 5


അട്ടമറിച്ച് രാഹുല്‍: ബി.ജെ.പി കോട്ടയില്‍ അപ്രതീക്ഷിത തിരിച്ചടി: ചേലക്കരയിലും വയനാടിലും മാറ്റമില്ലാതെ ട്രന്‍ഡ്


പാലക്കാട്: ബി.ജെ.പിയുടെ ശക്തി കേന്ദ്രങ്ങളില്‍ യു.ഡി.എഫിന്റെ തേരോട്ടം. ഒന്നും രണ്ടും റൗണ്ടുകളില്‍ ബി.ജെ.പി ലീഡ് ചെയ്‌തെങ്കിലും മൂന്നാം റൗണ്ടില്‍ സി.കൃഷ്ണകുമാറിനെ അട്ടിമറിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്നിലെത്തുന്ന കാഴ്ച്ചയാണ്. അതായത് ബി.ജെ.പി ലീഡി പ്രതീക്ഷിച്ച നഗരസഭാ മേഖലകളില്‍ ബി.ജെ.പി തകരുന്നതും യു.ഡി.എഫ് മേല്‍കൈ നേടുന്നതുമാണ് പുറത്തുവരുന്ന ഫലങ്ങള്‍.

ചേലക്കരയില്‍ എല്‍.ഡി.എഫ് സ്്ഥാനാര്‍ഥി യു.ആര്‍. പ്രദീപ് പാര്‍ട്ടി പ്രതീക്ഷിച്ച നിലയിലാണ് ലീഡ്. വയനാട്ടില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രിയങ്കാ ഗാന്ധി ലീഡ് ഉയര്‍ത്തുന്നു. 15,000 ലേറെ വോട്ടിന്റെ ഭൂരിപക്ഷം കിട്ടുമെന്ന യു.ഡി.എഫിന്റെ അവകാശവാദം ശരിവയ്ക്കുന്ന നിലയിലാണ് പാലക്കാട്ടെ ഇപ്പോഴുള്ള ട്രന്‍ഡ്. 12000 ഭൂരിപക്ഷം കിട്ടുമെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.സരിനും അവകാശപ്പെടുന്നുണ്ടെങ്കിലും കാര്യങ്ങള്‍ അങ്ങനെയല്ല. എങ്കിലും കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ വോട്ട് എല്‍.ഡി.എഫിന് നേടാന്‍ ആയിട്ടുണ്ട്. ബി.ജെ.പിക്ക് ആകട്ടെ കഴിഞ്ഞ തവണത്തേക്കാള്‍ ഓരോ റൗണ്ടിലും വോട്ട് കുറഞ്ഞുവരുന്നതാണ് കാണുന്നത്.

പോള്‍ ചെയ്യപ്പെട്ട വോട്ടുകണക്കനുസരിച്ച് ബി.ജെ.പി തുടര്‍ച്ചയായി ഭരിക്കുന്ന പാലക്കാട് നഗരസഭയില്‍ ബി.ജെ.പിയെക്കാള്‍ 3000 ത്തില്‍ അധികം വോട്ട് രാഹുല്‍ മാങ്കൂട്ടത്തിലിന് കിട്ടുമെന്ന വിലയിരുത്തലിലാണ് യു.ഡി.എഫ് നേതൃത്വം. തദ്ദേശസ്ഥാപനങ്ങളിലെ ബൂത്തുതല വോട്ടുകള്‍ അടിസ്ഥാനമാക്കിയാണ് യു.ഡി.എഫിന്റെ വിലയിരുത്തല്‍.

മുന്നണിയുടെ ഒരുവോട്ടും നഷ്ടമാകാതിരിക്കാന്‍ പ്രവര്‍ത്തകര്‍ നടത്തിയ കഠിനപ്രവര്‍ത്തനം വന്‍വിജയം ഉറപ്പാക്കിയിട്ടുണ്ട്. നഗരസഭയില്‍ ബി.ജെ.പി കേന്ദ്രങ്ങളിലാണ് പോളിങ് കുറഞ്ഞത്. മണ്ഡലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ 7000 ത്തില്‍ കുറയാത്ത ഭൂരിപക്ഷത്തില്‍ വിജയിക്കും. ഭൂരിപക്ഷം 10,000 കടക്കാമെന്ന് വോട്ടിങ് കണക്കുകള്‍ നിരത്തി പ്രധാന നേതാക്കള്‍ വിലയിരുത്തല്‍ യോഗത്തില്‍ പറഞ്ഞു.

രാഷ്ട്രീയ പ്രാധാന്യം മനസിലാക്കി ന്യൂനപക്ഷങ്ങള്‍ ഒന്നടങ്കം മുന്നണിക്കൊപ്പം നിന്നു. പിരായിരിയില്‍ ലീഗ് പോക്കറ്റുകളില്‍ മുഴുവന്‍ വോട്ടുകളും കിട്ടി. പഞ്ചായത്തുകളില്‍  കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ വോട്ട് യു.ഡി.എഫിന് ഉറപ്പായിട്ടുണ്ട്. മിക്ക ബൂത്തുകളിലും 60 ശതമാനത്തിലധികം പോളിങ് നടന്നു. മാത്തൂരില്‍ 4000 വോട്ട് രാഹുലിനു കൂടുതല്‍ കിട്ടുമെന്ന് ബൂത്തുകളിലെ വോട്ടിങ് രീതി വിശദീകരിച്ചു നേതാക്കള്‍ വ്യക്തമാക്കി. പഞ്ചായത്തിലെ ദലിത് പ്രദേശങ്ങളില്‍ ഉള്‍പ്പെടെ അസാധാരണപ്രവര്‍ത്തനം നടത്തിയതു ഫലം ചെയ്തു.

സി.പി.എം കേന്ദ്രമായി അറിയപ്പെടുന്ന കണ്ണാടി പഞ്ചായത്തില്‍ 1000 വോട്ടിലധികം കിട്ടാനുള്ള സാധ്യത കണക്കിലുണ്ട്. പഞ്ചായത്തുകളില്‍ സി.പി.എം, ബി.ജെ.പി പാര്‍ട്ടികളിലെ അസംതൃപ്തരായ നിരവധിപ്പേര്‍ യു.ഡി.എഫിനു വോട്ടുചെയ്തു. അതതു പാര്‍ട്ടികള്‍ ഈ വോട്ടര്‍മാര്‍ക്കൊപ്പം അവസാനം വരെ നിന്നെങ്കിലും അവരുടെ വോട്ടുകള്‍ പക്ഷേ, രാഹുലിനാണു കിട്ടിയത്.

പഞ്ചായത്തുകളില്‍ സിപിഎമ്മിലുള്ള വിഭാഗീയതയും കോണ്‍ഗ്രസിനു ഗുണംചെയ്തു. പാലക്കാട് നഗരസഭയില്‍ 67.65 %  ആണ് പോളിങ്. അത് 70% കടന്നുവെന്ന് ബി.ജെ.പി പ്രചരിപ്പിച്ചത് പാര്‍ട്ടി വോട്ടുകള്‍ നഷ്ടപ്പെട്ടതു മറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. നഗരസഭയില്‍ മൊത്തം 77,318 വോട്ടുകളാണു ചെയ്തത്. ഇ.ശ്രീധരനു കിട്ടിയതിനെക്കാളും ഏതാണ്ട് രണ്ടായിരം വോട്ടു കുറവാണിത്. ഗ്രാമങ്ങളിലും രാഹുല്‍ നല്ലൊരു ശതമാനം വോട്ട് ഉറപ്പാക്കി. ബിജെപി സ്വാധീനകേന്ദ്രങ്ങളിലെ ബൂത്തുകളിലാണ് വോട്ടിങ് ശതമാനം കുറവ്. പഞ്ചായത്തുകളിലും എന്‍ഡിഎ, എല്‍ഡിഎഫ് സ്വാധീന ബൂത്തുകളിലുമാണ് പോളിങ് കമ്മിയായതെന്നാണ് മുതിര്‍ന്ന നേതാക്കളടക്കം പങ്കെടുത്ത യോഗത്തിന്റെ വിലയിരുത്തല്‍.

കുറഞ്ഞ ഭൂരിപക്ഷത്തിലായാലും വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് എന്‍.ഡി.എ. അഗ്രഹാരഗ്രാമങ്ങളില്‍ ഉള്‍പ്പെടെ നഗരസഭയില്‍ ഭൂരിപക്ഷം വോട്ടുകളും പഞ്ചായത്തുകളില്‍ ഒരു വിഭാഗം കോണ്‍ഗ്രസ്, സി.പി.എം വോട്ടുകളും എന്‍.ഡി.എയ്ക്കു ലഭിച്ചെന്ന വിലയിരുത്തലിലാണു ബി.ജെ.പി ക്യാംപ്. ആര്‍എസ്എസിന്റെ സഹായത്തോടെ താഴേത്തട്ടില്‍ നടത്തിയ മികച്ചപ്രവര്‍ത്തനവും അനുകൂല രാഷ്ട്രീയ അന്തരീക്ഷവും എന്‍.ഡി.എയ്ക്ക് വന്‍നേട്ടമുണ്ടാക്കി.

ബിജെപി രാഷ്ട്രീയമായി അരലക്ഷം വോട്ടുകള്‍ പിടിക്കും. കൂടാതെയാണ് ഇതരവോട്ടുകള്‍. ക്രിസ്ത്യന്‍ സമുദായത്തിന്റെ വോട്ടുകളില്‍ കുറെയെണ്ണം മുന്നണിയ്ക്കാണു വന്നത്. പ്രചാരണത്തിന്റെ അവസാനഘട്ടത്തിലുണ്ടായ സന്ദീപ് വാരിയര്‍ വിഷയം സംഘടനയില്‍ ഐക്യം ശക്തമാക്കി. പരസ്യവിവാദവും ഗുണം ചെയ്തു.

നഗരത്തിലെ പാര്‍ട്ടി സ്വാധീന സ്ഥലങ്ങളില്‍ വോട്ടുകള്‍ ഉറപ്പിക്കാനായെന്ന് നേതാക്കള്‍ വിലയിരുത്തലില്‍ അഭിപ്രായപ്പെട്ടു. ശക്തികേന്ദ്രമായി കോണ്‍ഗ്രസ് കരുതുന്ന പിരായിരി പഞ്ചായത്തില്‍ യു.ഡി.എഫിന് ഇത്തവണ ഏതാണ്ട് മൂവായിരത്തോളം വോട്ടുകള്‍ കുറയും. അവ എവിടേക്കു പോകുമെന്നു പറയാന്‍ കഴിയില്ല. ബി.ജെ.പിക്ക് പഞ്ചായത്തില്‍നിന്നു ശരാശരി 7000 വോട്ടുകള്‍ ലഭിക്കും. മുസ്ലിം വോട്ടുകളില്‍ കൂടുതല്‍ കോണ്‍ഗ്രസിനും ബാക്കി സി.പി.എമ്മിനും കിട്ടിയിട്ടുണ്ട്.

മാത്തൂരില്‍ നാലായിരവും കണ്ണാടിയില്‍നിന്ന് ഏതാണ്ട് 5000 വോട്ടുകളും എന്‍ഡിഎയ്ക്കു കിട്ടിയിട്ടുണ്ടാകുമെന്നും വിലയിരുത്തി. ഒരു വിഭാഗം കോണ്‍ഗ്രസ്, സിപിഎം പ്രവര്‍ത്തകരും കൃഷ്ണകുമാറിനൊപ്പം നിന്നു. ഉപതിരഞ്ഞെടുപ്പു പ്രവര്‍ത്തനം തദ്ദേശ, നിയമസഭാതിരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ ഭാഗം കൂടിയാണെന്നു നേതാക്കള്‍ വിശദീകരിച്ചു. മുതിര്‍ന്ന ആര്‍എസ്എസ്, ബിജെപി പ്രധാന നേതാക്കളും വിസ്താരകരും പങ്കെടുത്ത യോഗത്തിലായിരുന്നു വിലയിരുത്തല്‍.

എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ഡോ.പി.സരിനു മണ്ഡലത്തില്‍ വന്‍ മുന്നേറ്റമുണ്ടാകുംവിധം വോട്ടുകള്‍ ലഭിച്ചതായി സി.പി.എം കണക്കുകൂട്ടുന്നു. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി ഇ.ശ്രീധരന് അധികം കിട്ടിയ 10,000 വോട്ട് ആര്‍ക്ക് അധികം പോകുന്നു എന്നതു തിരഞ്ഞെടുപ്പു ഫലത്തില്‍ നിര്‍ണായകമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. അതേക്കുറിച്ചു വ്യക്തമായ നിരീക്ഷണം സാധ്യമായിട്ടില്ലെന്നും നേതാക്കള്‍ പറഞ്ഞു.

പുതിയ 7000 വോട്ടുകളില്‍ നല്ലൊരു ശതമാനം എല്‍.ഡി.എഫിനു കിട്ടിയെന്നാണു പ്രതീക്ഷ. സ്ഥാനാര്‍ഥിയുടെ ഉന്നത വിദ്യാഭ്യാസവും മുന്‍ തൊഴില്‍ പശ്ചാത്തലവും ബി.ജെ.പി, കോണ്‍ഗ്രസ് അനുഭാവികളായ ഇടത്തരം കുടുംബങ്ങളിലെ വോട്ടുകളെ ആകര്‍ഷിച്ചിട്ടുണ്ടാകുമെന്ന് പാര്‍ട്ടി പ്രതീക്ഷിക്കുന്നു.

പിരായിരിയില്‍ കോണ്‍ഗ്രസിനു വോട്ടു വര്‍ധിക്കില്ല. അവിടെ എല്‍.ഡി.എഫ് സൃഷ്ടിച്ച രാഷ്ട്രീയ ചലനം സ്ത്രീകളുടെയും കന്നിവോട്ടര്‍മാരുടെയും വോട്ട് സരിനു ലഭിക്കാന്‍ സഹായിച്ചു തിരഞ്ഞെടുപ്പ് ദിനം രണ്ടുമണിക്കുള്ളില്‍ മുന്നണിയുടെ രാഷ്ട്രീയ വോട്ടുകള്‍ മുഴുവന്‍ ചെയ്യിച്ചു. അനുഭാവികളുടെ വോട്ടുകളാണു പിന്നീട് കിട്ടിയത്. മാത്തൂര്‍ പഞ്ചായത്തില്‍ 1800, കണ്ണാടിയില്‍ 2500 ഉം എല്‍.ഡി.എഫിന് ലീഡ് കിട്ടും. പാലക്കാട് നഗരസഭയില്‍ ഇതര മുന്നണിക്ക് ഒപ്പം എന്ന പാര്‍ട്ടി ലക്ഷ്യം വിജയിച്ചു. തിരഞ്ഞെടുപ്പുരാഷ്ട്രീയത്തിന്റെ കേന്ദ്രമാകാന്‍ എല്‍ഡിഎഫിനു കഴിഞ്ഞത് വോട്ടില്‍ പ്രതിഫലിച്ചുവെന്ന വിലയിരുത്തലുമുണ്ട്.

നഗരസഭയിലും മൂന്നു പഞ്ചായത്തുകളിലും പാര്‍ട്ടി വോട്ടുകള്‍ പൂര്‍ണമായി പോള്‍ ചെയ്യിക്കാനായി. സ്ഥാനാര്‍ഥിക്ക് അനുഭാവികളുടെ ഉള്‍പ്പെടെ 42,000 വോട്ടുകള്‍ വരെ കിട്ടുമെന്നാണു വിലയിരുത്തല്‍. അത് 45,000 ആകാനുള്ള സാധ്യതയും ചര്‍ച്ചയായി. മണ്ഡലത്തില്‍ മുസ്ലിം ഏകീകരണം ഉണ്ടായെങ്കിലും സന്ദീപ് വാരിയര്‍ കോണ്‍ഗസിലെത്തിയത് മുസ്ലിം വോട്ടുകളില്‍ കുറച്ച് യു.ഡി.എഫിനു നഷ്ടപ്പെടുത്തി.

മണ്ഡലത്തില്‍ മൊത്തം പോളിങ് 2021ലേതിനെക്കാള്‍ അഞ്ചും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെക്കാള്‍ മൂന്നും ശതമാനം കുറഞ്ഞു. പാര്‍ട്ടിക്കാരും എല്‍.ഡി.ഫ് അനുഭാവികളുമായ മുസ്ലിങ്ങളുടെ വോട്ട് ഉറപ്പാക്കി. ദൃശ്യ, പത്രമാധ്യമങ്ങളും മുന്നണികളും തിരഞ്ഞെടുപ്പ് ആഘോഷമാക്കിയെങ്കിലും വോട്ടര്‍മാര്‍ക്കിടയില്‍ അതു പ്രതിഫലിച്ചില്ലെന്നാണു നേതാക്കളുടെ നിഗമനം. ഉപതിരഞ്ഞെടുപ്പു ഫലം രാഷ്ട്രീയ മാറ്റം ഉണ്ടാക്കില്ല എന്നതുകൊണ്ടാകാം എന്നതാണ് അതിനുകാരണം.

അക്ഷരാര്‍ഥത്തില്‍, പാലക്കാട് സാക്ഷിയായത് നാടിളക്കിമറിച്ച മത്സരത്തിനാണ്. തുടക്കം മുതല്‍ വോട്ടെടുപ്പുദിവസം വരെ വിവാദങ്ങളില്‍ മുങ്ങിയ ഒരു തിരഞ്ഞെടുപ്പ് ഇതാദ്യമായിരിക്കും. ദിവസങ്ങളോളം പാലക്കാട് തിരഞ്ഞെടുപ്പു കേന്ദ്രീകരിച്ചായിരുന്നു സംസ്ഥാന രാഷ്ട്രീയവും മുന്നോട്ടു പോയത്.




Share:

Search

Popular News
Top Trending

Leave a Comment