by webdesk1 on | 23-11-2024 12:52:07 Last Updated by webdesk1
പാലക്കാട്: ഇഞ്ചോടിഞ്ച് പോരാട്ടമാകുമെന്ന് പ്രവചിച്ച പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ റെക്കോഡ് ഭൂരിപക്ഷത്തോടെ വിജയിച്ച് യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. 18715 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രാഹുലിന്റെ ജയം. 2016ല്‍ ഷാഫി നേടിയ 17,483 ഭൂരിപക്ഷമാണ് രാഹുല്‍ മറികടന്നത്.
ഇടത് കോട്ടയായ ചേലക്കരയില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ചതിനാല്‍ ഭൂരിപക്ഷത്തില്‍ വലിയ ഇടിവ് ഉണ്ടായെങ്കിലും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി യു.ആര്‍. പ്രദീപ് വിജയിച്ചുകയറിയത് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മിനും രാഷ്ട്രീയമായി ആശ്വാസം നല്‍കുന്നതാണ്. അതേസമയം വയനാട്ടില്‍ പ്രിയങ്കാ ഗാന്ധിയുടെ ഭൂരിപക്ഷം രണ്ടാം ടേമില്‍ രാഹൂല്‍ ഗാന്ധി നേടിയതിനേക്കാള്‍ മുകളിലുമെത്തി.
പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ ആദ്യ രണ്ട് റൗണ്ടില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറായിരുന്നു മുന്നിട്ടുനിന്നത്. എന്നാല്‍, തുടര്‍ന്നുള്ള റൗണ്ടുകളില്‍ രാഹുല്‍ മുന്നേറ്റമുണ്ടാക്കി. വീണ്ടും നേരിയ വോട്ടുകള്‍ക്ക് കൃഷ്ണകുമാര്‍ മുന്നിലെത്തി. എന്നാല്‍, ഏഴാം റൗണ്ട് മുതല്‍ രാഹുല്‍ ലീഡ് തിരിച്ചുപിടിക്കുകയായിരുന്നു.
പാലക്കാട് ബി.ജെ.പി സ്വാധീന നഗരമേഖലയിലെ വോട്ടെണ്ണുമ്പോള്‍ ബി.ജെ.പി മുന്നിലായിരുന്നു. എന്നാല്‍ കഴിഞ്ഞ തവണത്തേക്കാള്‍ നഗരസഭയില്‍ ഇത്തവണ ബി.ജെ.പിക്ക് വോട്ടുകള്‍ കുറഞ്ഞിട്ടുണ്ട്. പിരായിരി പഞ്ചായത്തില്‍ വോട്ടെണ്ണിയപ്പോളാണ് രാഹുലിന്റെ ലീഡ് കുത്തനെ ഉയര്‍ന്നത്. ഇവിടെ മാത്രം 6775 വോട്ട് നേടിയ രാഹുല്‍ കൃഷ്ണകുമാറിനെക്കാള്‍ 4124 വോട്ടുകളുടെ മുന്‍തൂക്കവും പിരായിരിയില്‍ നേടി.
അതേസമയം, ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി ഡോ. പി. സരിന് ഒരു ഘട്ടത്തില്‍ പോലും രാഹുല്‍ മാങ്കൂട്ടത്തിലിന് വെല്ലുവിളിയുയര്‍ത്താന്‍ സാധിച്ചില്ല. എന്നാല്‍ മുന്‍ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇടത് സ്ഥാനാര്‍ഥി 1045 വോട്ട് കൂടുതല്‍ നേടിയത് രാഷ്ട്രീയ നേട്ടമായി എല്‍.ഡി.എഫ് ഉയര്‍ത്തിക്കാട്ടുന്നുണ്ട്. മാത്രമല്ല രണ്ടാം സ്ഥാനത്തുള്ള ബി.ജെ.പിയേക്കാള്‍ വോട്ട് വ്യത്യാസം എല്‍.ഡി.എഫിന് ഇത്തവണ കുറയ്ക്കാനായെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു.
കഴിഞ്ഞ തവണത്തെ കെ.രാധാകൃഷ്ണന്റെ ഭൂരിപക്ഷത്തിന് അടുത്തെത്താനായില്ലെങ്കിലും ചേലക്കരയിലെ ജയം ഇടതിന് പിടിച്ചുനില്‍ക്കാനുള്ള കച്ചിത്തുരുമ്പായി. സംസ്ഥാനത്ത് ഭരണവിരുദ്ധവികാരമില്ലെന്ന് വാദിക്കാന്‍ ചേലക്കര ജയം ഇടതിന് സഹായകമാകും. 64,259 വോട്ടാണ് പ്രദീപിന് ലഭിച്ചത്. അതേസമയം, ലോക്‌സഭയിലെ തോല്‍വിയുടെ ക്ഷീണം നിയമസഭയില്‍ മാറ്റാമെന്നുള്ള യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് തിരിച്ചടിയുമായി ഈ തിരഞ്ഞെടുപ്പ്.
2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ മത്സരിച്ച് ജയിച്ചപ്പോള്‍ മണ്ഡലത്തിലുള്‍പ്പെടുന്ന ചേലക്കരയിലെ ഇടത് കോട്ടകളെയും രമ്യ ഹരിദാസ് ഞെട്ടിച്ചിരുന്നു. എന്നാല്‍, ഇത്തവണ ആ പ്രതീക്ഷകള്‍ അസ്ഥാനത്തായി. സ്ഥാനാര്‍ഥിനിര്‍ണയം മുതല്‍ കോണ്‍ഗ്രസിനകത്തുണ്ടായ അസ്വാരസ്യങ്ങള്‍ വോട്ടിങ്ങിലും പ്രതിഫലിച്ചു. തെരഞ്ഞെടുപ്പില്‍ ശക്തിതെളിയിക്കാനുള്ള പി.വി. അന്‍വര്‍ എം.എല്‍.എയുടെ നീക്കത്തിനും തിരിച്ചടിയായി. എന്‍.ഡി.എ സ്ഥാനാര്‍ഥി കെ. ബാലകൃഷ്ണന്‍ 33,354 വോട്ട് നേടാനായി.
തിരുവില്വാമല, പഴയന്നൂര്‍, ദേശമംഗലം,കൊണ്ടാഴി, ചേലക്കര, പാഞ്ഞാള്‍, വള്ളത്തോള്‍നഗര്‍, മുള്ളൂര്‍ക്കര, വരവൂര്‍ എന്നിങ്ങനെ ഒമ്പത് പഞ്ചായത്തുകളടങ്ങിയതാണ് ചേലക്കര നിയമസഭാ മണ്ഡലം. 1996 മുതല്‍ തുടര്‍ച്ചയായ ഏഴ് തെരഞ്ഞെടുപ്പുകളില്‍ ചേലക്കരയില്‍ ഇടതുപക്ഷം പരാജയമറിഞ്ഞിട്ടില്ല. 1996 മുതല്‍ 2016 വരെയും കെ.രാധാകൃഷ്ണനായിരുന്നു ചേലക്കരയുടെ നായകന്‍. നിലവിലെ പിണറായി സര്‍ക്കാറില്‍ മന്ത്രിയായിരുന്ന രാധാകൃഷ്ണന്‍ ആലത്തൂരില്‍ നിന്ന് എം.പിയായതിനെ തുടര്‍ന്ന് രാജിവെച്ച ഒഴിവിലാണ് ചേലക്കരയില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.