by webdesk1 on | 23-11-2024 01:16:26 Last Updated by webdesk1
പാലക്കാട്: പാലക്കാട്ടെ യു.ഡി.എഫിന്റെ മിന്നും ജയത്തിനും ബി.ജെ.പിയുടെ ദയനീയ പരാജയത്തിനും പിന്നാലെ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരെ ശക്തമായ വിമര്‍ശനവുമായി ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലേക്ക് വന്ന സന്ദീപ് വാര്യര്‍. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ പുറത്താക്കാതെ പാര്‍ട്ടി രക്ഷപ്പെടില്ലെന്ന് തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം സന്ദീപ് വാര്യര്‍ തുറന്നടിച്ചു.
ഏത് തിരഞ്ഞെടുപ്പു വന്നാലും കൃഷ്ണകുമാറിനെ സ്ഥാനാര്‍ഥിയാക്കുന്നതാണ് പാലക്കാട് ബി.ജെ.പിക്ക് തിരിച്ചടിയായത്. അടുത്ത തിരഞ്ഞെടുപ്പില്‍ പാലക്കാട് മുനിസിപ്പാലിറ്റി കോണ്‍ഗ്രസ് ഭരിക്കുമെന്നും സന്ദീപ് വാരിയര്‍ പറഞ്ഞു. ബിജെപിയിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പാണ് സന്ദീപ് വാരിയര്‍ ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലെത്തിയത്.
സന്ദീപിന്റെ വാചകങ്ങള്‍:- സന്ദീപ് വാരിയര്‍ ഒന്നുമല്ലെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. പാലക്കാട്ടെ ജനങ്ങളില്‍ വിശ്വാസമുണ്ട്. അവരുടെ സ്‌നേഹത്തിന് നന്ദിയുണ്ട്. പാലക്കാട് മുനിസിപ്പാലിറ്റിയില്‍ ബിജെപിയുടെ അടിവേര് യു.ഡി.എഫ് മാന്തി. പരാജയത്തിന്റെ ഉത്തരവാദിത്തം കെ.സുരേന്ദ്രനാണ്. സുരേന്ദ്രന്‍ രാജിവയ്ക്കാതെ ബി.ജെ.പി കേരളത്തില്‍ രക്ഷപ്പെടില്ല.
സി.കൃഷ്ണകുമാര്‍ സ്ഥാനാര്‍ഥി ആയതുകൊണ്ടാണ് തിരിച്ചടിയുണ്ടായത്. ഏത് തിരഞ്ഞെടുപ്പു നടന്നാലും കൃഷ്ണകുമാറാണ് സ്ഥാനാര്‍ഥി. മാരാര്‍ജി ഭവനില്‍നിന്ന് സുരേന്ദ്രനെയും സംഘത്തെയും അടിച്ചു പുറത്താക്കി ചാണകവെള്ളം തളിക്കാതെ ബിജെപി രക്ഷപ്പെടില്ല. അടുത്ത തിരഞ്ഞെടുപ്പില്‍ പാലക്കാട് നഗരസഭയില്‍ കോണ്‍ഗ്രസ് വിജയിക്കും. സന്ദീപ് വാരിയര്‍ പറഞ്ഞു.