News Kerala

പാലക്കാട് ജയത്തിന് പിന്നാലെ സരിനെ ട്രോളി ചാമക്കാലയുടെ ഫേസ്ബുക്ക് പോസ്റ്റ്; താന്‍ എല്‍.ഡി.എഫില്‍ തന്നെ തുടരുമെന്ന് സൂചിപ്പിച്ച് സരിനും

Axenews | പാലക്കാട് ജയത്തിന് പിന്നാലെ സരിനെ ട്രോളി ചാമക്കാലയുടെ ഫേസ്ബുക്ക് പോസ്റ്റ്; താന്‍ എല്‍.ഡി.എഫില്‍ തന്നെ തുടരുമെന്ന് സൂചിപ്പിച്ച് സരിനും

by webdesk1 on | 23-11-2024 01:30:40

Share: Share on WhatsApp Visits: 20


പാലക്കാട് ജയത്തിന് പിന്നാലെ സരിനെ ട്രോളി ചാമക്കാലയുടെ ഫേസ്ബുക്ക് പോസ്റ്റ്; താന്‍ എല്‍.ഡി.എഫില്‍ തന്നെ തുടരുമെന്ന് സൂചിപ്പിച്ച് സരിനും


പാലക്കാട്: യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കുട്ടത്തിലെ റെക്കോര്‍ഡ് വിജയത്തിന് പിന്നാലെ കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മിലേക്ക് പോയി ഇടത് സ്ഥാനാര്‍ഥിയായ മത്സരിച്ച സരിനെ ട്രോളി കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയുടെ വക ഫേസ്ബുക്ക് പോസ്റ്റ്. ``പാലക്കാട് വിജയിച്ച ശേഷം നേരെ യു.ഡി.എഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ എത്തുമെന്നറിയിച്ച പി.സരിനെയും കാത്ത്.`` എന്നായിരുന്നു സരിനെ പരിഹസിച്ചുകൊണ്ട് ചാമക്കാല സമൂഹമാധ്യമത്തില്‍ കുറിച്ചത്.

ഫലം പുറത്തുവന്നപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ഥിക്കും താഴെ മൂന്നാമതായിരുന്നു സരിന്റെ സ്ഥാനം. 12000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ താന്‍ ജയിക്കുമെന്നും മാധ്യമങ്ങള്‍ക്ക് ഒരുഘട്ടത്തിലും രാഹുല്‍ മുന്നില്‍ എന്ന് വാര്‍ത്ത കൊടുക്കേണ്ടി വരില്ലെന്നുമായിരുന്നു വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് തലേന്ന് സരിന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചത്. എന്നാല്‍ അതെല്ലാം അസ്ഥാനത്താകുന്നതായിരുന്നു തിരഞ്ഞെടുപ്പ് ഫലം.

തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പാണ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ കണ്‍വീനറായിരുന്ന സരിന്‍ പാര്‍ട്ടി വിട്ടത്. രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ പരസ്യമായി പ്രതികരിച്ചതിനുശേഷമായിരുന്നു രാജി. പാലക്കാട് സ്ഥാനാര്‍ഥിത്വം ലഭിക്കുമെന്ന് സരിന്‍ പ്രതീക്ഷിച്ചിരുന്നു.

കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ ട്രോളി ബാഗില്‍ പണം കൊണ്ടുവന്നെന്ന സി.പി.എം-ബി.ജെ.പി ആരോപണം വിവാദമായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുര്‍ധന്യഘട്ടത്തിലായിരുന്നു വിവാദം. തിരഞ്ഞെടുപ്പില്‍ ഈ വിവാദങ്ങളെ അപ്രസക്തമാക്കി രാഹുലിന് മികച്ച ഭൂരിപക്ഷം ലഭിച്ചതോടെ ട്രോളി ബാഗുകളും ട്രോളിന്റെ ഭാഗമായി. ഔദ്യോഗിക ഫല പ്രഖ്യാപനം ഉണ്ടാകുന്നതിനു മുന്‍പുതന്നെ ട്രോളി ബാഗുകളുമായി യുഡിഎഫ് പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി.

അതേസമയം താന്‍ സി.പി.എമ്മില്‍ തുടരുമെന്ന് തന്നെ സൂചിപ്പിച്ച് സരിനും പോസ്റ്റിട്ടു. ജനാധിപത്യ, മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും പാലക്കാടിന്റെ വികസന സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനും ഇടതുപക്ഷത്തിന് വോട്ട് ചെയ്ത ഓരോ വോട്ടറോടുമുള്ള അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുകയാണെന്ന് പറഞ്ഞാണ് സരിന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ഒരു മാസം കൊണ്ട് എന്നെ അറിയാനും നെഞ്ചോട് ചേര്‍ത്ത് പിടിക്കാനും സ്‌നേഹിക്കാനും മത്സരിച്ച ഓരോ സഖാവിനോടും ഹൃദയം കൊണ്ട് നന്ദി പറയുകയാണ്. കേരളം ഭരിക്കുന്നത് ഇടത് മുന്നണിയാണ്. പാലക്കാടിന്റെ വികസനം സര്‍ക്കാരിന്റെ മുഖ്യ അജണ്ടയായി തന്നെ തുടരും. അതിനായി പ്രവര്‍ത്തിക്കാന്‍ ജനങ്ങളുടെ ഇടയില്‍ തന്നെ ഞാനുണ്ടാകുമെന്നും സരിന്‍ വ്യക്തമാക്കി.


Share:

Search

Popular News
Top Trending

Leave a Comment