by webdesk1 on | 11-12-2024 09:40:28
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലെ ഫലം എല്‍.ഡി.എഫിന്റെ ചങ്കിടിപ്പ് വര്‍ധിപ്പിച്ചിരിക്കുകയാണ്. മസങ്ങള്‍ക്ക് ശേഷം നടക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ജനവിധി മനസിലാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉറ്റുനോക്കിയിരുന്ന ഈ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേട്ടം കൊയ്തപ്പോള്‍ എല്‍.ഡി.എഫിന് കനത്ത തിരിച്ചടിയാണുണ്ടായത്.
സംസ്ഥാനത്തെ 31 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫില്‍ നിന്ന് ഒന്‍പത് വാര്‍ഡുകള്‍ യു.ഡി.എഫ് പിടിച്ചെടുത്തു. 31 ല്‍ പതിനേഴ് വാര്‍ഡുകളിലും യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ ജയിച്ചു. 11 വാര്‍ഡുകളില്‍ എല്‍.ഡി.എഫും മൂന്നിടത്ത് ബി.ജെ.പി.യും ജയിച്ചു. മൂന്ന് പഞ്ചായത്തുകളില്‍ ഇടത് മുന്നണിക്ക് ഭരണം നഷ്ടമായി. തൃശൂരിലെ നാട്ടിക, പാലക്കാട്ടെ തച്ചമ്പാറ, ഇടുക്കിയിലെ കരിമണ്ണൂര്‍ എന്നീ പഞ്ചായത്തുകളിലാണ് ഇടത് മുന്നണി അധികാരത്തില്‍ നിന്നും പുറത്തായത്.
നാട്ടികയില്‍ എല്‍.ഡി.എഫ് സിറ്റിംഗ് സീറ്റിലാണ് യു.ഡി.എഫ് അട്ടിമറി വിജയം നേടിയത്. വിജയത്തോടെ പഞ്ചായത്ത് ഭരണം യു.ഡി.എഫ് പിടിച്ചെടുത്തു. പാലക്കാട് തച്ചമ്പാറ പഞ്ചായത്തിലെ നാലാം വാര്‍ഡ് ഇടത് മുന്നണിക്ക് നഷ്ടമായി. മുസ്ലിം ലീഗിലെ അലി തേക്കത്താണ് ഇവിടെ ജയിച്ചത്. ഇതോടെ പഞ്ചായത്ത് ഭരണം എല്‍.ഡി.എഫിന് നഷ്ടമായി.
പത്തനംതിട്ട നിരണം പഞ്ചായത്ത് കിഴക്കുംമുറി വാര്‍ഡ് യു.ഡി.എഫ് പിടിച്ചെടുത്തു. കൊല്ലം പടിഞ്ഞാറേക്കല്ലട അഞ്ചാം വാര്‍ഡ് യു.ഡി.എഫില്‍ നിന്ന് എല്‍.ഡി.എഫ് പിടിച്ചെടുത്തു. തിരുവനന്തപുരം വെള്ളറട പഞ്ചായത്തിലെ കരിക്കാന്‍കോട് വാര്‍ഡും ബി.ജെ.പിയും പത്തനംതിട്ട അരുവാപ്പുലം പഞ്ചായത്തിലെ പുളിഞ്ചാണി വാര്‍ഡ് എല്‍.ഡി.എഫും നിലനിര്‍ത്തി.
കോഴിക്കോട് കാരശേരി പഞ്ചായത്തിലെ ആനയാംകുന്ന് വെസ്റ്റ് വാര്‍ഡ് യു.ഡി.എഫ് നിലനിര്‍ത്തി. ആലപ്പുഴ പത്തിയൂര്‍ പഞ്ചായത്ത് 12ാം വാര്‍ഡ് സി.പി.എമ്മില്‍ നിന്നും യു.ഡി.എഫ് പിടിച്ചെടുത്തു. പത്തനംതിട്ട എഴുമറ്റൂര്‍ പഞ്ചായത്തിലെ ഇരുമ്പുകുഴി വാര്‍ഡില്‍ ബി.ജെ.പി വിജയിച്ചു. സിറ്റിങ് സീറ്റില്‍ യു.ഡി.എഫിനെയാണ് പരാജയപ്പെടുത്തിയത്.
കോട്ടയം അതിരമ്പുഴ പഞ്ചായത്ത് മൂന്നാം വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സീറ്റ് പിടിച്ചെടുത്തു. മഞ്ചേരി നഗരസഭ കരുവമ്പ്രം ഡിവിഷന്‍ സി.പി.എമ്മില്‍ നിന്നും യു.ഡി.എഫ് പിടിച്ചെടുത്തു. 42 വര്‍ഷമായി സി.പി.എം തുടര്‍ച്ചയായി വിജയിച്ചിരുന്ന ഡിവിഷനാണിത്. മലപ്പുറം ജില്ലയിലെ ആലങ്കോട് പഞ്ചായത്തിലെ 18ാം വാര്‍ഡ് കോണ്‍ഗ്രസില്‍ നിന്നും ഇടത് മുന്നണി പിടിച്ചെടുത്തു.
തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം എല്‍.ഡി.എഫ് ഭരണത്തെ ജനം വെറുത്തതിന്റെ തെളിവാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രിയേയും എല്‍.ഡി.എഫിനേയും ജനം വെറുത്തു. വയനാട് ലോക്‌സഭാ മണ്ഡലത്തിലേയും പാലക്കാട് നിയമസഭാ മണ്ഡലത്തിലെയും ഉജ്വല വിജയത്തിനും ചേലക്കരയിലെ മികച്ച പ്രകടനത്തിനും ശേഷം യു.ഡി.എഫിന്റെ കരുത്തും ജനപിന്തുണയും കൂട്ടുന്ന ഫലമാണ് തദ്ദേശ വാര്‍ഡുകളിലേതെന്നും സുധാകരന്‍ പറഞ്ഞു.